- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് കോർപറേഷനിൽ 122 ശുചീകരണ തൊഴിലാളികളുടെ നിയമനം നവംബർ അവസാനം നടത്താൻ നീക്കം; ഇന്റർവ്യൂ ബോർഡിലുള്ളത് സിപിഎമ്മുകാർ മാത്രം; തിരുവനന്തപുരത്തിന് പിന്നാലെ കോഴിക്കോട്ടും നിയമന വിവാദം; ശുചീകരണ ജോലിക്കും മറ്റുമായുള്ള താൽക്കാലിക തസ്തികയിൽ 20,000 രൂപയോളമാണു ശമ്പളം; കോഴിക്കോടും നഗരസഭാ നിയമന വിവാദം
കോഴിക്കോട്: തിരുവനന്തപുരത്തിനു പിന്നാലെ കോഴിക്കോട് കോർപറേഷനിലും സിപിഎമ്മിനെ വെട്ടിലാക്കി താൽക്കാലിക നിയമന വിവാദം. ആരോഗ്യ വിഭാഗത്തിലെ 122 താൽക്കാലിക കണ്ടിൻജൻസി തസ്തികകളിൽ പാർട്ടിക്കാരെ തിരുകിക്കയറ്റാൻ സിപിഎം പ്രതിനിധികൾ മാത്രമുള്ള ഇന്റർവ്യൂ ബോർഡാണു രൂപീകരിച്ചതെന്നാണ് ആരോപണം. പ്രതിപക്ഷമായ യുഡിഎഫും ബിജെപിയും ഇതിനെതിരെ രംഗത്തെത്തി. ഈ നിയമനരീതിയുമായി മുന്നോട്ടുപോയാൽ കോടതിയെ സമീപിക്കുമെന്നും അറിയിച്ചു.
122 പേരുടെ നിയമനത്തിന് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി ആയിരത്തോളം പേരെയാണ് ഇന്റർവ്യൂവിനു ക്ഷണിച്ചത്. ഇന്റർവ്യൂ പ്രഹസനമായിരുന്നുവെന്നാണ് ആരോപണം. മാർക്ക് മാനദണ്ഡങ്ങൾ വ്യക്തമാക്കിയതുമില്ല. തിരുവനന്തപുരത്തു എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തുമെന്നു പ്രഖ്യാപിച്ചിരിക്കെയാണ് തദ്ദേശ വകുപ്പ് മന്ത്രി, അതിനിടെയാണ് കോഴിക്കോട്ട് അത്തരത്തിലുള്ള നിയമനവും സംശയനിഴലിലാകുന്നത്. ശുചീകരണ ജോലിക്കും മറ്റുമായുള്ള താൽക്കാലിക തസ്തികയിൽ 20,000 രൂപയോളമാണു ശമ്പളം. പിന്നീട് സ്ഥിരപ്പെടാൻ സാധ്യത ഏറെയാണ്. പാർട്ട് ടൈം ജോലിക്കാർക്ക് സർവ്വീസ് സ്ഥിരപ്പെടുത്തി നൽകുന്നതാണ് കീഴ് വഴക്കം.
കോഴിക്കോട് കോർപറേഷനിൽ 122 ശുചീകരണ തൊഴിലാളികളുടെ നിയമനം നവംബർ അവസാനം നടത്താനാണ് തീരുമാനം. 1075 പേരുള്ള റാങ്ക് പട്ടികയിൽനിന്നാണ് നിയമനം. നിലവിൽ മുന്നൂറോളം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. നഗരത്തിന്റെ ഹൃദയഭാഗങ്ങളിൽ കോവിഡ് കാലത്ത് നിലച്ച രാത്രികാല ശുചീകരണം പുനരാരംഭിക്കുന്നതും കോർപറേഷൻ പരിഗണിക്കുന്നുണ്ട്. രാത്രി 12ന് ആരംഭിച്ച് പുലർച്ചെ അഞ്ചിന് അവസാനിക്കുന്ന നിലയിലാവും ഇത്. വൃത്തിയുള്ള നഗരം കണികണ്ടുണരുകയെന്ന ആശയമാണ് നടപ്പാവുക. എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ശുപാർശചെയ്ത ഉദ്യോഗാർഥികൾക്ക് കായികക്ഷമതാ പരീക്ഷയും അഭിമുഖവും നടത്തിയാണ് റാങ്ക് പട്ടിക തയ്യാറാക്കുന്നത്. ഇരൂന്നൂറിലധികം പേർ വിരമിച്ച ഒഴിവിലേക്കാണ് 122 പേരെ നിയമിക്കുക.
പുതുതായി 60 ഒഴിവിലേക്കുള്ള നിയമനത്തിനായി ഉദ്യോഗാർഥികളുടെ പട്ടിക കോർപറേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഓപ്പൺ വിഭാഗത്തിൽ 49 ഒഴിവിലേക്ക് 441 പേരാണ് റാങ്ക് പട്ടികയിലുള്ളത്. മറ്റ് വിഭാഗങ്ങളുടെ ഒഴിവുകളും റാങ്ക് ലിസ്റ്റിലുള്ളവരുടെ എണ്ണവും(ബ്രാക്കറ്റിൽ) ചുവടെ: ഈഴവ/തിയ്യ/ ബില്ല - 13(117), പട്ടികജാതി-10 (90), പട്ടികവർഗം-2 (18), മുസ്ലിം-12 (108), ലത്തീൻ, കത്തോലിക്കൻ, ആംഗ്ലോ ഇന്ത്യൻ-5 (45), മറ്റുള്ള വിഭാഗങ്ങൾ ആകെ- 19 (119). ബിരുദാനന്തര ബിരുദധാരികൾ ഉൾപ്പെടെ അപേക്ഷകരിലുണ്ട്.
ശുചീകരണ ജോലിക്ക് സന്നദ്ധരാണെന്ന് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രേഖാമൂലം അറിയിച്ചവരെയാണ് പരിഗണിച്ചത്. നിലവിൽ അഞ്ഞൂറിലധികം പേരാണ് ശുചീകരണ തൊഴിലാളികളായുള്ളത്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നിന്നുള്ള പട്ടികയിൽനിന്ന് നിയമിക്കുന്നവരുടെ ശരാശരി പ്രായം നാൽപ്പതിന് മുകളിലാണ്. നിയമനം നഗരശുചീകരണം കുറേക്കൂടി ഭംഗിയായി നിർവഹിക്കാൻ സഹായകമാവുമെന്ന് കോർപറേഷൻ ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷ ഡോ. എസ് ജയശ്രീ പറഞ്ഞു. എന്നാൽ ഇവരെ നിയമിക്കാൻ സിപിഎം പ്രതിനിധികൾ മാത്രമുള്ള അഭിമുഖ സമിതിയെ നിശ്ചയിച്ചതാണ് വിവാദത്തിന് കാരണം.
നഗരസഭ ആരോഗ്യവിഭാഗത്തിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി പാർട്ടിക്കാരുടെ മുൻഗണനാ പട്ടിക നൽകാൻ ആവശ്യപ്പെട്ട് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് അയച്ച കത്ത് സിപിഎമ്മിന്റെ അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും നികുതിപ്പണം കൊള്ളയടിക്കുന്ന രീതിയുമാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. എന്നുമാത്രമല്ല നഗരസഭ പൊതുമരാമത്ത് കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ.അനിൽ ജില്ലാ സെക്രട്ടറിക്ക് അയച്ച സമാനരീതിയിലുള്ള കത്തും പുറത്തുവന്നു. വിവിധ വകുപ്പുകളിലെ ഒഴിവുകൾ പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യാതെ സ്വന്തം പാർട്ടിക്കാർക്ക് പിൻവാതിൽ നിയമനം നൽകുന്നുവെന്ന ആരോപണമാണ് ശക്തമാകുന്നത്.
ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന പരിവേഷത്തോടെ അധികാരമേറ്റെടുത്ത ആര്യാ രാജേന്ദ്രന്റെ രണ്ട് വർഷക്കാലത്തെ ഭരണത്തിനിടെ അഴിമതിയുടെ ഘോഷയാത്രയാണ് നടന്നത്. കെട്ടിട നമ്പർ അനുവദിക്കുന്നതിലെ അഴിമതി, ആറ്റുകാൽ പൊങ്കാലയുടെ പേരിൽ നടത്തിയ കോടികളുടെ അഴിമതി, ജനങ്ങൾ അടച്ച നികുതിപ്പണം വെട്ടിച്ചത്, എൽഇഡി കരാർ തട്ടിപ്പ്, പട്ടികജാതി ഫണ്ട് തട്ടിപ്പ്, അക്ഷരശ്രീ തട്ടിപ്പ് എന്നിവ പുറത്തുവന്ന അഴിമതികൾ മാത്രം. പാർട്ടിക്കാരുടെ പോക്കറ്റിലേക്ക് പണമെത്തിക്കുന്ന പദ്ധതിയാണിത്. പ്രതിഷേധവും വിമർശനവുമൊന്നും ഇക്കാര്യത്തിൽ സിപിഎമ്മും മേയറും കണക്കിലെടുക്കാറില്ല. ഇതിനിടെയാണ ്കത്ത് വിവാദമുണ്ടാകുന്നത്.
തിരുവനന്തപുരം കോർപ്പറേഷൻ ആരോഗ്യവകുപ്പിലെ താത്കാലിക ഒഴിവുകളിലേക്ക് നിയമിക്കാനുള്ള ശുപാർശയ്ക്കായി പാർട്ടിയോട് ആവശ്യപ്പെടുന്ന കത്ത് വ്യാജമാണെന്ന് മേയർ വിശദികരിച്ചിട്ടുണ്ട്. കത്ത് എങ്ങനെയുണ്ടായെന്ന് പരിശോധിക്കട്ടെ, ആവശ്യമായ അന്വേഷണങ്ങൾ നടത്തട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ