കണ്ണൂർ: ഭാര്യയുടെ അച്ഛന് പിന്നാലെ തലശ്ശേരിയുടെ എംഎൽഎയായ യുവനേതാവ്. തലശ്ശേരിക്കടുത്ത മാടപ്പീടികയിലായിരുന്നു മീത്തലെവാഴയിൽ വീട്. മുളിയിൽ നടയിലായിരുന്നു മൊട്ടേമ്മൽ വീട്. മീത്തലെവാഴയിലെ എംവി രാജഗോപാൽ രണ്ടു തവണ എംഎൽഎായി. അതിന് ശേഷം മരുമകൻ കോടിയേരിയും.

രാജഗോപാലിന്റേയും തലശ്ശേരിയിലെ അടുത്ത എംഎൽഎ കോടിയേരിയുടേയും വീടുകളും തമ്മിൽ ഒരു കിലോമീറ്ററിൽ താഴെയേ അകലമുള്ളൂ. പക്ഷേ, അതിനിടയിൽ ചെറിയൊരു കുന്നുണ്ട്. ആ കുന്ന് പക്ഷേ ഈ വീടുകൾ തമ്മിലെ സൗഹൃദത്തിന് തടസ്സമായില്ല. കുന്നു കയറി ഇറങ്ങിയുള്ള യാത്രയ്ക്കിടെ രാജഗോപാലിന്റെ മകൾ വിനോദിനിയും കോടിയേരിയുടെ മനസ്സിൽ കയറി. ആ അടുപ്പമാണ് കോടിയേരി ബാലകൃഷ്ണനും വിനോദിനിയും തമ്മിലുള്ള വിവാഹത്തിലെത്തിച്ചത്.

തലശ്ശേരി എംഎൽഎയായിരുന്ന സിപിഎം നേതാവ് എം വിരാജഗോപാലന്റെ മകളാണ് വിനോദിനി. രാജഗോപാലന്റെ സന്തത സഹചാരിയായിരുന്നു കോടിയേരി. രാഷ്ട്രീയത്തിൽ തന്റെ ശിഷ്യൻ എന്ന തരത്തിലായിരുന്നു അയൽവീട്ടിലെ പയ്യനെ രാജഗോപാലൻ കൊണ്ടു നടന്നത്. കുട്ടികളുടെ ഇഷ്ടവും അംഗീകരിച്ചു. രണ്ടു കുടുംബങ്ങളും തമ്മിൽ വളരെ അടുപ്പമായിരുന്നതിനാൽ കോടിയേരിയുടെയും വിനോദിനിയുടെയും വിവാഹത്തിനു മുന്നിൽ തടസ്സങ്ങളൊന്നും ഉണ്ടായിരുന്നില്ല

പ്രണയ വിവാഹമായിരുന്നോ എന്നു ചോദിച്ചാൽ അല്ലെന്നോ ആണെന്നോ പറയാൻ പറ്റാത്ത അടുപ്പമായിരുന്നു ഇരുവർക്കും തമ്മിൽ. 1980 ഒടുവിൽ കല്യാണം നടക്കുന്ന സമയത്ത് കോടിയേരി ഡിവൈഎഫ്‌ഐ കണ്ണൂർ ജില്ലാ പ്രസിഡന്റായിരുന്നു. തലശ്ശേരി ടൗൺ ഹാളിൽ അന്നത്തെ സിപിഎം ജില്ലാ സെക്രട്ടറി എ.വി.കുഞ്ഞമ്പുവിന്റെ കാർമികത്വത്തിലായിരുന്നു പാർട്ടി രീതിയിൽ നടന്ന ലളിതമായ വിവാഹം. കോടിയേരിയുടെ പിതാവ് കുഞ്ഞുണ്ണിക്കുറുപ്പ് കല്ലറ തലായി എൽപി സ്‌കൂൾ അദ്ധ്യാപകനായിരുന്നു. എം വിരാജഗോപാലനും അദ്ധ്യാപകനായിരുന്നു. കുട്ടിക്കാലത്തേ കോടിയേരിക്ക് അച്ഛനെ നഷ്ടമായി. പിന്നെ അമ്മ നാരായണിയുടെ അധ്വാനമാണ് കോടിയേരിയെ വളർത്തി. അമ്മാവൻ നാണു നമ്പ്യാർ കോടിയേരിയെ കമ്യൂണിസ്റ്റാക്കി. അയൽക്കാരനായ രാജഗോപാൽ നേതാവാക്കിയും.

1957ൽ രൂപീകൃതമായതുമുതൽ, ഒരു തവണ ഒഴിച്ച് ഇടതുപക്ഷ സ്ഥാനാർത്ഥികളെ മാത്രം ജയിപ്പിച്ച മണ്ഡലമാണ് തലശ്ശേരി. 1960ൽ കോൺഗ്രസിലെ പി. കുഞ്ഞിരാമൻ കൃഷ്ണയ്യരെ 23 വോട്ടിന് തോൽപ്പിച്ചു. എന്നാൽ, തെരഞ്ഞെടുപ്പുകേസിൽ ഫലം റദ്ദാക്കി ഇലക്ഷൻ ട്രിബ്യൂണൽ കൃഷ്ണയ്യരെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു. കൃഷ്ണയ്യരെ കൂടാതെ കെ.പി.ആർ. ഗോപാലൻ, എൻ.ഇ. ബാലറാം, ഇ.കെ. നായനാർ തുടങ്ങി പ്രമുഖരുടെയും അങ്കത്തട്ട്. മുഖ്യമന്ത്രിയായ ഇ.കെ. നായനാർ 1996ലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തെരഞ്ഞെടുത്തത് തലശ്ശേരിയാണ്.

കോടിയേരി ബാലകൃഷ്ണൻ അഞ്ചു തവണ ഇവിടെനിന്ന് എംഎ‍ൽഎയായി. 1957 ലെ ആദ്യ തിരഞ്ഞെടുപ്പിൽ കൃഷ്ണയ്യർ ഇടതുപക്ഷ സ്വതന്ത്രനായി വിജയിച്ചു. കോൺഗ്രസിലെ പി. കുഞ്ഞിരാമനെ 12,048 വോട്ടിനാണ് തോൽപ്പിച്ചത്. 1965 ലും 1977 ലും പാട്യം ഗോപാലൻ. 1967 ൽ കെ.പി.ആർ ഗോപാലൻ. 1970 ൽ സിപിഐയും സിപിഎമ്മും ഏറ്റുമുട്ടിയപ്പോൾ സി.പിഐ നേതാവ് എൻ.ഇ. ബലറാം ജയിച്ചു. 1979 ലെ ഉപതിരഞ്ഞെടുപ്പിലും 1980ലും സിപിഎമ്മിന് വേണ്ടി കോടിയേരിയുടെ ഭാര്യാ പിതാവ് എം വി രാജഗോപാൽ ജയിച്ചു. 1982, 1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിൽ കോടിയേരി ബാലകൃഷ്ണൻ തലശ്ശേരിയുടെ പ്രതിനിധിയായി.