തിരുവനന്തപുരം: സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയ വിധിക്കെതിരെ പുനഃപരിശോധനാ ഹർജി സമർപ്പിക്കാനുള്ള നിയമോപദേശത്തിന് സംസ്ഥാന സർക്കാർ ഫീസായി 15 ലക്ഷം രൂപ നൽകി. മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനാണ് സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി സമർപ്പിക്കുന്നതിൽ നിയമോപദേശം നൽകിയതിന് സർക്കാർ 15 ലക്ഷം ഫീസായി നൽകിയത്.

നിയമോപദേശത്തിനും പണം നൽകിയത് സംബന്ധിച്ചും നവംബർ 14നാണ് സർക്കാർ ഉത്തരവ് പുറത്തിറങ്ങിയത്.അഡ്വക്കേറ്റ് ജനറൽ നവംബർ 4 ന് നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണ് തുക അനുവദിച്ചത്. കെ കെ വേണുഗോപാലിൽ നിന്ന് ഒക്ടോബർ 29, 30 തിയ്യതികളിലായാണ് സർക്കാർ നിയമോപദേശം തേടിയത്.ഇതുവരെ വിവിധ കേസുകൾ സംബന്ധിച്ച് നിയമോപദേശം തേടിയതിന് 10 കോടിയോളം രൂപയാണ് സംസ്ഥാനത്തിന് പുറത്തു നിന്നുള്ള അഭിഭാഷകർക്ക് വേണ്ടി സർക്കാർ ചെലവഴിച്ചിരിക്കുന്നത്.

കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കേരളം. സർക്കാരിന് കീഴിൽ മികച്ച അഭിഭാഷകർ ഉണ്ടായിട്ട് പോലും അവരെ ഒഴിവാക്കി പുറത്തുനിന്നുള്ള അഭിഭാഷകരെ തേടി പോകുന്നത്. സുപ്രീംകോടതിയിൽ നൽകിയിട്ടുള്ള ഡോ രാജശ്രീയുടെ പുനഃപരിശോധനാ ഹർജിയിൽ നിന്ന് വ്യത്യസ്തമായ നിയമവശങ്ങൾ വിശദീകരിച്ചായിരിക്കും സർക്കാർ പുനഃപരിശോധനാ ഹർജി നൽകുക എന്നാണ് സൂചന.

വൈസ്ചാൻസലർ നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിനെതിരെ ഡോ. എം എസ് രാജശ്രീ പുനഃപരിശോധനാ ഹർജി നൽകിയിട്ടുണ്ട്. സർവകലാശാലാ നിയമം അനുസരിച്ച് സംസ്ഥാന സർക്കാർ രൂപീകരിച്ച സെർച്ച് കമ്മിറ്റി നൽകിയ ശുപാർശ ചാൻസലറായ ഗവർണർ അംഗീകരിച്ചതിനെ തുടർന്നാണ് തന്നെ വിസിയായി നിയമിച്ചതെന്ന് രാജശ്രീ ചൂണ്ടിക്കാട്ടി. നാലുവർഷം സേവന കാലാവധി പൂർത്തിയാക്കാൻ നാലു മാസം മാത്രമുള്ളപ്പോഴാണ് നിയമനം റദ്ദാക്കപ്പെട്ടത്.

നിയമനം അബ് ഇനീഷ്യോ (തുടക്കംമുതൽ തന്നെ) റദ്ദാക്കുന്നുവെന്നാണ് ഉത്തരവിലുള്ളത്. ഇതുവരെ വാങ്ങിയ ശമ്പളം തിരിച്ചുകൊടുക്കേണ്ടി വരുമോയെന്ന ആശങ്കയുമുണ്ട്. അതിനാൽ നിയമനം റദ്ദാക്കിയ ഉത്തരവിന് മുൻകാലപ്രാബല്യമില്ലെന്ന് കോടതി ഉത്തരവിടണമെന്നും രാജശ്രീ ആവശ്യപ്പെട്ടു. സെർച്ച് കമ്മിറ്റി രൂപീകരിച്ചതിലോ കമ്മിറ്റി ഒരാളെമാത്രം വിസിയായി ശുപാർശ ചെയ്തതോ തന്റെ പിഴവല്ല.

സർവകലാശാലയുടെ താൽപ്പര്യം ഉയർത്തിപ്പിടിച്ചാണ് വിസിയെന്ന നിലയിൽ പ്രവർത്തിച്ചത്. കോടതി ഉത്തരവിലൂടെ സഹപ്രവർത്തകരുടെയും വിദ്യാർത്ഥികളുടെയും മുന്നിൽ അവഹേളിക്കപ്പെട്ടെന്നും ഹർജിയിൽ ഡോ. എം എസ് രാജശ്രീ ചൂണ്ടിക്കാട്ടി.ജസ്റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവർ അംഗങ്ങളായ ബെഞ്ചാണ് നിയമനം റദ്ദാക്കിയത്. ഇതേ ബെഞ്ച് ചേമ്പറിലാകും പുനഃപരിശോധനാ ഹർജി പരിഗണിക്കുക.

നിയമനം റദ്ദാക്കിയതിനെതിരെ സംസ്ഥാനസർക്കാരും ഉടൻ പുനഃപരിശോധനാ ഹർജി സമർപ്പിക്കും. വിസി നിയമനവുമായി ബന്ധപ്പെട്ട കൂടുതൽ നിയമപ്രശ്നങ്ങൾ ഈ ഹർജിയിലാകും ഉന്നയിക്കുക. ഇതിനാണ് നിയമോപദേശം തേടിയത്.