- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വേളാങ്കണ്ണിയിലേക്കും തിരുപ്പതിയിലേക്കും രാമശ്വരത്തേക്കും മധുരയിലേക്കും പുതിയ തീവണ്ടികൾ പ്രതീക്ഷ; വന്ദേഭാരത് എത്തുമ്പോൾ വേഗം പുനക്രമീകരിക്കുന്നതിന്റെ ഗുണം എല്ലാ തീവണ്ടിക്കും; 30 കിലോമീറ്റർ വേഗനിയന്ത്രണമുള്ള ഭാഗങ്ങളിൽ വേഗം 60 ലേക്ക് ഉയർത്താൻ അടിയന്തര നടപടികൾ; പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾക്ക് കാതോർത്ത് കേരളം
തിരുവനന്തപുരം: വന്ദേഭാരത് ഉദ്ഘാടനത്തോടൊപ്പം കേരളം കാത്തിരിക്കുന്ന മറ്റു ട്രെയിനുകളും പ്രധാനമന്ത്രി 25നു പ്രഖ്യാപിക്കുമെന്ന് സൂചന. എറണാകുളംവേളാങ്കണ്ണി, കൊല്ലം-തിരുപ്പതി പുതിയ ട്രെയിനുകളും തിരുവനന്തപുരം-മധുര അമൃത എക്സ്‌പ്രസ് രാമേശ്വരത്തേക്കും ഗുരുവായൂർ-പുനലൂർ എക്സ്‌പ്രസ് മധുരയിലേക്കും പാലക്കാട്തിരുനെൽവേലി പാലരുവി എക്സ്‌പ്രസ് തൂത്തുക്കുടിയിലേക്കും നീട്ടാനുള്ള ശുപാർശകളും റെയിൽവേ ബോർഡ് നേരത്തേ അംഗീകരിച്ചതാണ്. ഈ സാഹചര്യത്തിലാണ് പ്രതീക്ഷ.
വന്ദേഭാരത് വരുന്നത് മറ്റ് തീവണ്ടുകളുടേയും സമയം കുറയ്ക്കും. ജനശതാബ്ദിക്കും ഗുണം ചെയ്യും. തിരുവനന്തപുരത്തിനും കായംകുളത്തിനുമിടയിൽ 100 കിലോ മീറ്റർ വേഗതയിലാണ് നിലവിൽ തീവണ്ടിക്ക് സഞ്ചരിക്കാൻ കഴിയുക. കോട്ടയം വഴി പോകുന്ന വന്ദേഭാരതിന് കായംകുളം മുതൽ എറണാകുളം വരെ 90 കിലോ മീറ്റർ വേഗതയിലെ സഞ്ചരിക്കാൻ സാധിക്കുകയുള്ളൂ. എറണാകുളം- ഷൊർണൂർ റൂട്ടിൽ 80 കിലോ മീറ്റർ വേഗതയിലും ഷൊർണൂർ പിന്നിട്ടാൽ 100 മുതൽ 110 കിലോമീറ്റർ വേഗവും കൈവരിക്കും. 52 സെക്കൻഡുകൊണ്ട് 100 കിലോമീറ്റർ വേഗം കൈവരിക്കാൻ ട്രെയിന് സാധിക്കും. ഇതു കൊണ്ടാണ് വേഗത കൂട്ടാനുള്ള നീക്കങ്ങൾ നടത്തിയത്. അത് ഗുണം ചെയ്തുവെന്നാണ് വിലയിരുത്തൽ.
വന്ദേഭാരതിനു വേഗം കൂട്ടാൻ പാളം പുനഃക്രമീകരിച്ചതിലൂടെ ഒരു മണിക്കൂർ 13 മിനിറ്റ് സമയലാഭം നേടി. എറണാകുളം കോട്ടയംകായംകുളം റൂട്ടിൽ 70 കി.മീ. വേഗ നിയന്ത്രണം 90 കി.മീ. ആക്കി ഉയർത്തി. ദീർഘദൂര ട്രെയിനുകൾക്കെല്ലാം ഇതിന്റെ മെച്ചം ലഭിക്കും. ഇതുവഴി 15.67 മിനിറ്റ് ലാഭിച്ചു. ഷൊർണൂർ എറണാകുളം സെക്ഷനിലെ ചില റെയിൽവേ സ്റ്റേഷനുകളിലെ ലൂപ്ലൈനിൽ വേഗം പത്തിൽനിന്നു 30 കി.മീ. ആയി ഉയർത്തിയതു വഴി 9 മിനിറ്റ് ലാഭിച്ചു. പ്രധാന പാളത്തിൽനിന്നു സ്റ്റേഷനിലേക്കു തിരിഞ്ഞു കയറുന്ന പാതയാണു ലൂപ്ലൈനുകൾ. കോട്ടയം-കായംകുളം റൂട്ടിൽ 21 മിനിറ്റും കായംകുളത്തിനും തിരുവനന്തപുരത്തിനും ഇടയിൽ സ്റ്റേഷനുകളിൽ ലൂപ്ലൈനിൽ വേഗം കൂട്ടിയപ്പോൾ 27 മിനിറ്റും ലാഭിച്ചു.
ലൂപ്ലൈനിൽ വേഗം കൂട്ടുന്നതു ദീർഘദൂര സർവീസുകൾക്കെല്ലാം ഗുണം ചെയ്യും. സ്റ്റേഷനുകളിൽ നിർത്താതെ പോകുന്ന ട്രെയിനുകൾ വേഗം കുറയ്‌ക്കേണ്ടിവരില്ലെന്നതാണു ഗുണം. ഇനിയും പുനഃക്രമീകരണം തുടരും. 30 കിലോമീറ്റർ വേഗനിയന്ത്രണമുള്ള ഭാഗങ്ങളിൽ വേഗം 60 ലേക്ക് ഉയർത്താൻ 2 കോടി രൂപ അടിയന്തരമായി അനുവദിച്ചു. ഇതോടെ ഇനിയും വേഗത കൂടാനാണ് സാധ്യത. വന്ദേഭാരതിന്റെ ട്രയൽ റണ്ണിൽ എല്ലാ പ്രശ്‌നങ്ങളും തിരിച്ചറിയും. അത് പരിഹരിക്കാനും ്അതിവേഗം നടപടികൾ എടുക്കും.
ദക്ഷിണേന്ത്യയിലെ മൂന്നാമത്തെ വന്ദേഭാരതാണ് കേരളത്തിന് അനുവദിക്കപ്പെടുന്നത്. എക്‌സിക്യുട്ടീവ് കോച്ചിൽ 180 ഡിഗ്രിവരെ തിരിയാൻ പാകത്തിലുള്ള സീറ്റുകളാണ് നേരത്തേ അനുവദിച്ച ട്രെയിനുകളിൽ ഉള്ളത്. പാളം തെറ്റാതിരിക്കുന്നതിനുള്ള ആന്റി സ്‌കിഡ് സംവിധാനം ഉണ്ട്. എല്ലാ കോച്ചുകളും സി.സി.ടി.വി. ക്യാമറകളുടെ നിരീക്ഷണത്തിലാണ്. ചെന്നൈയിലെ ഇന്റെഗ്രൽ കോച്ച് ഫാക്ടറിയിലാണ് (ഐ.സി.എഫ്.) തീവണ്ടി നിർമ്മിച്ചത്. എല്ലാ കോച്ചുകളിലും ഓട്ടോമാറ്റിക് വാതിലുകൾ, ജി.പി.എസ്. അധിഷ്ഠിതമായ പാസഞ്ചർ ഇൻഫർമേഷൻ സംവിധാനം, വൈഫൈ എന്നിവയുണ്ടാകും.
ലോക്കോ പൈലറ്റുകൾ നിയന്ത്രിക്കുന്ന ഓട്ടോമാറ്റിക് ഡോറുകളാണ് ബോഗികൾക്ക് നൽകുന്നത്. എക്‌സിക്യുട്ടീവ് ക്ലാസിൽ സെമി സ്ലീപ്പർ സീറ്റുകളുണ്ടാവും. എൽ.ഇ.ഡി. ലൈറ്റിങ്, വിമാനമാതൃകയിൽ ബയോ വാക്വം ശുചിമുറികൾ എന്നിവയുണ്ടാവും.
മറുനാടന് മലയാളി ബ്യൂറോ