- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടര കോടിയല്ല, അക്കൗണ്ടിൽ നിന്ന് നഷ്ടപ്പെട്ടത് 12 കോടി രൂപ; പലിശ സഹിതം 24 മണിക്കൂറിനകം തിരികെ നൽകണമെന്ന് ബാങ്കിനോട് കോഴിക്കോട് കോർപറേഷൻ; പണം നഷ്ടമായത് കുടുംബശ്രീ അക്കൗണ്ടിൽ നിന്ന്; തട്ടിപ്പ് നടത്തിയ പഞ്ചാബ് നാഷണൽ ബാങ്ക് മുൻ മാനേജർ ഒളിവിൽ; ഓഡിറ്റിങ് പൂർത്തിയാകുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി കൂടാൻ സാധ്യത
കോഴിക്കോട്: പഞ്ചാബ് നാഷണൽ ബാങ്കിന്റെ മുൻ മാനേജർ നടത്തിയ തട്ടിപ്പിൽ, കോഴിക്കോട് കോർപ്പറേഷന്റെ അക്കൗണ്ടിൽ നിന്ന് പന്ത്രണ്ട് കോടി രൂപ കാണാതായി പരാതി. റെയിൽവേ സ്റ്റേഷന് സമീപത്തെ ലിങ്ക് റോഡ് ശാഖയിൽ നിന്നാണ് പണം കാണാതായത്. ഇത് സംബന്ധിച്ച് കോർപ്പറേഷൻ സെക്രട്ടറി ടൗൺ പൊലീസിൽ പരാതി നൽകി. പലിശ സഹിതം പണം ഇരുപത്തിനാല് മണിക്കൂറിനകം തിരികെ നൽകണമെന്ന് കോർപ്പറേഷൻ, ബാങ്കിനോട് ആവശ്യപ്പെട്ടു. കുടുംബശ്രീ അക്കൗണ്ടിൽ നിന്നാണ് പണം നഷ്ടമായതെന്നാണ് റിപ്പോർട്ടുകൾ.
നേരത്തെ നഷ്ടപ്പെട്ടെന്ന് കണ്ടെത്തിയ 2.5 കോടിക്കു പുറമെ 10 കോടി രൂപ കൂടിയാണ് കാണാതായത്. മുൻ മാനേജർ എംപി.റിജിൽ വെട്ടിച്ചതായി കണ്ടെത്തിയ രണ്ടരക്കോടി ബാങ്ക് തിരിച്ചുനൽകിയിരുന്നു. 98 ലക്ഷം രൂപ കവർന്നെന്നായിരുന്നു ബാങ്കിന്റെ പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയത്. എന്നാൽ, 2.53 കോടി രൂപ നഷ്ടപ്പെട്ടെന്ന നിലപാടിൽ കോർപറേഷൻ ഉറച്ചുനിന്നു. തുടർന്ന് ബാങ്ക് നടത്തിയ ആഭ്യന്തര ഓഡിറ്റിലാണ് 2.5 കോടിയോളം രൂപ എംപി.റിജിൽ സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയതായി കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് നഷ്ടമായ മുഴുവൻ തുകയും തിരിച്ചുനൽകിയത്. തുടർന്ന് റിജിലിനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു.
എന്നാൽ കോർപ്പറേഷൻ നൽകിയ പുതിയ പരാതിയിൽ 10 കോട രൂപ അക്കൗണ്ടിൽ നിന്ന് നഷ്ടമായെന്നാണ് പറയുന്നത്. ഇതിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, പഞ്ചാബ് നാഷണൽ ബാങ്കിന്റെ ചെന്നൈ സോണൽ ഓഫിസിൽ നിന്നുള്ള ഓഡിറ്റിങ്ങ് വിഭാഗം കോഴിക്കോട് എത്തിയിട്ടുണ്ട്. തട്ടിപ്പിന്റെ വ്യാപ്തി ഇനിയും കൂടിയേക്കുമെന്നുമാണ് സൂചന.
തട്ടിപ്പ് നടത്തിയ ബാങ്ക് മുൻ മാനേജർ ഒളിവിലാണ്. കോർപ്പറേഷന്റെ അക്കൗണ്ടിലുള്ള പണം മാനേജർ തന്റെ പിതാവിന്റെയും മറ്റുബന്ധുക്കളുടെയും അക്കൗണ്ടിലേക്കാണ് മാറ്റിയത്. ഇത് കൂടാതെ ഇയാൾക്ക് മറ്റൊരു ബാങ്കിലും അക്കൗണ്ട് ഉള്ളതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മറുനാടന്‍ മലയാളി ബ്യൂറോ