- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഈവർഷം ഓഗസ്റ്റ് ഒന്നുവരെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റത് 1,83,931 പേർക്ക്; കഴിഞ്ഞ ഒമ്പത് മാസത്തിനിടെ മാത്രം പേവിഷ ബാധയാലുണ്ടായ മരണം 21ഉം; കേരളത്തെ 'ഡോഗ്സ് ഓൺ കൺട്രി' ആക്കിയത് സർക്കാറിന്റെ കൊള്ളരുതായ്മ; വേണ്ടത് തൃക്കാക്കര മോഡലെന്ന ആവശ്യം ശക്തം; ഇനി പ്രതീക്ഷ സുപ്രീംകോടതിയുടെ ഇടപെടലിൽ
ന്യൂഡൽഹി: മുൻകാലങ്ങളിൽ കേരളത്തിൽ തെരുവുനാശ ശല്യം രൂക്ഷമായിരുന്ന ഘട്ടത്തിൽ അതത് തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ തെരുവുനായ്ക്കളെ പിടിക്കാനും കൊലപ്പെടുത്താനും സംവിധാനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ മനുഷ്യന്റെ ജീവനെടുക്കുന്ന വിധത്തിൽ തെരുവുനായ്ക്കൾ നഗരവും നാടും നിറയുമ്പോഴും കൃത്യമായ നടപടി സ്വീകരിക്കാൻ സംവിധാനങ്ങൾ ഇല്ലാത്ത അവസ്ഥയായി.
മൃഗസ്‌നേഹികളുടെ ഇടപെടൽ മൂലം തെരുവുനായ്ക്കളെ കൊലപ്പെടുത്താൻ സാധിക്കാത്ത സ്ഥിതിവിശേഷമാണ് ഉണ്ടായിരിക്കുന്നത്. വന്ധ്യം കരണം മൂലം പ്രചനന തോത് കുറയ്ക്കൽ എന്ന മാർഗ്ഗമാണ് ഇപ്പോൾ സർക്കാർ അവലംബിക്കുന്നത്. എന്നാൽ, ഇതും ഫലപ്രദം അല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്. തദ്ദേശ സ്്ഥാപനങ്ങൾ ഇതിനായി ഫണ്ടു പോലും മാറ്റിവെക്കാത്ത അവസ്ഥയിലാണ്. ഇതോടെ തൃക്കാക്കരയിൽ മുമ്പ് തെരുവുനായ്ക്കളെ പിടികൂടി കൊലപ്പെടുത്തിയ മാർഗ്ഗംതന്നെയാണ് സ്വീകരിക്കേണ്ടത് എന്ന ആവശ്യവുമായി ചിലർ രംഗത്തുവന്നിട്ടുണ്ട്.
പന്നിയെയും പശുവിനെയും ആടിനെയും കൊല്ലാൻ കഴിയുന്ന നാട്ടിൽ മനുഷ്യജീവന് ഭീഷണിയായി തെരുവു നായ്ക്കളെ കൊലപ്പെടുത്തിയാൽ എന്താണ് കുഴപ്പമെന്നാണ് ഇക്കൂട്ടരുടെ ചോദ്യം. സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റവരുടെയും പേവിഷ ബാധയാൽ മരിച്ചവരുടെയും കണക്കുകൾ പരിശോധിച്ചാൽ ഈ ആവശ്യം അംഗീകരിക്കുകയാണ് വേണ്ടതെന്ന് തോന്നിയാലും അത്ഭുതപ്പെടാനില്ല.
ഈ വർഷം ഓഗസ്റ്റ് ഒന്നുവരെ സംസ്ഥാനത്ത് തെരുവുനായയുടെ കടിയേറ്റവരുടെ എണ്ണം വളരെ വലുതാണ്. 1,83,931 പേർക്കാണ് തെരുവു നായ്ക്കളുടെ കടിയേറ്റത്. അതേസമയം കഴിഞ്ഞ ആറ് വർഷത്തിനിടെ 57 പേർ പേവിഷബാധയേറ്റ് മരിക്കുകയും ചെയ്തു. വാക്‌സിനിലൂടെ പേവിഷബാധ ഫലപ്രദമായി പ്രതിരോധിക്കാവുന്ന കാലത്താണ് ഇത്രയും മരണങ്ങൾ. ഈവർഷം ഒന്പതുമാസത്തിനിടെമാത്രമുണ്ടായത് 21 മരണം. ഇതിൽ പലതും വാക്‌സിൻ എടുത്തിരുന്നു എന്നതും ഗൗരവമുള്ളതാണ്.
ഈ വിഷയത്തിൽ ഇനി സുപ്രീംകോടതി ഇടപെടലാണ് കേരളം പ്രതീക്ഷിക്കുന്നത്. കേരളത്തിലെ തെരുവുനായപ്രശ്‌നം വെള്ളിയാഴ്ച പരിഗണിക്കാമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് യു.യു. ലളിത് അറിയിച്ചിട്ടുണ്ട്. കേരളം 'ഗോഡ്സ് ഓൺ കൺട്രി'യിൽ നിന്ന് 'ഡോഗ്സ് ഓൺ കൺട്രി'യായി മാറിയെന്ന് ഹർജിക്കാരനായ സാബു സ്റ്റീഫനുവേണ്ടി അഡ്വ. വി.കെ. ബിജു കുറ്റപ്പെടുത്തി.
പത്തനംതിട്ടയിൽ തെരുവുനായയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അഭിരാമി (12) ജീവനുവേണ്ടി മല്ലിടുകയാണെന്നും അറിയിച്ചതോടെയാണ് വിഷയം ഉടൻ പരിഗണിക്കാൻ ചീഫ് ജസ്റ്റിസ് തീരുമാനിച്ചത്. പക്ഷേ, അല്പസമയത്തിനകം അഭിരാമി ഈ ലോകത്തോട് വിടപറഞ്ഞു. സംസ്ഥാനത്ത് അഞ്ചുവർഷത്തിനിടെ ലക്ഷത്തിലേറെപ്പേരെയാണ് തെരുവുനായ്ക്കൾ ആക്രമിച്ചതെന്ന് ബിജു ചൂണ്ടിക്കാട്ടി.
കൂലിപ്പണിക്കാർ, സ്‌കൂൾകുട്ടികൾ, സ്ത്രീകൾ എന്നിവരാണ് കൂടുതലും ആക്രമണത്തിന് ഇരയാകുന്നത്. കേരളത്തിലെ തെരുവുനായപ്രശ്‌നത്തിൽ ഇടപെടാനായി സുപ്രീംകോടതി 2016-ൽ നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ സമിതിയോട് ഇപ്പോഴത്തെ സ്ഥിതി ചോദിക്കണമെന്നും ബിജു ആവശ്യപ്പെട്ടു. ഈമാസം ഒന്നിന് വിഷയം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ 26-ന് കേൾക്കാമെന്നാണ് സുപ്രീംകോടതി പറഞ്ഞത്. എന്നാൽ തെരുവുനായ പ്രശ്‌നം രൂക്ഷമാണെന്നും അടിയന്തരമായി ഇടപെടണമെന്നും തിങ്കളാഴ്ച വീണ്ടും ആവശ്യപ്പെടുകയായിരുന്നു.
വന്ധ്യംകരണത്തിലൂടെമാത്രം കേരളത്തിലെ തെരുവുനായ പ്രശ്നത്തിന് പരിഹാരം കാണാനാവില്ലെന്ന് ഇതുസംബന്ധിച്ച് പഠിക്കാൻ സുപ്രീംകോടതി നിയോഗിച്ച ജസ്റ്റിസ് സിരിജഗൻ സമിതി ആറുവർഷം മുൻപേ റിപ്പോർട്ട് നൽകിയിരുന്നു. യുദ്ധകാലാടിസ്ഥാനത്തിലുള്ള പദ്ധതികളാണ് വേണ്ടതെന്നും ശുപാർശചെയ്തു.
സംസ്ഥാനത്തെ തെരുവുനായപ്രശ്‌നത്തിൽ നാല്പതോളം റിപ്പോർട്ടുകൾ ജസ്റ്റിസ് സിരിജഗൻ സമർപ്പിച്ചെങ്കിലും സുപ്രീംകോടതിയും പിന്നീട് വിഷയം പരിഗണിച്ചില്ല. വന്ധ്യംകരണവുമായി മുന്നോട്ടുപോയാൽ നായ്ക്കളുടെ എണ്ണം കുറയ്ക്കാൻ നാല് വർഷമെങ്കിലുമെടുക്കുമെന്ന് സമിതി മുന്നറിയിപ്പ് നൽകിയിരുന്നു. 70 ശതമാനം നായ്ക്കളെയെങ്കിലും വന്ധ്യംകരിച്ചാലേ എണ്ണം കുറയ്ക്കാനാകൂ. അതിനാൽ ചട്ടത്തിൽ നിർദേശിക്കുന്ന മറ്റു നടപടികൾ സ്വീകരിക്കണമെന്നും ശുപാർശചെയ്തു.
കേരളത്തിൽ തെരുവുനായ്ക്കളുടെ എണ്ണം 2001 വരെ നിയന്ത്രണ വിധേയമായിരുന്നു. പിന്നീട് നായ്ക്കളുടെ ജനനനിയന്ത്രണ ചട്ടം നിലവൽവന്നതോടെ ഇവയെ കൊല്ലുന്നത് തദ്ദേശ സ്ഥാപനങ്ങൾ നിർത്തി. ഇതോടെ എണ്ണം ക്രമാതീതമായി വർധിച്ചു. സംസ്ഥാനത്ത് പ്രതിദിനം ശരാശരി 335 പേർക്ക് തെരുവുനായ്ക്കളുടെ കടിയേൽക്കുന്നുണ്ടെന്നും 2016-ലെ റിപ്പോർട്ടിലുണ്ട്.
മറുനാടന് മലയാളി ബ്യൂറോ