തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അന്ത്യശാസനം വകവയ്ക്കാതെ കേരള സർവകലാശാല. വിസി നിയമനത്തിനായി രൂപീകരിച്ച സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ ഇന്ന് തന്നെ നിർദ്ദേശിക്കണം എന്നാവശ്യപ്പെട്ട് ഗവർണർ വിസിക്ക് കത്തയച്ചിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് ഇത് രണ്ടാം തവണയാണ് ഗവർണർ കത്ത് നൽകുന്നത്.

എന്നാൽ, അന്ത്യശാസനം കേരള സർവകലാശാല തള്ളിയിരിക്കുകയാണ്. വൈസ് ചാൻസലറെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധിയുടെ പേര് സെനറ്റ് നിർദ്ദേശിക്കില്ല. കമ്മിറ്റിയിലേക്ക് അംഗങ്ങളുടെ പേരു നിർദ്ദേശിച്ചുള്ള ഗവർണറുടെ വിജ്ഞാപനം നിയമവിരുദ്ധമാണെന്നാണ് സർവകലാശാല നിലപാട്. സർവകലാശാലയ്ക്ക് ഇതുമായി ബന്ധപ്പെട്ട നിയമോപദേശം ലഭിച്ചു. തീരുമാനം സർവകലാശാല ഗവർണറെ അറിയിച്ചു എന്നാണ് വിവരം.

കണ്ണൂർ സർവകലാശാലയിലെ നിയമനവിവാദത്തിന് പിന്നാലെ കേരള സർവകലാശാലയിലും ഗവർണറും സർക്കാറും തമ്മിലുള്ള ഏറ്റുമുട്ടലിന് വഴിയൊരുങ്ങുകയാണ്. സർവകലാശാലാ പ്രതിനിധിയെ ഒഴിച്ചിട്ടാണ്, ഓഗസ്റ്റ് അഞ്ചിന് ഗവർണർ വി സി. നിയമനത്തിനുള്ള സെർച്ച് കമ്മിറ്റി രൂപവത്കരിച്ചത്. ഇതിൽ പ്രതിഷേധിച്ച് സർവകലാശാലാ സെനറ്റ് യോഗം ചേർന്ന് ഗവർണർക്കെതിരേ പ്രമേയം പാസാക്കി. ഇതിനു ശേഷം രണ്ടുവട്ടം പ്രതിനിധിയെ നിർദ്ദേശിക്കാൻ ആവശ്യപ്പെട്ട് ഗവർണർ സർവകലാശാലയ്ക്ക് നിർദ്ദേശം നൽകിയെങ്കിലും സർവകലാശാല വഴങ്ങിയില്ല. തിങ്കളാഴ്ച വൈകുന്നേരത്തിനകം പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് ഗവർണർ അന്ത്യശാസനം നൽകി. എന്നാൽ ഇത് പാലിക്കാനില്ലെന്നാണ് സർവകലാശാലാ നിലപാട്.

ഗവർണറുടെ നടപടി നിയമവിരുദ്ധമാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കേരള സർവകലാശാല. സ്റ്റാറ്റിയൂട്ട് പ്രകാരം, കമ്മിറ്റിയിലേക്ക് ആദ്യം രണ്ടു പ്രതിനിധികളെ നിർദ്ദേശിക്കേണ്ടത് ഗവർണറല്ല, സർവകലശാല സെനറ്റ് ആണ്. അതിനാൽ ഗവർണർ നേരത്തെ ഇറക്കിയ വിജ്ഞാപനം നിയമവിരുദ്ധമാണ്. അതേക്കുറിച്ച് പാസാക്കിയ പ്രമേയത്തിൽ ഉറച്ചുനിൽക്കുകയാണെന്നും സർവകലാശാല വ്യക്തമാക്കുന്നു. അതിനാൽ സർവകലാശാല പ്രതിനിധിയുടെ പേര് സെനറ്റിലേക്ക് നിർദ്ദേശിക്കില്ല. വിജ്ഞാപനം ഒന്നുകിൽ റദ്ദാകട്ടെ അല്ലെങ്കിൽ ഗവർണർ റദ്ദാക്കട്ടെ എന്നാണ് സർവകലാശാല നിലപാട്. പകരം പേര് നിർദ്ദേശിക്കേണ്ടതില്ലെന്നും പ്രമേയത്തിൽ ഉറച്ചുനിൽക്കാനുമാണ് കേരള സർവകലാശാലയുടെ തീരുമാനം.