- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഷെയ്ക്കിൽ ഉപയോഗിച്ചത് പോഷകഗുണവും പ്രോട്ടീൻ അളവ് കൂടുതലുള്ളതുമായ ഹെമ്പ് സീഡ്; ഭക്ഷ്യ അഥോറിറ്റിയുടെ മാദണ്ഡങ്ങൾ പാലിച്ചാണ് കട നടത്തുന്നത്; കോഴിക്കോട് മിൽക്ക് ഷെയ്ക്കിൽ കഞ്ചാവ് കുരു ചേർത്തു നൽകിയ സംഭവത്തിൽ വിശദീകരണവുമായി കടയുടമ; തുടർനടപടികൾ രാസപരിശോധന ഫലത്തിന് ശേഷമെന്ന് എക്സൈസ് സംഘം
കോഴിക്കോട്: ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളിൽ മിൽക്ക് ഷെയ്ക്കിൽ കഞ്ചാവ് കുരു ചേർത്തു നൽകിയ സംഭവത്തിൽ വിശദീകരണവുമായി കടയുടമ. ഷെയ്ക്കിൽ ചേർത്തത് കഞ്ചാവിന്റെ കുരു അല്ലെന്നും ഭക്ഷ്യ അഥോറിറ്റിയുടെ അനുമതിയുള്ള ഹെമ്പ് സീഡാണെന്നും കടയുടമ ഡോ. സുഭാഷിഷ് പ്രതികരിച്ചു. ഭക്ഷ്യ സുരക്ഷാ അഥോറിറ്റിയുടെ മാനദണ്ഡങ്ങൾ എല്ലാം പാലിച്ചാണ് കട നടത്തുന്നതെന്നും ഇയാൾ പറഞ്ഞു.
'വളരെ പോഷക ഗുണമുള്ളവയാണ് ഹെമ്പ് സീഡുകൾ. ഇവയിൽ പ്രോട്ടീൻ അളവ് കൂടുതലുമാണ്. ഒമേഗ 2, ഒമേഗ 3, ഫാറ്റി ആസിഡ്സ് എന്നിവയും അടങ്ങിയിട്ടുണ്ട്. മുടിയുടെ വളർച്ചയ്ക്കും ത്വക്കിനും ഗുണപ്രദമാണ്. 2021 നവംബർ 15ന് ഭക്ഷ്യ സുരക്ഷാ അഥോറിറ്റി ഹെമ്പ് സീഡ് ഉപയോഗിക്കുന്നതിന് അനുമതി നൽകിയിരുന്നു', കടയുടമ പറഞ്ഞു.
ഇന്നലെയായിരുന്നു ഗുജറാത്തി സ്ട്രീറ്റിലെ ജ്യൂസ് സ്റ്റാളുകളിൽ എൻഫോഴ്സ്മെന്റ് നാർക്കോട്ടിക് സ്‌ക്വാഡ് പരിശോധന നടത്തിയത്.ജ്യൂസ് സ്റ്റാളിൽ നിന്നും ഹെംബ് സീഡ് ഓയിലും കഞ്ചാവിന്റെ കുരുവും ചേർത്ത 200 മില്ലി ദ്രാവകം പിടികൂടി.സീഡ് ഓയിൽ രാസപരിശോധനക്കായി കോഴിക്കോട് റീജിയണൽ കെമിക്കൽ ലാബിലേക്കയച്ചു.ജ്യൂസ് സ്റ്റാളിൽ കഞ്ചാവ് ചെടിയുടെ അരി ഉപയോഗിച്ച് ഷെയ്ക്ക് അടിച്ചു വിൽപ്പന നടത്തുന്നതായും ഇത്തരത്തിലുള്ള ഷെയ്ക്കിനെക്കുറിച്ച് സോഷ്യൽ മീഡിയ വഴി പ്രചരണം നടക്കുന്നതായും എക്സൈസ് കമ്മീഷണർക്ക് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
കഞ്ചാവിന്റെ കുരു ഓയിൽ രൂപത്തിലാക്കി മിൽക്ക് ഷെയ്ക്കിൽ കലക്കി കൊടുക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിനെതിരെ കേസെടുത്തതായും എക്സൈസ് വാർത്താക്കുറിപ്പിൽ അറിയിച്ചിരുന്നു.പരിശോധനാഫലം ലഭിക്കുന്ന മുറക്ക് തുടർനടപടികൾ സ്വീകരിക്കുമെന്നായിരുന്നു അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ എൻ സുഗുണൻ അറിയിച്ചത്. ഡൽഹിയിൽ നിന്നുമാണ് ഇത്തരത്തിലുള്ള കഞ്ചാവിന്റെ കുരു വരുന്നത്.
ഇത്തരത്തിലുള്ള കൂടുതൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതായി എക്‌സൈസ് സംശയിക്കുന്നുണ്ട്. വിദ്യാർത്ഥികൾ കൂടുതലായി ഈ സ്ഥാപനത്തിൽ എത്തുന്നുണ്ടോയെന്നും എക്സൈസ് സംഘം നിരീക്ഷിച്ചു വരുകയാണെന്നും രാസപരിശോധനഫലത്തിനു ശേഷം തുടർപടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ