തിരുവനന്തപുരം: കൊട്ടിഘോഷിച്ച് സംസ്ഥാന സർക്കാർ തുടങ്ങിയ ഓൺലൈൻ ടാക്‌സി സർവീസ് കേരള സവാരി എങ്ങുമെത്താതെ കിടക്കുന്നു. കഴിഞ്ഞ 17നാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഉദ്ഘാടനം കഴിഞ്ഞ് 15 ദിവസം ആയിട്ടും സംഗതി ഒന്നുമായില്ല. സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ടാക്‌സി സർവീസാകും കേരള സവാരി എന്നായിരുന്നു പ്രഖ്യാപനം. എന്നാൽ ഉദ്ഘാടനം കഴിഞ്ഞ് ഇത്രയും ദിവസമായിട്ടും കേരള സവാരി ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായിട്ടില്ല. 18 ന് ഉച്ചയോടെ ഗൂഗിൾ പ്ലേ സ്റ്റോറിൽ കേരള സവാരി ആപ് ലഭ്യമാകുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. അധികം താമസിയാതെ തന്നെ ആപ് സ്റ്റോറിലും കേരള സവാരി ലഭ്യമാക്കുമെന്നും വ്യക്തമാക്കി. എന്നാൽ ഇന്നേ ദിവസം വരെ ആപ് എത്തിയിട്ടില്ല.

ഗൂഗിൾ വെരിഫിക്കേഷനിൽ നേരിടുന്ന കാലതാമസമാണ് ഇതിന് കാരണമെന്നാണ് വിശദീകരണം. നിലവിൽ ഗൂഗിളുമായി ഇമെയിൽ വഴി മാത്രമാണ് ബന്ധപ്പെട്ടാൻ സാധിക്കുന്നത്. അതിനാൽ ആപ് എപ്പോൾ ലഭിക്കുമെന്ന് അധികൃതർക്ക് പോലും അറിയാത്ത അവസ്ഥയാണ് ഇപ്പോൾ. സുരക്ഷിതവും ചെലവു കുറഞ്ഞതുമായ യാത്ര ഉറപ്പു വരുത്താനാണ് കേരള സവാരി ആരംഭിക്കുന്നത് എന്നായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തിന്റെ സ്വന്തം ഓൺലൈൻ ടാക്‌സി സർവീസ് ആയിരിക്കും കേരള സവാരി എന്നും സർക്കാർ വിശദീകരിച്ചു.

തുടക്കത്തിൽ തിരുവനന്തപുരം നഗരത്തിലാണ് പദ്ധതി ആരംഭിക്കുന്നത് എന്നും അറിയിച്ചു.302 ഓട്ടോയും 226 ടാക്‌സിയും പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. ഇതിൽ 22 പേർ വനിതകളാണ്. സർക്കാർ നിശ്ചയിച്ച ഓട്ടോ ടാക്‌സി നിരക്കിനു പുറമേ എട്ടു ശതമാനമാണ് സർവീസ് ചാർജ് . മറ്റ് ടാക്‌സി സർവീസുകളേക്കാൾ കുറവാണിത്. ഫ്‌ളക്‌സി നിരക്കില്ല. അതിനാൽ തിരക്കുള്ള സമയത്ത് കൂടുതൽ തുക നൽകേണ്ട . യാത്രക്കാർക്ക് ഡ്രൈവറേയും തിരിച്ചും വിലയിരുത്താം.

തൊഴിൽ വകുപ്പിന് കീഴിൽ മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡാണ് കേരള സവാരി നടപാക്കുന്നത്. സാങ്കേതിക സഹായം പാലക്കാട്ടെ ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസാണ്. മൂന്ന് മാസമാണ് പൈലറ്റ് പദ്ധതി. ഇത് വിജയമെന്ന് കണ്ടാൽ മറ്റിടങ്ങളിലേക്കും വ്യാപിപിക്കും. രണ്ടാം ഘട്ടത്തിൽ കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ കോർപറേഷൻ പരിധിയിലും സർവീസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.

കനകക്കുന്നിൽ കഴിഞ്ഞ മാസം പതിനേഴിനാണ് കേരള സവാരി ഉദ്ഘാടനം നടന്നത്. ഉദ്ഘാടന ശേഷം ആപ്പ് പ്ലേ സ്റ്റോറിലും ഒരാഴ്ചയ്ക്കകം ആപ് സ്റ്റോറിലും വരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം. ഒന്നും നടന്നില്ല. കേരള സവാരി ഇപ്പോഴും കടലാസിൽ തന്നെ.