- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാന സർക്കാർ അനുവദിച്ച 102 കോടി ഇനിയും കൈമാറിയിട്ടില്ല; കൊച്ചി മെട്രോ രണ്ടാംഘട്ടം സ്ഥലമേറ്റെടുപ്പ് പാതിവഴിയിൽ; പദ്ധതിക്കായി ഇതുവരെ ഏറ്റെടുത്ത് കൈമാറിയത് 2.51 ഏക്കർ; കാക്കനാട്ടേയ്ക്കുള്ള മെട്രോ നീണ്ടുപോയേക്കും
കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടെങ്കിലും കൊച്ചി മെട്രോയുടെ രണ്ടാംഘട്ട വികസനം നീണ്ടുപോകാനാണ് സാധ്യത. സംസ്ഥാന സർക്കാരിൽ നിന്ന് ലഭിക്കാനുള്ള ഫണ്ട് ഇനിയും ലഭിച്ചിട്ടില്ല. സംസ്ഥാന സർക്കാർ 102 കോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ, ഈ തുക കൈമാറിയിട്ടില്ല. ഇത് ലഭിച്ചാലേ ഭൂമിയേറ്റെടുക്കൽ പൂർത്തിയാക്കാനാകൂ. ഭൂവുടമകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള തുകയില്ലാത്തതിനാൽ സ്ഥലമെടുപ്പ് തന്നെ വൈകിയിരിക്കുകയാണ്.
മെട്രോ കാക്കനാട്ടേക്ക് നീട്ടുന്നതിന് നാല് വില്ലേജുകളിൽ നിന്ന് ഭൂമി ഏറ്റെടുക്കണം. കാക്കനാട്, ഇടപ്പള്ളി സൗത്ത് വില്ലേജുകളിൽ 2.51 ഏക്കർ ഭൂമി ഏറ്റെടുത്തുകൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന് (കെ.എം.ആർ.എൽ.) കൈമാറി. പൂണിത്തുറ, വാഴക്കാല വില്ലേജുകളിലെ സ്ഥലമേറ്റെടുക്കലാണ് പണമില്ലാത്തതിനാൽ പ്രതിസന്ധിയിലായിരിക്കുന്നത്.
കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നിന്ന് കാക്കനാട് ഇൻഫോപാർക്ക് വരെയാണ് കൊച്ചി മെട്രോയുടെ രണ്ടാംഘട്ടം. റോഡിന് നടുവിലൂടെയുള്ള നിർമ്മാണത്തിനാവശ്യമായ സ്ഥലത്തിനൊപ്പം മെട്രോ സ്റ്റേഷനുകളുടെ നിർമ്മാണത്തിനും സ്ഥലം ആവശ്യമുണ്ട്. സ്റ്റേഷന് ആവശ്യമായ സ്ഥലം വ്യക്തമാക്കി മെട്രോ അധികൃതർ സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുമുണ്ട്.
സ്ഥലമേറ്റെടുക്കൽ ഉൾപ്പെടെയുള്ള നടപടികളാണ് ഇപ്പോൾ നടക്കുന്നത്. പദ്ധതി നടത്തിപ്പിനുള്ള പ്രോജക്ട് മാനേജ്മെന്റ് കൺസൾട്ടന്റിനെ കണ്ടെത്തുന്നതിന് താമസിയാതെ ടെൻഡർ വിളിക്കുമെന്ന് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ.) അറിയിച്ചു. 11.2 കിലോമീറ്റർ ദൂരത്തിനിടെ 11 സ്റ്റേഷനുകളാണ് കാക്കനാട് വരെയുള്ളത്.
മറുനാടന് മലയാളി ബ്യൂറോ