കൊച്ചി; താൻ ട്വന്റി 20യുടെ ഭാഗമല്ലെന്ന് വ്യവസായി കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി. ട്വിന്റി 20യുടെ ആശയം നല്ലതാണെന്ന് കരുതിയാണ് പാർട്ടിയിൽ ചേർന്നത്. എന്നാൽ താൻ പ്രതീക്ഷിച്ച പോലെ രാഷ്ട്രീയം അത്ര എളുപ്പമല്ലെന്ന് മനസിലായെന്നും ദി ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ എക്സ്‌പ്രസ് ഡയലോഗിൽ അദ്ദേഹം പറഞ്ഞു. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ച് കൊണ്ടു പോകാൻ കഴിയില്ലെന്നാണ് ചിറ്റിലപ്പിള്ളി പറയുന്നത്.

നല്ല ചിന്തയാണെന്നു കരുതിയാണ് ട്വന്റി 20യിൽ ചേർന്നത്. നല്ല ആശയമുണ്ടെങ്കിൽ ഒരാൾക്ക് ഒരു പഞ്ചായത്തിനെ മികച്ചതാക്കാമെന്ന് സാബു തെളിയിക്കുകയും ചെയ്തു. എന്നാൽ പിന്നീടാണ് ഞാൻ മനസിലാക്കിയത്, അതിനുള്ള നടപടികൾ ഞാൻ പ്രതീക്ഷിച്ചത്ര എളുപ്പമായിരുന്നില്ല.- കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി പറഞ്ഞു. സാബു തന്റെ ബിസിനസ് തെലുങ്കാനയിലേക്ക് കൊണ്ടുപോയത് കേരളത്തിലെ വ്യവസായ മേഖലയെ മെച്ചപ്പെടുത്താൻ സഹായിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാർ വ്യവസായ പ്രശ്‌നങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്താൻ തുടങ്ങി എന്നാണ് അദ്ദേഹം പറയുന്നത്.

ബിസിനസും രാഷ്ട്രീയവും ഒന്നിച്ചുകൊണ്ടുപോകാൻ ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഒരു സമയം ഒന്നിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും അല്ലെങ്കിൽ രണ്ടിനും ബുദ്ധിമുട്ടുകളുണ്ടാകുമെന്നും കൂട്ടിച്ചേർത്തു. താൻ ബിജെപിക്കോ സിപിഎമ്മിനോ കോൺഗ്രസിനോ എതിരല്ലെന്നും ചിറ്റിലപ്പിള്ളി പറഞ്ഞു. തനിക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും ചായ് വ് ഇല്ലെന്നും എന്തെങ്കിലും വിഷയത്തിൽ വ്യത്യസ്ത അഭിപ്രായമുള്ളത് പ്രകടിപ്പിക്കുക മാത്രമാണ് ചെയ്യാറുള്ളത്-അദ്ദേഹം പറയുന്നു. പിണറായി സർക്കാരിനെ കുറ്റം പറയാനും തയ്യാറല്ല.

കാര്യങ്ങളെ നേർവഴിക്ക് കൊണ്ടു വരാൻ പിണറായി വിജയൻ കഠിനമായി പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് ഉൽപാദനം കൂടിയാൽ മാത്രമേ ജി എസ് ടി വരുമാനം ഉയരുകയുള്ളൂ. ഉൽപാദന മേഖലയെ പ്രാധാന്യത്തോടെ കാണണം. എത്രകാലം വായ്പയെ ആശ്രയിച്ച് മുമ്പോട്ട് പോകാനാകുമെന്നും വി ഗാർഡ് ഉടമ ചോദിക്കുന്നു. വ്യവസായ മന്ത്രി പി രാജീവ് വല്ലപ്പോഴും വിളിക്കാറുണ്ടെന്നും ആശയം കൈമാറാറുണ്ടെന്നും അദ്ദേഹം പറയുന്നു. രാജീവും ടീമും മാറ്റങ്ങൾ കൊണ്ടു വരാൻ ശ്രമിക്കുന്നുണ്ട്. എന്നാൽ മുമ്പ് വിതച്ചതുകൊയ്‌തെടുക്കാൻ മാത്രമേ അവർക്ക് കഴിയുന്നുള്ളൂവെന്നും ചിറ്റിലപ്പള്ളി പറയുന്നു.

റോഡ് തടയലിനെ ചോദ്യം ചെയ്ത സ്ത്രീയ്ക്ക് താങ്കൾ അഞ്ചു ലക്ഷം നൽകി. എന്നാൽ സ്വന്തം അമ്യൂസ്‌മെന്റ് പാർക്കിൽ അപകടത്തിൽ പെട്ടയാളെ എന്തുകൊണ്ട് സഹായിച്ചില്ലെന്ന ചോദ്യവും ചിറ്റിലപ്പിള്ളിക്ക് നേരിടേണ്ടി വന്നു. അതിനുള്ള മറപുടി ഇങ്ങനെയായിരുന്നു-അയാൾ മദ്യപിച്ചിരുന്നു. അതുകൊണ്ടാണ് അപകമുണ്ടായത്. ഞങ്ങളുടെ കൈയിൽ എല്ലാ തെളിവുമുണ്ട്. ആദ്യം ആയാളെ സഹായിച്ചിരുന്നു. പിന്നീട് ഒരു രാഷ്ട്രീയ പാർട്ടിയുടെ പിന്തുണയിൽ ഞങ്ങളുടെ സൽപേര് കളങ്കപ്പെടുത്താൻ ശ്രമിച്ചു. അതുകൊണ്ട് നിയമ വഴിയിൽ പോയത്. അത് പരിഹരിക്കുകയും ചെയ്തു-ചിറ്റിലപ്പള്ളി പറഞ്ഞു.