തിരുവനന്തപുരം: സ്വന്തമായി വരുമാന മാർഗ്ഗങ്ങളില്ലാതെ ആകെ കുഴപ്പത്തിലാണ് സംസ്ഥാന സർക്കാർ. ശമ്പളം നൽകാൻ പോലും പണമില്ലാത്ത അവസ്ഥയിലാണ് സാമ്പത്തിക നില. ഈമാസം സാമൂഹിക ക്ഷേമ പെൻഷൻ അടക്കം മുടങ്ങിയിട്ടുണ്ട്. അടുത്ത മാസം സർക്കാർ ജീവനക്കാർക്ക ശമ്പളം നൽകാനും പണമില്ലാത്ത അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നത്. ഇത് പരിഹരിക്കാൻ വേണ്ടി വീണ്ടും 2000 കോടി രൂപകൂടി കടമെടുക്കുകയാണ് കേരളം.

ഇതോടെ ഈ വർഷത്തെ കടമെടുപ്പ് 15,436 കോടി രൂപയാവും. ഡിസംബർവരെ 17,936 കോടി രൂപയാണ് ആകെ കടമെടുക്കാൻ കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ഇനി ശേഷിക്കുന്നത് 2500 കോടി രൂപയാണ്. ഡിസംബർ ആദ്യം ശമ്പളവും പെൻഷനും നൽകാൻകൂടിയാണ് ഇപ്പോൾ കടമെടുക്കുന്നത്. ഡിസംബറിനുശേഷം കേന്ദ്രം കൂടുതൽ വായ്പ അനുവദിച്ചില്ലെങ്കിൽ കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ വേണ്ടിവരും. പണമില്ലാത്തതിനാൽ ഇപ്പോൾത്തന്നെ അത്യാവശ്യച്ചെലവുകളും പദ്ധതിച്ചെലവുകളും മാറ്റിവെക്കേണ്ട സ്ഥിതിയുണ്ട്.

സാമൂഹികസുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും ഉൾപ്പെടെ പല ക്ഷേമപദ്ധതികളും മുടങ്ങിയിട്ടുണ്ട്. ജി.എസ്.ടി.യിൽ മുൻവർഷത്തെക്കാൾ വർധനയുണ്ടെങ്കിലും ഈ വരുമാനക്കുറവ് പരിഹരിക്കാൻ അതുകൊണ്ടാവില്ല. സംസ്ഥാനത്തിന് തനതായ അധികവരുമാനം വേറെ കിട്ടാനുമില്ല. ഇപ്പോൾ മൊത്തം ആഭ്യന്തരവരുമാനത്തിന്റെ മൂന്നുശതമാനമാണ് സംസ്ഥാനത്തിന് കടമെടുക്കാവുന്നത്. ജി.എസ്.ടി. നഷ്ടപരിഹാരം നിലച്ചതിനാൽ ഇത് നാലുശതമാനമാക്കണമെന്ന് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമനുമായി നടത്തിയ ചർച്ചയിൽ സംസ്ഥാന ധനമന്ത്രി കെ.എൻ. ബാലഗോപാൽ ആവശ്യപ്പെട്ടിരുന്നു. ഇത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. ജി.എസ്.ടി. കുടിശ്ശികയിനത്തിൽ 1548 കോടി ഇനിയും കിട്ടാനുണ്ടെന്നും കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു

കേന്ദ്ര സർക്കാർ കൊണ്ടു വന്ന കടമെടുപ്പ് നിയന്ത്രണം സർക്കാറിനെ പ്രയാസത്തിലാക്കിയിരുന്നു. ക്ഷേമ പെൻഷൻ വിതരണത്തെ വരെ ഇതു ബാധിച്ചു. നികുതി വരവ് വർധിച്ചെങ്കിലും സാഹചര്യം മെച്ചപ്പെട്ടില്ല. കേന്ദ്ര വിഹിതവും ഇക്കുറി ലഭിച്ചിരുന്നു.

സാമ്പത്തിക വർഷം അവസാന ഘട്ടത്തിലേക്ക് നീങ്ങവെ പദ്ധതി ചെലവുകൾക്കും കൂടുതൽ പണം വേണം. ജനുവരി മുതൽ വാർഷിക പദ്ധതി ചെലവ് ഉയരും. ഇപ്പോൾ ചെലവ് പല വകുപ്പുകളിലും വളരെ താഴെയാണ്. തീരെ ചെലവിടാത്ത വകുപ്പുകളുമുണ്ട്. ബജറ്റിലെ വിഹിതം നഷ്ടപ്പെടാതിരിക്കാൻ വകുപ്പുകൾ ശ്രമം തുടങ്ങിയിട്ടുണ്ട്. ട്രഷറി നിയന്ത്രണം കർശനമായി തുടരുന്നു. ഉയർന്ന തുകയുടെ ബില്ലുകൾ പാസാക്കാൻ സർക്കാറിന്റെ മുൻകൂർ അനുമതിയും നിർബന്ധമാക്കി. അടുത്ത ബജറ്റ് തയാറാക്കാനുള്ള തയ്യാറെടുപ്പിലാണ് നിലവിൽ ധനവകുപ്പ്.

കടമെടുക്കാതെ ഒരു മാസവും മുന്നോട്ടു പോകാൻ നിലവിൽ സർക്കാറിനാകുന്നില്ല. അനാവശ്യ ചെലവുകൾ ഒഴിവാക്കാനും സാമ്പത്തിക നിയന്ത്രണം കൊണ്ടുവരാനുമുള്ള തീരുമാനങ്ങളൊന്നും ഇനിയും ഫലപ്രദമായിട്ടില്ല.