- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷം കൂടി നീട്ടിയാൽ ശമ്പള പരിഷ്ക്കരണത്തിൽ ഉൾപ്പെടും; പ്രതിമാസ പെൻഷൻ ഒരു ലക്ഷത്തിലേറെയാകും; 2023 ൽ വിരമിക്കേണ്ട ഇടതു സംഘടനാ നേതാക്കൾക്കായി പെൻഷൻപ്രായം ഉയർത്താൻ കെ.എസ്.ഇ.ബി.യിൽ നീക്കം; പിന്തുണച്ച് സിപിഎം; നേതാക്കളെ തീറ്റിപ്പോറ്റാൻ വൈദ്യുതി നിരക്ക് ഇനിയും കൂട്ടുമോയെന്ന് ഭയന്ന് ഉപഭോക്താക്കൾ
തിരുവനന്തപരം: കെ.എസ്.ഇ.ബി.യിലെ ജീവനക്കാരുടെ പെൻഷൻപ്രായം ഉയർത്താൻ ധൃതി പിടിച്ചു നീക്കം. കെ.എസ്.ഇ.ബി.യിലെ ജീവനക്കാരുടെ പെൻഷൻപ്രായം വർദ്ധിപ്പിക്കാൻ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം എടുത്തതായാണ് ചില കേന്ദ്രങ്ങൾ പ്രചാരണം നടത്തുന്നത്.
കെ.എസ്.ഇ.ബി.യിൽ സമീപകാലത്ത് ഉടലെടുത്ത വിവാദങ്ങളിൽ നായകനായ ഓഫീസർ സംഘടന നേതാവിനും മറ്റു ചില ഇടതുപക്ഷ സംഘടനാ നേതാക്കൾക്കും കൂടുതൽ കാലം ജോലിയിൽ തുടരാൻ വേണ്ടിയാണ് ഈ നീക്കം. കൂടാതെ ചില ഉദ്യോഗസ്ഥരുടെ ശമ്പള വർദ്ധന അടക്കമുള്ള ലക്ഷ്യങ്ങളും നീക്കത്തിന് പിന്നിലുണ്ടെന്നാണ് പറയപ്പെടുന്നത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടേതുപോലെ കെ.എസ്.ഇ.ബി.യിലും പെൻഷൻ പ്രായം നിലവിൽ 56 വയസാണ്. സർക്കാരിലേതു പോലെ കെ.എസ്.ആർ ചട്ടങ്ങളാണ് കെ.എസ്.ഇ.ബി.യിലും ബാധകം. കെ.എസ്.ഇ.ബി കമ്പനിയായതിനു ശേഷവും, കെ.എസ്.ആർ അനുസരിച്ചാണ് പെൻഷൻ ഉൾപ്പടെയുള്ള സേവനവ്യവസ്ഥകൾ തുടരുന്നത്. അതുകൊണ്ടാണ് കെ. എസ്. ഇ. ബിയിലും സർക്കാരിലെ അതെ പെൻഷൻപ്രായം ഇപ്പോഴും തുടരുന്നത്.
കെ എസ് ഇ ബി യിലെ ഇടത് സംഘടനാ നേതാക്കളിലെ പ്രമുഖരായ ചിലർ 2023 ലാണ് വിരമിക്കുന്നത്. ഓഫീസേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും വിവാദനായകനുമായ എം. ജി സുരേഷ് കുമാർ, ഓഫിസേഴ്സ് അസോസിയേഷന്റെ തന്നെ ജനറൽ സെക്രട്ടറിയായ ബി.ഹരികുമാർ, സിഐ.ടി.യു സംഘടനയായ കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷന്റെ ജനറൽ സെക്രട്ടറി എസ്. ഹരിലാൽ, എ ഐ ടി യു സി സംഘടനയായ കേരള ഇലക്ട്രിസിറ്റി വർക്കേഴ്സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി എം. പി ഗോപകുമാർ എന്നിവരാണ് 2023ൽ വിരമിക്കുന്ന പ്രമുഖ നേതാക്കൾ. ഇവരെക്കൂടാതെ ഈ സംഘടനകളിൽപ്പെട്ട പത്തോളം സംസ്ഥാന ഭാരവാഹികളും 2023 ൽ സർവ്വീസിൽ നിന്നു വിരമിക്കുന്നു. ഇവർക്ക് വേണ്ടിയാണ് പുതിയ നീക്കമെന്നാണ് ഉയരുന്ന ആരോപണം.
സർക്കാരിൽ കാലാകാലങ്ങളിൽ പെൻഷൻ സംബന്ധിച്ച് വരുത്തുന്ന മാറ്റങ്ങൾ അതേപടി കെ.എസ്.ഇ.ബി യിലും നടപ്പിലാക്കും എന്നാണ് കമ്പനിയാകുന്ന സമയത്ത് മാനേജ്മെന്റും സംഘടനകളും തമ്മിൽ ഉണ്ടാക്കിയ പൊതുധാരണ. കെ.എസ്.ആർ.ടി.സി, വാട്ടർ അഥോറിറ്റി തുടങ്ങിയ പൊതു മേഖലാ സ്ഥാപനങ്ങളിലും പെൻഷൻ പ്രായം സർക്കാരിലേതു പോലെ 56 വയസാണ്. ഈ സ്ഥാപനങ്ങളിലും കെ.എസ്.ആർ അനുസരിച്ചാണ് പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നത്. അതേസമയം കേരള സർക്കാർ ഉടമസ്ഥതയിലുള്ള മറ്റു 104 പൊതു മേഖല സ്ഥാപനങ്ങളിലും കെ.എസ്.ആർ പ്രകാരമുള്ള സ്റ്റാറ്റിയൂട്ടറി പെൻഷൻ നൽകുന്നില്ല. അതിനാലാണ് ഈ സ്ഥാപനങ്ങളിൽ പെൻഷൻ പ്രായം 58 വയസായി ഇപ്പോൾ നിശ്ചയിച്ചിട്ടുള്ളത്.
കെ.എസ്.ഇ.ബി.യിൽ 2021ൽ നടന്ന ശമ്പള പരിഷ്‌കരണത്തെ തുടർന്ന് ശമ്പള പെൻഷൻ ഇനത്തിൽ 2021-22 സാമ്പത്തിക വർഷം മാത്രം ഉണ്ടായ വർദ്ധനവ് 2130 കോടി രൂപയാണ്. നിലവിലുള്ള രീതി അനുസരിച്ചു അടുത്ത ശമ്പള പരിഷ്‌ക്കരണം 2023 ജൂലായ് 31 ന് പ്രാബല്യത്തിൽ വരും. അതുകൂടി വരുമ്പോൾ ശമ്പളത്തിനും പെൻഷനുമായി ഒരു വർഷം വരാവുന്ന വർദ്ധന 5000 കോടിയിലധികം വരും.
പെൻഷൻ പ്രായം വർദ്ധിപ്പിച്ചാൽ ഈ ചെലവ് വലിയ തോതിൽ വീണ്ടും വർധിക്കും. തൊഴിലാളികളിലും ഓഫീസർമാരിലും നിലവിൽ ഉയർന്ന ശമ്പളം വാങ്ങുന്നവരാണ് പെൻഷനാകുന്നത്. പെൻഷൻ പ്രായം വർധനയിലൂടെ അത്തരക്കാർക്ക് പുതുക്കിയ ശമ്പള സ്‌കയിലിൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകേണ്ടിവരും. ഭീമമായ സാമ്പത്തിക ബാധ്യതയാണ് ഇതിലൂടെ കെ. എസ്. ഈ. ബി ക്ക് ഉണ്ടാകുന്നത്. ഇത് വീണ്ടും നിരക്ക് കൂടുതലിന് കാരണമാകും.
25 വർഷത്തെ സേവനം പൂർത്തിയാക്കി 2023 ൽ സർവ്വീസിൽ നിന്ന് വിരമിക്കുന്ന എം. ജി സുരേഷ് കുമാറിനു വിരമിച്ചതിനുശേഷം പ്രതിമാസം 71000 രൂപ പെൻഷനും 80 ലക്ഷത്തിലധികം രൂപ ഇതര വിരമിക്കൽ ആനുകൂല്യങ്ങളുമായി ലഭിക്കും. രണ്ട് വർഷം കൂടി സർവ്വീസ് നീട്ടിയാൽ രണ്ടു വാർഷിക ഇൻക്രിമെന്റും, 2023 ൽ ഉണ്ടാകുന്ന ശമ്പളപരിഷ്‌ക്കരണവും ലഭിക്കും. അങ്ങനെ വന്നാൽ പ്രതിമാസ പെൻഷൻ 71000 രൂപയിൽ നിന്ന് 1.05 ലക്ഷം രൂപയായി വർധിക്കും. ഇതര പെൻഷൻ ആനുകൂല്യങ്ങൾ 80 ലക്ഷത്തിൽ നിന്ന് ഒരു കോടി രൂപയിലധികമായി വർധിക്കും. സി. ഐ. ടി യു നേതാവായ ഹരിലാൽ 2023ൽ വിരമിക്കുമ്പോൾ 48545 രൂപ പ്രതിമാസ പെൻഷനായും 60 ലക്ഷം രൂപ ഇതര പെൻഷൻ ആനുകൂല്യങ്ങളായും ലഭിക്കും. പെൻഷൻ പ്രായം രണ്ട് വർഷം കൂട്ടിയാൽ പ്രതിമാസ പെൻഷൻ 72918 രൂപയായും ഇതര പെൻഷൻ ആനുകൂല്യങ്ങൾ 75 ലക്ഷമായും വർധിക്കും.
എ.ഐ. ടി. യു. സി നേതാവായ എം. പി ഗോപകുമാർ 2023 ൽ വിരമിക്കുമ്പോൾ 48451രൂപ പ്രതിമാസ പെൻഷനായും 60 ലക്ഷത്തോളം രൂപ മറ്റു പെൻഷൻ ആനുകൂല്യങ്ങളായും ലഭിക്കും. പെൻഷൻ പ്രായം രണ്ട് വർഷം കൂട്ടിയാൽ പ്രതിമാസ പെൻഷൻ 72781 രൂപയും മറ്റു പെൻഷൻ ആനുകൂല്യങ്ങൾ 75 ലക്ഷവുമായി വർധിക്കും. 2023 ൽ ഏകദേശം 1000 പേരാണ് സർവ്വീസിൽ നിന്ന് വിരമിക്കുന്നത്. പെൻഷൻ പ്രായ വർധന ഉണ്ടായാൽ ഇവർക്ക് 2023 ൽ ലഭിക്കുന്നതിനേക്കാൾ ശരാശരി 20000 രൂപയുടെ വർധനവ് പ്രതിമാസ പെൻഷനിൽ 2025 ൽ ഉണ്ടാകും. വർദ്ധിച്ച പെൻഷൻ ആനുകൂല്യങ്ങൾ നൽകാൻ മാത്രം 120 കോടി രൂപ 2025 ൽ അധികമായി കണ്ടെത്തേണ്ടിവരും. ഈ വർദ്ധനവ് വരും വർഷങ്ങളിലും കമ്പനിയുടെ ചെലവിൽ ആവർത്തിച്ചു പ്രതിഫലിക്കും.
കഴിഞ്ഞ നാലഞ്ച് തവണയായി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ കെ എസ് ഇ ബി യുടെ വരവ് ചെലവ് കണക്കുകൾ അംഗീകരിച്ച് പുറത്തിറക്കുന്ന ഉത്തരവുകളിൽ കെ എസ് ഇ ബി യുടെ ഓപ്പറേഷൻ & മെയിന്റനൻസ് കോസ്റ്റ് കുറയ്ക്കണമെന്ന് കർശന നിർദ്ദേശം നൽകിയിട്ടും ബന്ധപ്പെട്ട അധികൃതർ ഇക്കാര്യം ഇതുവരെ ചെവിക്കൊണ്ടിട്ടില്ല. 2021-ൽ തൊഴിലാളി യൂണിയനുകളൂം മാനേജ്മെന്റും ചേർന്ന് ഒപ്പുവച്ച ശമ്പള പരിഷ്‌ക്കരണ കരാറിലും കെ.എസ്. ഇ ബി യുടെ പുനഃസംഘടന അടിയന്തിരമായി നടത്തും എന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. വിരമിക്കുന്ന ജീവനക്കാരുടെ എണ്ണത്തിനു അനുസരിച്ചു ആകെ ജീവനക്കാരുടെ എണ്ണം ക്രമീകരിച്ചാൽ ഭാവിയിൽ ശമ്പള ചെലവ് കുറയ്ക്കാനാകും.
വൈദ്യുതി നിരക്കുകൾ വർധിപ്പിക്കാതെ ബോർഡിന്റെ ചെലവ് കുറയ്ക്കാനും ഇതിലൂടെ കഴിയും. എന്നാൽ അതിനൊന്നും കാര്യമായ ഒരു ശ്രമവും നടത്താതെ ഒരു ചെറു ന്യൂനപക്ഷം വരുന്ന സംഘടനാ നേതാക്കളുടെ സ്വകാര്യ താത്പര്യം മാത്രം ലക്ഷ്യം വച്ചാണ് പെൻഷൻ പ്രായം കൂട്ടുന്നതിനായി ശ്രമം നടത്തുന്നത്. പെൻഷൻ പ്രായം ഇപ്പോൾ കൂട്ടുന്നത് സ്ഥാപനത്തിന്റെ നിലനിൽപിനെ തന്നെ ദോഷകരമായി ബാധിക്കും. പെൻഷൻപ്രായ വർധനയ്ക്ക് പിന്നിൽ ഇപ്പോൾ ചരട് വലിക്കുന്നത് എംപിയായ മുതിർന്ന സിപിഎം നേതാവാണെന്നും ആരോപണമുണ്ട്.
കെ എസ് ഇ ബി യുടെ സഞ്ചിത നഷ്ടം 14000 കോടി രൂപയും 9000 കോടിയുടെ കടബാധ്യതയും 35824 കോടിയുടെ പെൻഷൻ ബാധ്യതയും ഉണ്ട്. ഈ ഘട്ടത്തിലാണ് ഭാവിയിൽ വലിയ അധിക സാമ്പത്തിക ബാധ്യത വരുത്തുന്ന പെൻഷൻ പ്രായ വർധനക്ക് ശ്രമം നടത്തുന്നത്.
മറുനാടന് മലയാളി ബ്യൂറോ