കണ്ണൂർ: സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന് വിട നൽകി ജന്മനാട്. മൃതദേഹം വീട്ടിൽ നിന്ന് കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിച്ചു. ആയിരക്കണക്കിനാളുകളാണ് വീട്ടിലെത്തി കോടിയേരിക്ക് അന്ത്യാഭിവാദ്യം അർപ്പിച്ചത്. പതിനൊന്ന് മണിയോടെയാണ് മൃതദേഹം വിലാപയാത്രയായി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് കൊണ്ടുപോയത്. പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, മുഖ്യമന്ത്രി പിണറായി വിജയൻ, പ്രകാശ് കാരാട്ട്, എം എ ബേബി, പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അടക്കമുള്ള നേതാക്കൾ ജില്ലാ കമ്മിറ്റി ഓഫീസിലെത്തിയിട്ടുണ്ട്.

കോടിയേരിക്ക് യെച്ചൂരിയും അന്ത്യാഭിവാദ്യം അർപ്പിച്ചു. കോടിയേരിക്ക് അന്ത്യോപചാരം അർപ്പിക്കാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ജില്ലാ കമ്മിറ്റി ഓഫിസിലെത്തി. കോടിയേരിയുടെ ഭാര്യ വിനോദിനിയെയും മക്കളെയും കണ്ട് ആശ്വസിപ്പിച്ചു ആരിഫ് മുഹമ്മദ് ഖാൻ. തുടർന്ന് മുഖ്യമന്ത്രിയും മറ്റ് നേതാക്കളുമായും സംസാരിച്ചു കാര്യങ്ങൾ തിരക്കി.

അഴിക്കോടൻ മന്ദിരത്തിൽ വൈകുന്നേരം രണ്ട് മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.ശേഷം മൃതദേഹം സംസ്‌കരിക്കാനായി പയ്യാമ്പലം കടപ്പുറത്തേക്ക് കൊണ്ടുപോകും. പൂർണ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്‌കാര ചടങ്ങുകൾ നടക്കുക. ഇ കെ നായനാരുടെയും ചടയൻ ഗോവിന്ദന്റെയും കുടീരങ്ങൾക്ക് നടുവിലാണ് കോടിയേരിയുടെ അന്ത്യനിദ്ര. സി പി എം കേന്ദ്ര നേതാക്കളടക്കം ചടങ്ങിൽ പങ്കെടുക്കും. സംസ്‌കാരത്തിന് ശേഷം അനുശോചന യോഗവും നടക്കും.

വസതിയിലെ പൊതുദർശനത്തിന് ശേഷമാണ് വിലാപയാത്രയായി ജില്ല കമ്മിറ്റി ഓഫിസിലേക്ക് കൊണ്ടുവന്നത്. പാതയിലുടനീളം നൂറുകണക്കിനാളുകൾ മുദ്രാവാക്യം വിളികളുമായി അന്ത്യാഭിവാദ്യമർപ്പിക്കാനായി കാത്തുനിന്നിരുന്നു. ഇന്നലെ രാത്രി 10 വരെ തലശ്ശേരി ടൗൺഹാളിൽ മൃതദേഹം പൊതുദർശനത്തിന് വെച്ചപ്പോൾ ജനപ്രവാഹമായിരുന്നു. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളും പ്രമുഖ വ്യക്തികളും പാർട്ടി പ്രവർത്തകരും സാധാരണക്കാരുമെല്ലാം കേരള രാഷ്ട്രീയത്തിലെ അതികായനായിരുന്ന നേതാവിന് ആദരാഞ്ജലികളർപ്പിക്കാനെത്തി.

രാത്രി 11ഓടെ തലശ്ശേരി മാടപ്പീടികയിലെ വീട്ടിലേക്ക് മൃതദേഹം എത്തിക്കുമ്പോഴേക്കും മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള സിപിഎം നേതാക്കളും വീട്ടിലെത്തിയിരുന്നു. അർധരാത്രി കഴിഞ്ഞും ആളുകൾ കോടിയേരിയുടെ ഭൗതികദേഹത്തിൽ അന്ത്യാഭിവാദ്യമർപ്പിക്കാനായി വീട്ടിലേക്കെത്തി.

സിപിഎം ജില്ല കമ്മിറ്റി ഓഫിസിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് മൂന്നോടെ സംസ്‌കാരത്തിനായി പയ്യാമ്പലത്തേക്ക് കൊണ്ടുപോകും. സ്ഥലപരിമിതി കണക്കിലെടുത്ത് പാർട്ടി നേതാക്കൾക്കും അടുത്ത ബന്ധുക്കൾക്കും മാത്രമാണ് സംസ്‌കാര ചടങ്ങ് നടക്കുന്ന തീരത്തേക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ. ബാക്കിയുള്ളവർക്ക് ദൂരെനിന്ന് ചടങ്ങ് കാണാൻ സംവിധാനമൊരുക്കും.