കോഴഞ്ചേരി: കോഴഞ്ചേരിയിൽ സൂപ്പർ ക്ലൈമാക്‌സ്. ഇടതുപക്ഷവും ഭരണ പക്ഷവും വിജയം ഉറപ്പിക്കുകയാണ് ഇവിടെ. പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അനിശ്ചിതത്വം മുറുകിയതിനിടെ ഒരാളെത്തന്നെ സ്ഥാനാർത്ഥിയാക്കി യുഡിഎഫും എൽഡിഎഫും. കേരള കോൺഗ്രസ് ജോസഫ് വിഭാഗം പ്രതിനിധി റോയ് ഫിലിപ്പിനെയാണ് ഇരുവിഭാഗവും പിന്തുണയ്ക്കുന്നത്.

റോയ് ഫിലിപ്പുൾപ്പെടെ കേരള കോൺഗ്രസിലെ 2 അംഗങ്ങളും എൽഡിഎഫിനെ അനുകൂലിക്കുന്ന സാഹചര്യമാണ് നിലവിൽ. ഇത് മനസ്സിലാക്കിയാണ് യുഡിഎഫും നിലപാട് മാറ്റിയത്. സിപിഎം ഇടപെടലാണ് ഇതിൽ നിർണ്ണായകമാകുന്നത്. യുഡിഎഫ് പിന്തുണയ്ക്കുമ്പോഴും മനസ്സു കൊണ്ട് റോയ് ഫിലിപ്പ് ഇടതു പക്ഷത്തേക്ക് മാറി കഴിഞ്ഞു. പ്രസിഡന്റ് പദവിയിൽ 2 വർഷത്തേക്ക് റോയ് ഫിലിപ്പിനെ നിയോഗിക്കാൻ ഇടതുമുന്നണി തീരുമാനമെടുത്തിരുന്നു. ഇതിനിടെയാണ് ജില്ലാ ചെയർമാൻ വിക്ടർ ടി.തോമസിന്റെ നേതൃത്വത്തിൽ ഇന്നലെ ചേർന്ന യോഗത്തിലുള്ള യുഡിഎഫ് തീരുമാനം.

എന്നാൽ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന് റോയ് വ്യക്തമാക്കി. നാളെ 11നാണ് തിരഞ്ഞെടുപ്പ്. റോയി ജയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. മുന്നണിയിലെ ധാരണപ്രകാരം പ്രസിഡന്റ് സ്ഥാനം കൈമാറാൻ കോൺഗ്രസ് വൈകി എന്നാരോപിച്ച് കേരള കോൺഗ്രസ് അംഗങ്ങൾ പ്രതിഷേധമുയർത്തിയതോടെയാണ് യുഡിഎഫിൽ പ്രതിസന്ധി രൂക്ഷമായത്. ഡിസിസി നേതൃത്വത്തിന്റെ നിർദ്ദേശത്തെ തുടർന്ന് പ്രസിഡന്റ് പദവി കോൺഗ്രസ് പിന്നീട് ഒഴിഞ്ഞു. എന്നാൽ മുന്നണിയിൽ അത് വലിയ പ്രതിസന്ധിയായി.

ഇതിനിടെ കേരള കോൺഗ്രസുമായി സിപിഎം നേതാക്കൾ ധാരണയിലെത്തിയിരുന്നു. അതേസമയം, കേരള കോൺഗ്രസ് വൈസ് ചെയർമാൻ ഡി.കെ.ജോണിന്റെ നേതൃത്വത്തിൽ നേതാക്കൾ ഇന്നലെ ഉച്ചയ്ക്കുശേഷം റോയ് ഫിലിപ്പിന്റെ വീട്ടിലെത്തി പ്രസിഡന്റ് സ്ഥാനത്തേക്ക് റോയ് ഫിലിപ്പിന് വോട്ട് ചെയ്യണമെന്നുള്ള യുഡിഎഫ് വിപ് കൈമാറി. ഇതോടെ രണ്ട് മുന്നണിക്കും ഒരേ സ്ഥാനാർത്ഥിയായി. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് പ്രതിനിധി ജിജി രണ്ടാഴ്ച മുമ്പാണ് രാജിവെച്ചത്.

അഞ്ച് അംഗങ്ങളുള്ള യു.ഡി.എഫിലെ രണ്ട് കേരള കോൺഗ്രസ് അംഗങ്ങൾ എൽ.ഡി.എഫ്. അവതരിപ്പിക്കാനായി തയ്യാറാക്കിയ അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചതോടെയാണ് പ്രസിഡന്റ് ബുധനാഴ്ച രാജി പ്രഖ്യാപിച്ചത്. ഇതേത്തുടർന്ന് എൽ.ഡി.എഫ്. വ്യാഴാഴ്ച നിലപാട് അറിയിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാൽ, ഓരോദിവസവും മാറ്റിവെയ്ക്കുകയായിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പിനുശേഷം നിലപാട് അറിയിച്ചാൽ മതിയെന്ന സിപിഎം. ജില്ലാ നേതൃത്വത്തിന്റെ നിർദ്ദേശം കോഴഞ്ചേരിയിലെ എൽ.ഡി.എഫ്. ഘടകകക്ഷി അംഗങ്ങൾക്ക് സ്വീകാര്യമായിരുന്നില്ല.

എൻ.സി.പി. പ്രതിനിധി മേരിക്കുട്ടി, ജനതാദൾ അംഗം ബിജോ പി.മാത്യു, സിപിഐ. പ്രതിനിധിയും നിലവിലെ വൈസ് പ്രസിഡന്റുമായ മിനി സുരേഷ് എന്നിവർ മുന്നണിക്കൊപ്പം നിന്നിട്ട് പ്രസിഡന്റ് സ്ഥാനം മുന്നണി മാറി വന്നവർക്ക് നൽകുന്നതിലെ വിയോജിപ്പ് പ്രകടിപ്പിച്ചതും എൽ.ഡി.എഫിൽ പ്രതിസന്ധിക്ക് കാരണമായിട്ടുണ്ട്. യു.ഡി.എഫിലെ കേരള കോൺഗ്രസ് അംഗങ്ങളെ കൂട്ടി അവിശ്വാസപ്രമേയത്തിന് നോട്ടീസ് നൽകിയതിനെ തുടർന്ന് പ്രസിഡന്റ് രാജി വെച്ചതിനെ തുടർന്ന് പുതിയ പ്രസിഡന്റിന്റെ കാര്യത്തിൽ വ്യക്തതവരുത്താൻ കഴിയാത്തത് എൽ.ഡി.എഫ്. പ്രാദേശിക നേതൃത്വത്തിന്റെ വീഴ്ചയായി വ്യാഖ്യാനിക്കപ്പെട്ടു. ഇതിനിടെയാണ് തീരുമാനം വന്നത്.

തിരഞ്ഞെടുപ്പിൽ മൽസരിച്ച മുന്നണിവിട്ട് മറുചേരിയിൽ ഭരണത്തിൽ പങ്കാളിയായാൽ അയോഗ്യത നേരിടേണ്ടിവരും എന്ന ഭീതി യു.ഡി.എഫ്.വിട്ട അംഗങ്ങൾക്കും ഉണ്ടായിരുന്നു. റോയിയെ യുഡിഎഫും പിന്തുണയ്ക്കുമ്പോൾ ഈ ഭയം അസ്ഥാനത്താകും.