- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളേജിൽ ഹാലോവീൻ ആഘോഷം; ഫ്‌ളാഷ്‌മൊബ് പ്രോഗ്രാമിൽ ഹൊറർ ചിത്രം നണ്ണിലെ വേഷത്തെ അനുസ്മരിപ്പിക്കും വിധം വസ്ത്രം ധരിച്ച് വിദ്യാർത്ഥികളുടെ നൃത്തം; കത്തോലിക്കാ കോളേജിൽ നടന്നത് പിശാചിന്റെ ആഘോഷമെന്ന് തീവ്രനിലപാടുകാരും; കുട്ടികളുടെ പിള്ളേരുകളിയെ ഗൗരവത്തോടെ കണ്ടപ്പോൾ സംഭവിച്ചത്
ചങ്ങനാശ്ശേരി: ഇന്നത്തെ ലോകത്ത് എന്തും ഏതും ആഘോഷമാക്കുന്നവരാണ് കൗമാരക്കാർ. അതിന് അവർ അവസരം കാത്തിരിക്കാറുണ്ടെന്നതും വാസ്തവമാണ്. കേരളത്തിലെ കോളേജുകളിൽ എന്തും ഏതും ആഘോഷിക്കാൻ തയ്യാറാക്കുന്നവരാണ് കുട്ടികളും. ഓണഘോഷവും ക്രിസ്തുമസ് - പുതവത്സര ആഘോഷങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അത്തരത്തിൽ ലോകം മുഴുവൻ നടക്കുന്ന ഹാലോവീൻ ആഘോഷവും ഇപ്പോൾ കേരളക്കരയിലേക്ക് എത്തിയിട്ടുണ്ട്. ഹാലോവീൻ വേഷങ്ങൾ ധരിച്ചുള്ള ആഘോഷങ്ങൾ അപൂർവ്വമല്ലെന്ന നിലയിലാണ് കാര്യങ്ങൾ.
ഇതിനിടെയാണ് കേരളത്തിലെ ഒരു കോളേജിൽ നടന്ന ഹാലോവീൻ ആഘോഷം വിവാദങ്ങൾക്ക് വഴിവെച്ചത്. ചങ്ങനാശ്ശേരി ക്രിസ്തുജ്യോതി കോളേജിൽ നടന്ന ഹാലോവീൻ ആഘോഷമാണ് ചിലർ വിവാദമാക്കുന്നത്. കോളേജിന്റെ ഇന്റർവെല്ലിന്റെ ഇടവേളയിലാണ് വിദ്യാർത്ഥികൾ ഒരു ഫ്‌ളാഷ്‌മോബുമായി രംഗത്തുവന്നത്. ഈ ഫ്‌ളാഷ്‌മോബിൽ ധരിച്ച വേഷവിധാമാണ് വിവാദത്തിന് ഇടയാക്കിയത്. പ്രശസ്തമായ ഹൊറർ ചിത്രം നണ്ണിലെ വേഷത്തെ അനുസ്മരിപ്പിക്കും വിധം വസ്ത്രം ധരിച്ച് വിദ്യാർത്ഥികളുടെ നൃത്തം ചെയ്യുകയയിരുന്നു.
അതേസമയം കുട്ടികൾ അടക്കം ആഘോഷിച്ച ഫ്‌ളാഷ്‌മോബിന്റെ വീഡിയോ പുറത്തുവന്നപ്പോൾ ചിലർ പ്രതിഷേധവുമായി രംഗത്തുവരികയായിരുന്നു. ക്രൈസ്തവ വിഭാഗത്തെ അവഹേളിക്കലാണ് ഇതെന്ന വിധത്തിലാണ് ചിലർ രംഗത്തുവന്നത്. കത്തോലിക്കാ കോളേജിൽ പിശാചിന്റെ ആഘോഷം എന്ന വിധത്തിൽ ഇവർ ഇതിനെ പ്രചരിപ്പിക്കുകയും ചെയ്തു. നൺ വേഷത്തിൽ ഡാൻസ് കളിച്ചത് ക്രൈസ്തവ വിശ്വാസത്തെയും ക്രൈസ്തവ സന്യാസത്തേയും അവഹേളിക്കലാണെന്നതായി ഇവരുടെ പക്ഷം.
ഇത്തരക്കാർ പ്രതിഷേധവുമായി രംഗത്തുവന്നതോടെ സംഭവത്തിൽ കോളേജ് അധികൃതർ ക്ഷമാപണം നടത്തുകയായിയിരുന്നു. കോളേജിൽ വിദ്യാർത്ഥികൾ നടത്തിയ ഫ്‌ളാഷ്‌മൊബ് പ്രോഗ്രാമിൽ കൈസ്തവ വിശ്വാസത്തിനും ക്രൈസ്തവ സന്യാസത്തിന്നും എതിരായി നടന്ന അവതരണം തീർത്തും തെറ്റായി പോയി എന്ന് ഞങ്ങൾ മനസ്സിലാക്കുന്നു. അതുകൊണ്ട് മാപ്പു പറയുന്നതായും ക്രിസ്തുജ്യോതി കോളേജ് മാനേജ്മന്റ് വ്യക്തമാക്കുകയായിരുന്നു. അതേസമം ഈ വിഷയം അത്രയ്ക്ക് ഗൗരവത്തോടെ എടുക്കേണ്ട കാര്യമുണ്ടോ എന്ന മറുവശവു ഉയർന്നു. കുട്ടികളുടെ പിള്ളേരുകളിയായി കണ്ടാൽ പോരേ എന്നാണ് മറ്റു ചിലർ ചോദിക്കുന്നത്.
അതേസമയം, 'ഹാലോവീൻ' പൈശാചിക ആരാധനയ്ക്ക് തുല്യമാണെന്നും അതിനാൽ വിട്ടുനിൽക്കണമെന്നുമാണ് വത്തിക്കാൻ നിലപാട്. ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് കുട്ടികളെ അകറ്റിനിറുത്താൻ മാതാപിതാക്കൾ ശ്രദ്ധിക്കണമെന്നും പകരം വിശുദ്ധരുടെ വേഷങ്ങൾ അണിയുന്ന 'ഹോളീവീൻ' ആഘോഷങ്ങളിൽ പങ്കെടുക്കാൻ കുട്ടികളെ പ്രോത്സാഹിപ്പിക്കണമെന്നും 2014ൽ വത്തിക്കാൻ ആഹ്വാനം ചെയ്തിരുന്നു.
എന്താണ് ഹാലോവീൻ?
ആത്മാക്കളുടെ ദിനമാണ് ഹാലോവീൻ. ഈ ദിവസം മരണപ്പെട്ടവരുടെ ആത്മാക്കൾ വീടുകൾ സന്ദർശിക്കാൻ എത്തുമെന്നാണ് വിശ്വാസം. ഇതിനായി പേടിപ്പെടുത്തുന്ന വേഷങ്ങളിൽ അവരെ സ്വീകരിക്കാൻ ഏവരും ഒരുങ്ങും. പാശ്ചാത്യ ക്രിസ്തുമത വിശ്വാസമനുസരിച്ച് വിശുദ്ധരുടെ തിരുനാളിന്റെ തലേദിവസമായ ഒക്ടോബർ 31ന് ഈ ആഘോഷം കൊണ്ടാടുന്നു. ഹാലോവീൻ എന്നാൽ ഓൾ ഹാലോസ് ഈവ് എന്നാണ് മുഴുവൻ പേര്.
പുരാതന കെൽറ്റിക് ഉത്സവമായ സാംഹെയിനിൽ നിന്നാണ് ഈ പാരമ്പര്യം ഉത്ഭവിച്ചത്. വീടുകൾക്ക് മുന്നിൽ ഹാലോവീൻ രൂപങ്ങൾ വച്ച് അലങ്കരിക്കുന്നു. അസ്ഥികൂടങ്ങൾ, മത്തങ്ങ ഉപയോഗിച്ചുള്ള തല, കാക്ക, എട്ടുകാലി തുടങ്ങിയ പേടിപ്പെടുത്തുന്ന രൂപങ്ങൾ ഉപയോഗിച്ചാണ് അലങ്കരിക്കാറുള്ളത്. കുട്ടികളും മുതിർന്നവരും പേടിപ്പെടുത്തുന്ന വസ്ത്രങ്ങൾ ധരിക്കുന്നു. കുട്ടികൾ ഓരോ വീടുകളിലും പോയി 'ട്രിക്ക് ഓർ ട്രീറ്റ്' (വികൃതി അല്ലെങ്കിൽ സമ്മാനം) എന്ന് ചോദിക്കുന്നു. ട്രിക്ക് പറഞ്ഞാൽ വികൃതിയും ട്രീറ്റ് പറഞ്ഞാൽ സമ്മാനവുമാണ് രീതി.
വിശുദ്ധൻ എന്നർഥമുള്ള ഹാലോ വൈകുന്നേരം എന്ന അർഥം ഉള്ള ഈവിനിങ് എന്നീ പദങ്ങളിൽ നിന്നാണ് ഹാലോവീൻ എന്ന പദം രൂപം കൊണ്ടത്. പാശ്ചാത്യരാജ്യങ്ങളിലാണ് ഹാലോവീൻ പ്രധാനമായും ആഘോഷിക്കാറ്. എന്നാൽ, പിന്നീട് ഇത് ലോകത്തിന്റെ മിക്കവാറും ഭാഗങ്ങളിൽ ആഘോഷിച്ചു തുടങ്ങി. ഇപ്പോൾ മലയാളികളും നഗരങ്ങളിൽ ഹാലോവീൻ ആഘോഷിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ