- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നിയമസഭാ സംഘർഷത്തിൽ വ്യാജ പ്രചരണം നടത്തുന്നു; വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ച് സാമൂഹിക മാധ്യമങ്ങളിൽ അധിക്ഷേപിക്കുന്നു'; സച്ചിൻ ദേവിനെതിരെ സൈബർ സെല്ലിൽ വ്യാജ നിർമ്മിതി പരാതി നൽകി കെ കെ രമ; സർക്കാർ ആശുപത്രികളിൽ കൈ ഒടിഞ്ഞില്ലെങ്കിലും പ്ലാസ്റ്റർ ഇടുമോ? കുടുങ്ങുന്നത് ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: നിയമസഭാ സംഘർഷവുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിൽ അപമാനിച്ചെന്നാരോപിച്ച് ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവിനെതിരെ സ്പീക്കർക്കും സൈബർ സെല്ലിനും പരാതി നൽകി വടകര എംഎൽഎ കെ.കെ. രമ. ഇത് ആദ്യമായാണ് ഒരു എംഎൽഎയ്ക്കെതിരെ മറ്റൊരു എംഎൽഎ സൈബർസെല്ലിൽ പരാതി നൽകുന്നത്.
നിയമ സഭാ സംഘർഷം തനിക്കെതിരെ വ്യാജ പ്രചരണം നടത്തുന്നുവെന്ന് ആരോപിച്ചാണ് പരാതി. കൈ പൊട്ടിയില്ല എന്ന പേരിൽ വ്യാജ പ്രചാരണം നടത്തുന്നുവെന്നും സമൂഹ മാധ്യമങ്ങളിൽ അപമാനിക്കുന്നുവെന്നും പരാതിയിൽ പറയുന്നു. സ്‌ക്രീൻ ഷോട്ട് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്. വിവിധ സ്ഥലങ്ങളിലെ ഫോട്ടോകൾ ചേർത്ത് കള്ളം പ്രചരിപ്പിക്കുകയാണ് ഇപ്പോൾ ചെയ്യുന്നതെന്ന് കെ കെ രമ പറയുന്നു.
നിയമസഭയിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് തനിക്കെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചണം നടത്തുന്നു എന്നാണ് പരാതി. നിയമസഭയിൽ ഏതാനും സീറ്റുകൾ അപ്പുറം ഇരിക്കുന്ന ജനപ്രതിനിധി തന്നോട് കാര്യങ്ങൾ ചോദിച്ച് വിവരം മനസ്സിലാക്കുന്നതിന് പകരം സാമൂഹിക മാധ്യമങ്ങൾ വഴി തനിക്ക് അപമാനമുണ്ടാക്കുന്ന വിധത്തിലുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതായും രമ ആരോപിക്കുന്നു.
ഒരു നിയമസഭാംഗത്തിന്റെ പേരിൽ അപകീർത്തികരമായ കള്ളപ്രചരണങ്ങൾ നടത്തുകയും ഒരു സാമാജിക എന്ന നിലയിൽ തന്റെ വിശ്വാസ്യത ചോദ്യം ചെയ്യുന്നതും ചൂണ്ടിക്കാട്ടിയാണ് രമ പരാതി നൽകിയിരിക്കുന്നത്. പ്രസ്തുത പോസ്റ്റ് പിൻവലിക്കണമെന്നും അവർ പരാതിയിൽ പറയുന്നു.
'വിവിധ സമയങ്ങളിലെടുത്ത ഫോട്ടോ ഉപയോഗിച്ചുകൊണ്ട് സച്ചിൻദേവ് എനിക്കെതിരെ പോസ്റ്റിടുന്നു. ഇത് മറ്റുള്ളവർ ഏറ്റ് പിടിക്കുന്ന സ്ഥിതിയാണ്. ഒരു എംഎൽഎ ഇത്തരം കാര്യങ്ങൾ പറയുമ്പോൾ സത്യം തിരിച്ചറിയണം. മറിച്ച് ഇത്തരത്തിൽ നീങ്ങുന്നത് വളരെ അപകീർത്തികരമായ കാര്യമാണ്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി വ്യക്തികളെ അധിക്ഷേപിക്കുന്ന നിലപാടിലേക്ക് പോകുന്നതിനെതിരെയാണ് നടപടി ആവശ്യപ്പെട്ടത്'-കെ.കെ രമ പറഞ്ഞു.
അദ്ദേഹത്തിന് എന്നോട് നേരിട്ട ചോദിക്കാമായിരുന്നു. പകരം അവാസ്ഥവമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയാണ്. എംഎൽഎയെ പോലൊരു ആൾ ഇങ്ങനെ ചെയ്യുന്നത് ശരിയല്ല. ആദ്യം പ്ലാസ്റ്ററിട്ടു, പിന്നെ 10 മിനിറ്റിനകം പ്ലാസ്റ്റർ മാറ്റി സ്ലിങ് ഇട്ടു. കൈ ചൂണ്ടി സംസാരിക്കുന്നു എന്നിങ്ങനെയാണ് ആരോപണം. വീഡിയോ കണ്ടാൽ ആളുകൾക്ക് അറിയാം എന്താണ് സംഭവിക്കുന്നത്.
ഭരണപ്രതിപക്ഷ എംഎൽഎമാർ ഉള്ളിടത്ത് ഒരു വ്യക്തിയെ മാത്രം വളഞ്ഞിട്ട് ആക്രമിക്കുകയാണ് ഉണ്ടായത്. നിയമസഭയിലെ ഡോക്ടറാണ് പരിശോധിക്കുന്നത്. ബിപി കൂടുതലായിരുന്നു. കൈക്ക് നീരുണ്ടെന്ന് പറഞ്ഞ് നിയമഭയിലെ ഡോക്ടറാണ് കൈക്ക് സ്ലിങ് ഇട്ടത്. ഡോക്ടറുടെ നിർദ്ദേശപ്രകാരമാണ് ജനറൽ ആശുപത്രിയിലേക്ക് പോയത്. നിയമസഭയിലെ ക്ലിനിക്കിലെ ജീവനക്കാരൻ കൂടി കൂടെ വന്നു. ഡോക്ടർ എക്‌സറെ എടുക്കാൻ ആവശ്യപ്പെട്ടു. അത് എടുത്തതിന് ശേഷം ഓർത്തോ ഡോക്ടറെ കണ്ടു.
ഞാൻ എക്‌സറെ എടുക്കാൻ ആവശ്യപ്പെട്ടുവെന്നാണ് പറയുന്നത്. എന്നാൽ സർക്കാർ ആശുപത്രിയിലെ ഡോക്ടർ ഒറ്റയ്ക്കല്ല, നഴ്‌സ്മാർ അടക്കം നിരവധി പേരുണ്ട്. ഡോക്ടറാണ് പ്ലാസ്റ്ററിടാൻ പറഞ്ഞത്. ബാഗ് പോരെ എന്ന് ഞാൻ ചോദിച്ചെങ്കിലും നീരുണ്ടെന്ന് പറയുകയും പിടിച്ചപ്പോൾ എനിക്ക് വേദന എടുക്കുകയും ചെയ്തു. ഇതോടെയാണ് ഡോക്ടർ പ്ലാസ്റ്റർ വേണമെന്ന് നിർബന്ധിച്ചത്.
എക്‌സറേ എടുത്തിട്ട് അതിൽ പൊട്ടുണ്ടോ എന്ന് നോക്കാൻ നമുക്ക് അറിയില്ല. ഡോക്ടർക്കാണ് അറിയുന്നത്. അവർ ആണ് പറഞ്ഞത് പ്ലാസ്റ്ററിട്ടത്. എല്ലാ നടപടിക്രമങ്ങളും ഡോക്ടറുടെ നിർദ്ദേശപ്രകാരണാണ് നടന്നത്. വ്യാജ വാർത്ത ആണോ ആവിഷ്‌ക്കാര സ്വാതന്ത്ര്യം? കെ കെ രമ ചോദിക്കുന്നു.
സച്ചിൻ ദേവിനെതിരെ വ്യാജ നിർമ്മിതി പരാതിയാണ് രമ നൽകിയിരിക്കുന്നത്. ആശുപത്രി രേഖ എന്ന പേരിലെ പ്രചാരണത്തിന് എതിരെ യുഡിഎഫും രംഗത്തെത്തി.
കെ കെ രമ ചികിൽസ തേടിയത് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ആയിരുന്നു. സർക്കാർ ഡോക്ടറുടെ നിർദേശപ്രകാരം എടുത്ത എക്‌സറെ അടക്കം സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് പിന്നിൽ ഗൂഢമായ നീക്കമുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്. സർക്കാർ ആശുപത്രികളിൽ കൈ ഒടിഞ്ഞില്ലെങ്കിലും പ്ലാസ്റ്റർ ഇടുമോ എന്ന ചോദ്യവും ഇതിനൊടൊപ്പം ഉയരുന്നുണ്ട്. ഭരണപക്ഷ എംഎൽഎയുടെ ആരോപണത്തിൽ പ്രതിരോധത്തിലാകുന്നത് യഥാർത്ഥത്തിൽ ആരോഗ്യവകുപ്പാണ്.
മറുനാടന്‍ മലയാളി ബ്യൂറോ