- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; അടുത്തയാഴ്ച ശമ്പളവും പെൻഷനും നൽകാൻ ഖജനാവ് കാലി; 2000 കോടി രൂപ കൂടി കടമെടുക്കുന്നു; തുടർച്ചയായി രണ്ട് ആഴ്ചകളിൽ സംസ്ഥാനത്തിന് കടമെടുക്കേണ്ടി വരുന്നത് 3500 കോടി; കേന്ദ്രം വായ്പ്പാ പരിധി ഉയർത്തിയില്ലെങ്കിൽ വരും മാസങ്ങളിൽ മുന്നോട്ട് പോക്ക് പ്രതിസന്ധിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം. ശമ്പളവും പെൻഷനും നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ കടുത്ത പ്രതിസന്ധിയാണ് സർക്കാറിനെ കാത്തിരിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായതിനാൽ കേരളം 2000 കോടികൂടി കടമെടുക്കുന്നു. കേന്ദ്രസർക്കാർ അനുവദിച്ച പരിധിക്കുള്ളിലാണ് ഇതെങ്കിലും തുടർച്ചയായി രണ്ട് ആഴ്ചകളിൽ 3500 കോടിയാണ് കേരളത്തിന് കടമെടുക്കേണ്ടിവരുന്നത്. ചൊവ്വാഴ്ച എടുത്ത 1500 കോടി ചേർത്താണിത്. 2000 കോടിയുടെ കടപ്പത്രങ്ങളുടെ ലേലം നവംബർ ഒന്നിന് നടക്കും.
അടുത്തയാഴ്ച ശമ്പളവും പെൻഷനും നൽകാനാണ് ഈ കടമെടുപ്പ്. ഈ മാസത്തെ ക്ഷേമപെൻഷൻ നൽകാനും ഇതുവരെ തീരുമാനമെടുത്തിട്ടില്ല. ഇതിനായി വേണ്ടത് 870 കോടിയാണ്. ഇതോടെ ഈവർഷത്തെ കടം 13,436 കോടിരൂപയാവും. കേന്ദ്രം അനുവദിച്ചതിൽ ഈവർഷം ഇനി കടമെടുക്കാവുന്നത് 4500 കോടിയാണ്. ഡിസംബർവരെയുള്ള വായ്പകൾക്കുമാത്രമേ കേരളത്തിന് ഇതുവരെ അനുമതി കിട്ടിയിട്ടുള്ളൂ. അതിനുശേഷം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ സംസ്ഥാനം കൂടുതൽ പ്രതിസന്ധിയിലാവും.
കിഫ്ബിക്കും ക്ഷേമപെൻഷനുമായി എടുക്കുന്ന വായ്പകൾകൂടി സംസ്ഥാനത്തിന്റെ പൊതുകടമായി കണക്കാക്കി ഇത്തവണ കേന്ദ്രം സംസ്ഥാനത്തിനെടുക്കാവുന്ന വായ്പയിൽ കുറവ് വരുത്തിയിട്ടുണ്ട്. ഇതെല്ലാം സർക്കാറിനെ പ്രതിരോധത്തിലാക്കുന്നതാണ്. ഈമാസം 21-നാണ് 1500 കോടി കടമെടുക്കാൻ വിജ്ഞാപനം ഇറക്കിയത്. ഇതിനായുള്ള കടപ്പത്രങ്ങളുടെ ലേലം ചൊവ്വാഴ്ച നടന്നപ്പോൾ 22 വർഷത്തേക്ക് 7.81 ശതമാനം പലിശയ്ക്കാണ് കടപ്പത്രങ്ങൾ വിറ്റുപോയത്. വ്യാഴാഴ്ച വിജ്ഞാപനമിറക്കിയ 2000 കോടിയുടെ വായ്പയ്ക്കുള്ള കടപ്പത്രങ്ങളുടെ ലേലം നവംബർ ഒന്നിന് റിസർവ് ബാങ്ക് മുംബൈ ഫോർട്ട് ഓഫീസിൽ നടക്കും.
വായ്പപ്പരിധി വെട്ടിക്കുറച്ചതിനാൽ ഡിസംബർവരെ 17,936 കോടിരൂപ കടമെടുക്കാനാണ് കേരളത്തിന് കേന്ദ്രം അനുമതി നൽകിയത്. ഡിസംബറിനുശേഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് കേരളം വഴുതിവീഴുമെന്ന ആശങ്ക സർക്കാരിനുണ്ട്. കടമെടുക്കുന്നതിന്റെ ഭൂരിഭാഗവും ശമ്പളത്തിനും പെൻഷനും മറ്റു സ്ഥിരം ചെലവുകൾക്കുമാണ് ഉപയോഗിക്കുന്നത്.
ഒക്ടോബർ മൂന്നിന് 1000 കോടി എടുത്തിരുന്നു. 7.7 ശതമാനം പലിശയ്ക്ക് 25 വർഷത്തേക്കാണ് ഇതിനുള്ള കടപ്പത്രങ്ങൾ വിറ്റത്. സെപ്റ്റംബറിലെ ക്ഷേമപെൻഷൻ നൽകാൻവേണ്ട 878 കോടി രൂപ കണ്ടെത്തിയത് ഇതിലൂടെയാണ്.
മറുനാടന് മലയാളി ബ്യൂറോ