പത്തനംതിട്ട: കോന്നി താലൂക്ക് ഓഫീസിലെ കൂട്ട അവധിയിൽ നടപടിക്ക് ജില്ലാ കലക്ടറുടെ ശുപാർശ. ജില്ലാ കലക്ടർ അന്വേഷണ റിപ്പോർട്ട് ലാൻഡ് റവന്യൂ കമ്മീഷണർക്ക് കൈമാറി. ജീവനക്കാരുടെ കൂട്ടഅവധിയിൽ പൊതു ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായതായും കലക്ടർ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് റവന്യൂമന്ത്രി പരിശോധിച്ച ശേഷമാകും നടപടി സ്വീകരിക്കുക.

കോന്നി താലൂക്ക് ഓഫീസിലെ 40 ഓളം ജീവനക്കാരാണ് വെള്ളിയാഴ്ച ജോലിക്ക് ഹാജരാകാതിരുന്നത്. ഇവരിൽ പകുതിയോളം പേർ ലീവ് അപേക്ഷ നൽകിയിരുന്നു. 19 പേരാണ് മൂന്നാറിൽ വിനോദയാത്രയ്ക്ക് പോയത്. ഇവർ കൃത്യമായി അവധിയെടുത്തശേഷമാണ് ഉല്ലാസയാത്രയ്ക്ക് പോയതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അതുകൊണ്ട് തനനെ കാര്യമായ നടപടികൾ ഉണ്ടാകില്ലെന്നാണ് സൂചന. തഹസിൽദാർ അടക്കം ജീവനക്കാരെ കലക്ടറേറ്റിലേക്ക് വിളിച്ചു വരുത്തി മൊഴിയെടുത്തശേഷമാണ് കലക്ടർ റിപ്പോർട്ട് തയ്യാറാക്കിയത്.

61 ജീവനക്കാരുള്ള താലൂക്ക് ഓഫീസിലെ 40 ഓളം പേർ കൂട്ടത്തോടെ അവധിയെടുത്തത് ഓഫീസിന്റെ പ്രവർത്തനം അവതാളത്തിലാക്കിയിരുന്നു. ജീവനക്കാർ കൂട്ട അവധിയെടുത്ത വിവരം അറിഞ്ഞ് കോന്നി എംഎൽഎ കെ യു ജനീഷ് കുമാർ താലൂക്ക് ഓഫീസിലെത്തിയതോടെയാണ് സംഭവം വിവാദമായത്. എംഎൽഎ താലൂക്ക് ഓഫീസിലെ ഹാജർബുക്ക് പരിശോധിക്കുകയും, വിവരം മന്ത്രിയെയും റവന്യൂ സെക്രട്ടറി ഉൾപ്പെടെയുള്ള അധികാരികളെയും അറിയിക്കുകയായിരുന്നു.

ജീവനക്കാരുടെ കൂട്ട അവധിയിൽ മാനദണ്ഡം കൊണ്ടുവരുന്നത് പരിഗണിക്കുമെന്ന് മന്ത്രി കെ രാജൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കോന്നിയിലെ കൂട്ട അവധി വിവാദമായ പശ്ചാത്തലത്തിലാണ് സർക്കാർ ഇത്തരമൊരു നടപടിക്ക് മുതിരുന്നത്. ജീവനക്കാരുടെ കൂട്ട അവധിയെ വിമർശിച്ച് സിപിഎമ്മും എൻജിഒ യൂണിയനും വിമർശിച്ചിരുന്നു.

വിവാദത്തിന്റെ പശ്ചാത്തലത്തിൽ റവന്യൂ ഓഫീസുകളിൽ ജീവനക്കാർക്ക് അവധി നൽകുന്നതിൽ മാർഗരേഖ തയ്യാറാക്കാൻ നീക്കമുണ്ട്. ഇന്ന് ചേരുന്ന റവന്യു സെക്രട്ടറിയേറ്റ് യോഗം ഇക്കാര്യം ചർച്ച ചെയ്യും. ജനങ്ങൾ നേരിട്ട് ബന്ധപ്പെടുന്ന റവന്യൂവകുപ്പായതുകൊണ്ട് ജീവനക്കാരിൽ എത്ര ശതമാനം പേർക്ക് ഒരു ദിവസം അവധി നൽകാമെന്നതിൽ പൊതു മാനദണ്ഡം ഉണ്ടാക്കാനാണ് നീക്കം.

കോന്നി താലൂക്ക് ഓഫീസിലെ റവന്യു വിഭാഗത്തിലെ ജീവനക്കാരാണ് കഴിഞ്ഞ ദിവസം കൂട്ട അവധിയെടുത്ത് ഉല്ലാസയാത്ര പോയിത്. ആകെയുള്ള 63 പേരിൽ 21 ജീവനക്കാർ മാത്രമാണ് ഓഫീസിൽ എത്തിയത്. 20 പേർ അവധി അപേക്ഷ പോലും നൽകിയിട്ടില്ലെന്നും വ്യക്തമായിരുന്നു. സംഭവം അറിഞ്ഞു സ്ഥലത്തെത്തിയ കോന്നി എംഎൽഎ കെ യു ജനീഷ്‌കുമാർ തഹസിൽദാരെ ഫോൺ വിളിച്ചു ഷുഭിതനായതോടെയാണ് വിഷയം കൂടുതൽ ചർച്ചയായത്.

ജീവനക്കാരുടെ കൂട്ട അവധിയിൽ ഇടപെട്ട എംഎൽഎയും ഉദ്യോഗസ്ഥരും തമ്മിൽ വാക്ക് പോരും വിമർശനങ്ങളുമുണ്ടായ സ്ഥിതി പിന്നീടുണ്ടായി. കെ യു ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തിയതോടെയാണ് പോര് കടുത്തത്. താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർടേഴ്‌സ് ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷ് ഔദ്യോഗിക വാട്‌സ് ആപ്പ് ഗ്രൂപ്പിലാണ് എംഎൽഎ ക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്. എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് ആയ തഹസിൽദാരുടെ കസേരയിലിരിക്കാനും രജിസ്റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നാണ് ഉദ്യോഗസ്ഥരുടെ ചോദ്യം. എന്നാൽ ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നായിരുന്നു ജനീഷ് കുമാറിന്റെ മറുപടി.