ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയനും തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനും തമ്മിലുള്ളത് ഊഷ്മള വ്യക്തിബന്ധമാണ്. സിപിഎമ്മിന്റെ സംസ്ഥാന സമ്മേളനത്തിൽ സ്റ്റാലിനും എത്തി. തമിഴ്‌നാട്ടിലെ ഡിഎംകെ സമ്മേളനങ്ങളിലും പിണറായിയും പങ്കെടുത്തു. ഇതിന്റെ തുടർച്ചയെന്നോണമാണ് ബിജെപി വിരുദ്ധ ചേരിയിലെ പ്രധാനിയായ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സിപിഐയും തിരുവനന്തപുരത്തെ സമ്മേളനത്തിൽ അതിഥിയായി ക്ഷണിച്ചത്. മുഖ്യമന്ത്രി പിണറായിയും അതേ വേദിയിലുണ്ടായിരുന്നു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി, കേന്ദ്ര സംസ്ഥാന ബന്ധം നേരിടുന്ന വെല്ലുവിളികൾ സംബന്ധിച്ച് സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുക്കുമ്പോഴും നേതാക്കൾ തമ്മിലെ ചർച്ച കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യത്തെ കുറിച്ചായിരുന്നു. വൈകിട്ട് തന്നെ എകെജി സെന്ററിന് കോടിയേരിയുടെ ആരോഗ്യത്തിലെ ആശങ്കകളെ കുറിച്ച് അറിയാമായിരുന്നു.

പിണറായിയും സ്റ്റാലിനും പങ്കെടുത്ത സെമിനാറിനിടെയാണ് സ്ഥിതി ഗുരുതരമാണെന്ന് വ്യക്തമായത്. തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിൻ അപ്പോൾ തന്നെ ചെന്നൈയിൽ അന്വേഷണം നടത്തി. സെമിനാറിന് ശേഷം അതിവേഗം മടങ്ങി. അപ്പോഴേക്കും കോടിയേരിയുടെ മരണത്തിൽ സ്ഥിരീകരണം വന്നു. അതുകൊണ്ട് തന്നെ ചെന്നൈയിൽ എത്തിയ സ്റ്റാലിൻ നേരെ പോയത് കോടിയേരിയെ കാണാനായിരുന്നു. കുടുംബത്തെ ആശ്വസിപ്പിച്ചു. കോടിയേരിയുടെ ആശുപത്രിയിലെ ചിത്രം സഹിതം ട്വീറ്റും വന്നു. ഇതിനൊപ്പം എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. എയർ ആംബുലൻസ് അടക്കം തയ്യാറാക്കി. നടപടിക്രമങ്ങൾ പൂർത്തിയാക്കി. സിപിഎം തീരുമാന പ്രകാരം അതിവേഗം കോടിയേരിയുടെ അന്ത്യയാത്ര കണ്ണൂരിലേക്കും. ഇതിനെല്ലാം തമിഴ്‌നാട് സർക്കാരിന്റെ നിർലോഭ പിന്തുണയുണ്ടായിരുന്നു.

അടിയന്തരാവസ്ഥ കാലത്ത് ജയിലിൽ കിടന്ന കോടിയേരി ആർക്കും കീഴടങ്ങാത്ത വ്യക്തിത്വമായിരുന്നുവെന്ന് അനുശോചനം അറിയിച്ചുകൊണ്ട് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചു. സിപിഎം തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ്ണനും സ്റ്റാലിനൊപ്പമുണ്ടായിരുന്നു. കോടിയേരിയുടെ ആരോഗ്യാവസ്ഥ അറിയിച്ചപ്പോൾ തന്നെ വിദേശ പര്യടനം മുഖ്യമന്ത്രി പിണറായി വിജയൻ വെട്ടി ചരുക്കി. ഉടൻ ചെന്നൈയിലേക്ക് പോകാനായിരുന്നു തീരുമാനം. എന്നാൽ എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാമെന്നും ചെന്നൈ യാത്ര പിന്നീട് മതിയെന്നും സ്റ്റാലിൻ നിർദ്ദേശിച്ചതായും സൂചനയുണ്ട്. ഇതിന് ശേഷമാണ് തിരുവനന്തപുരത്ത് നിന്ന് എല്ലാം ക്രമീകരിക്കാനുള്ള തീരുമാനം പിണറായി എടുത്തത്. വൈകാതെ തന്നെ കോടിയേരിയുടെ മരണവും പിണറായി അറിഞ്ഞു.

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹവുമായി എയർആംബുലൻസ് ചെന്നൈയിൽ നിന്ന് പുറപ്പെട്ടത് പതിനൊന്നേകാലോടെയാണ്. ഉച്ചയോടെ കണ്ണൂരിലെത്തും. കോടിയേരിയുടെ ഭാര്യ വിനോദിനി മകൻ ബിനീഷ് അദ്ദേഹത്തിന്റെ ഭാര്യ റിനീറ്റ എന്നിവർ മൃതദേഹത്തെ അനുഗമിക്കുന്നുണ്ട്. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ അടക്കമുള്ളവർ മറ്റൊരു വിമാനത്തിൽ കണ്ണൂരിലേക്ക് തിരിക്കും. കോടിയേരിയെ ഏറ്റുവാങ്ങാൻ കണ്ണൂർ ഒരുങ്ങിക്കഴിഞ്ഞു.

വിമാനത്താവളത്തിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം വിജയരാജന്റെ നേതൃത്വത്തിൽ മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് തുറന്ന വാഹനത്തിൽ വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ടുപോകും. രാത്രി പത്ത് വരെ തലശ്ശേരി ടൗൺഹാളിൽ പൊതുദർശനത്തിന് വെക്കും. തുടർന്ന് കോടിയേരി മാടപ്പീടികയിലെ വസതിയിലേക്ക് കൊണ്ടുപോകും. തിങ്കളാഴ്ച രാവിലെപത്ത് മണിവരെ അവിടെ പൊതുദർശനം ഉണ്ടാകും. 11 മുതൽ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. തിങ്കളാഴ്ച വൈകീട്ട് മൂന്ന് മണിക്ക് കണ്ണൂർ പയ്യാമ്പലത്താണ് സംസ്‌കാരം.

വിമാനത്താവളത്തിൽ നിന്നുള്ള യാത്രയ്ക്കിടെ മട്ടന്നൂർ ടൗൺ , നെല്ലൂന്നി , ഉരുവച്ചാൽ , നീർവേലി , മൂന്നാംപീടിക തൊക്കിലങ്ങാടി , കൂത്തുപറമ്പ് , പൂക്കോട് , കോട്ടയംപൊയിൽ ആറാംമൈൽ , വേറ്റുമ്മൽ , കതിരൂർ , പൊന്ന്യം സ്രാമ്പി , ചുങ്കം എന്നിവിടങ്ങളിൽ പൊതുജനങ്ങൾക്ക് മൃതദേഹം കാണാൻ സൗകര്യമൊരുക്കും . ടൗൺഹാളിൽ രാത്രി വൈകുംവരെയും പൊതുദർശനം അനുവദിക്കും. തിങ്കളാഴ്ച തലശേരി, മാഹി, ധർമടം, കണ്ണൂർ മണ്ഡലങ്ങളിൽ ഹർത്താൽ. ഹോട്ടൽ, ചായക്കട, മരുന്ന് ഷോപ്പ്, വാഹനങ്ങൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

പ്രിയ സഖാവിന്റെ വേർപാടിന്റെ വിവരമറിഞ്ഞ് വേദനിക്കുന്ന മനസ്സോടെ കോടിയേരിയുടെ വീട്ടിലേക്ക് ജനപ്രവാഹം. സി.പി. എം പൊളിറ്റ്ബ്യൂറോ അംഗം എം. എ ബേബിയുൾപ്പെടെ നിരവധി നേതാക്കൾ തലശേരിയിലെത്തി. മരണവിവരമറിഞ്ഞ ഉടൻ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ഖാദിബോർഡ് വൈസ്ചെയർമാൻ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ, കെ വി സുമേഷ് എംഎൽഎ, ടി വി രാജേഷ്, കാരായി രാജൻ, പി ഹരീന്ദ്രൻ, എൻ സുകന്യ തുടങ്ങി നിരവധി പേർ മരണവിവരമറിഞ്ഞയുടൻ വീട്ടിലെത്തിയിരുന്നു.

തിരിച്ചുവരവ് പ്രതീക്ഷിച്ച് കാത്തിരുന്നവർക്ക് മുന്നിലാണ് ശനി രാത്രിയോടെ അപ്രതീക്ഷിത മരണവാർത്തയെത്തിയത്. കോടിയേരിയെന്ന ജന്മനാടുമായി ഇഴപിരിയാനാകാത്ത അടുപ്പവും ബന്ധവും ജീവിതാന്ത്യംവരെ കാത്തുസൂക്ഷിച്ച ജനനേതാവായിരുന്നു കോടിയേരി. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ വിയോഗത്തിൽ ഇടതുരാഷ്ട്രീയ, പുരോഗമന പ്രസ്ഥാനങ്ങൾക്ക് കനത്ത നഷ്ടമായിരിക്കുകയാണ്.