തിരുവനന്തപുരം: സർക്കാർ വാഹനങ്ങളുടെ എണ്ണം കൃത്യമായി തിട്ടപ്പെടുത്താനും ദുരുപയോഗം തടയാനും പ്രത്യേക റജിസ്‌ട്രേഷൻ നമ്പർ ഏർപ്പെടുത്താൻ ഗതാഗത വകുപ്പിന്റെ ശുപാർശ. 'കേരള സ്റ്റേറ്റ്' ബോർഡ് വാഹനങ്ങളിൽ വയ്ക്കുന്നതിൽ ഗതാഗതവകുപ്പ് കർശന നിയന്ത്രണം വരും. മുഖ്യമന്ത്രി മുതൽ അഡീഷനൽ ചീഫ് സെക്രട്ടറിവരെ മാത്രമേ സ്റ്റേറ്റ് ബോർഡ് വയ്ക്കാൻ അനുവദിക്കാവൂ എന്നാണ് നിർദ്ദേശം. ഇപ്പോൾ സെക്രട്ടറിമാരും താഴെയുള്ള ഉദ്യോഗസ്ഥരും ബോർഡ് ഉപയോഗിക്കുന്നുണ്ട്.

അഡീഷനൽ ചീഫ് സെക്രട്ടറിക്കു താഴെയുള്ള ഐഎഎസുകാരുടെ വാഹനങ്ങളിലും സർക്കാർ വാഹനങ്ങളിലും 'ഗവൺമെന്റ് ഓഫ് കേരള' ബോർഡ് ആകാം. സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥരുടെ സ്വകാര്യകാറുകളിൽ ഗവൺമെന്റ് ഓഫ് കേരള ബോർഡ് പാടില്ല. എന്നാൽ സ്വകാര്യവാഹനങ്ങളിൽ തസ്തികയ്‌ക്കൊപ്പം വകുപ്പിന്റെ പേരുകൂടി ഉൾപ്പെടുത്തി ബോർഡ് വയ്ക്കാം. ഉദാഹരണത്തിന് അഡീഷനൽ സെക്രട്ടറി, നിയമവകുപ്പ്, ഗവൺമെന്റ് സെക്രട്ടേറിയറ്റ് എന്നാകാം. കഴിഞ്ഞ ദിവസം ഗതാഗത മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ തയാറാക്കുന്ന ശുപാർശ ഉടനെ മുഖ്യമന്ത്രിയുടെ അനുമതിക്കു നൽകും.

സർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 എന്ന പൊതു സീരീസാണ് ഉദ്ദേശിക്കുന്നത്. ഇതിൽ സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള വാഹനങ്ങൾക്ക് കെഎൽ 99 എ എന്നും കേന്ദ്രസർക്കാർ വാഹനങ്ങൾക്ക് കെഎൽ 99 ബി എന്നും തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾക്ക് കെഎൽ 99 സി എന്നും നമ്പർ നൽകുന്നതിനാണ് ശുപാർശ. ഇതോടെ സർക്കാർ ബോർഡ് വയ്ക്കാതെ തന്നെ വാഹനങ്ങൾ സർക്കാരിന്റേതാണോ എന്ന് തിരിച്ചറിയാൻ കഴിയും. സ്വകാര്യ വാഹനങ്ങൾക്ക് തെറ്റിധരിപ്പിക്കുന്ന രീതിയിൽ ബോർഡ് വയ്ക്കാനും കഴിയില്ല. ഈ നിർദ്ദേശം അംഗീകരിക്കാനാണ് സാധ്യത.

അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും ഈ മാതൃകയിൽ സീരീസ് നൽകും. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കെഎൽ 99 ഡി, സർവകലാശാല വാഹനങ്ങൾക്ക് കെഎൽ 99 ഇ എന്നിങ്ങനെയാകാമെന്നും നിർദേശമുണ്ട്. നിലവിലുള്ള വാഹനങ്ങളെല്ലാം ആറുമാസം കൊണ്ട് ഈ നമ്പരിലേക്കു മാറ്റുകയും ഇനിയുള്ള വാഹനങ്ങൾക്ക് ഇതുൾപ്പെടുത്തിയ പുതിയ നമ്പരും നൽകണമെന്നാണ് ശുപാർശ. ഇതോടെ വാഹന ദുരുപയോഗം കുറയുമെന്നാണ് പ്രതീക്ഷ. ഇതിനായി മോട്ടോർ വാഹനചട്ടം ഭേദഗതിചെയ്യേണ്ടതുണ്ട്. മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് മോട്ടോർവാഹനവകുപ്പിന്റെ ശുപാർശ പരിഗണിച്ചത്. നയപരമായ തീരുമാനമായതിനാൽ മുഖ്യമന്ത്രിക്ക് കൈമാറാൻ തീരുമാനിക്കുകയായിരുന്നു.

സർക്കാർവാഹനങ്ങളിൽ ബോർഡ് സ്ഥാപിക്കുന്നതിലും നിയന്ത്രണം ഏർപ്പെടുത്തും. ഫയൽ ചീഫ് സെക്രട്ടറിയുടെ പരിഗണനയിലാണ്. കേരളസർക്കാർ എന്ന ബോർഡ് വ്യാപകമായി സർക്കാരിതര വാഹനങ്ങളിലും ഉപയോഗിക്കുന്നുണ്ട്. മാർഗനിർദേശങ്ങൾ കൂടുതൽ കർശനമാക്കും. കേരള സ്റ്റേറ്റ്, ഗവൺമെന്റ് ഓഫ് കേരള ബോർഡുകളും എംപിമാരുടെയും എംഎൽഎമാരുടെയും വാഹനങ്ങളിലെ ബോർഡുകളും ചുവന്ന പശ്ചാത്തലത്തിൽ വെള്ള അക്ഷരത്തിൽ എഴുതാം. മേയർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മുതൽ താഴേക്കുള്ള ജനപ്രതിനിധികളുടെ വാഹനത്തിൽ വെള്ള ബോർഡിൽ ചുവന്ന അക്ഷരത്തിലാകാം.

നിലവിൽ ഓരോ വകുപ്പിന്റെയും പേരിലാണ് വാഹനങ്ങൾ രജിസ്റ്റർ ചെയ്യുന്നത്. മാത്രമല്ല, നമ്പറുകൾ വിവിധ ശ്രേണിയിലായതിനാൽ സംസ്ഥാനത്ത് സർക്കാർ ഉടമസ്ഥതയിൽ എത്ര വാഹനങ്ങളുണ്ടെന്ന കണക്കുപോലും സർക്കാറിലില്ല. ഈ പോരായ്മ പരിഹരിക്കലിനൊപ്പം അനാരോഗ്യ പ്രവണതകളില്ലാതാക്കാൻ കൂടിയാണ് പുതിയ നീക്കം. സർക്കാർ വാഹനങ്ങളുടെ 'ഗവൺമെന്റ് ഓഫ് കേരള' ബോർഡ് ഇല്ലെങ്കിലും നമ്പർ നോക്കി ഔദ്യോഗിക വാഹനം തിരിച്ചറിയാം.