- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാ വർഷവും പലവട്ടം സർചാർജ്ജ് എന്ന പേരിൽ കൊള്ള; മൂന്ന് വർഷം കൊണ്ട് ഇതിന് പുറമേ കൂട്ടേണ്ടത് യൂണിറ്റിന് 90 പൈസയോളം; ലാഭത്തിലാണെന്ന് വീമ്പ് പറയുമ്പോഴും സാധാരണക്കാരെ വെറുതെ വിടാതെ കെ എസ് ഇ ബി; വീണ്ടും വൈദ്യുത നിരക്ക് കൂട്ടിയേക്കും; പുതിയ അപേക്ഷ റെഗുലേറ്ററി കമ്മീഷന് മുമ്പിൽ; ജനത്തെ വലയ്ക്കാൻ കെ എസ് ഇ ബി
തിരുവനന്തപുരം: വൈദ്യുത ബോർഡ് ലാഭത്തിലാണെന്നാണ് സർക്കാർ അവകാശ വാദം. ലാഭ നഷ്ട കണക്ക് നോക്കിയാണ് നിരക്ക് കൂട്ടേണ്ടതും. എന്നാൽ അടുത്ത 4 വർഷത്തേക്ക് വൈദ്യുതി നിരക്ക് വർധിപ്പിക്കാനുള്ള നിർദ്ദേശം റഗുലേറ്ററി കമ്മിഷൻ മുൻപാകെ വൈദ്യുതി ബോർഡ് സമർപ്പിച്ച് ചർച്ചകൾ പുതിയ തലത്തിലെത്തിക്കുകയാണ്. 2023-24 സാമ്പത്തിക വർഷം യൂണിറ്റിനു ശരാശരി 40 പൈസയും 2024-25ൽ 36 പൈസയും 2025-26ൽ 13 പൈസയും 2026-27ൽ ഒരു പൈസയും വർധിപ്പിക്കണമെന്നാണ് ബോർഡിന്റെ ആവശ്യം.
സാധാരണ ഒരു വർഷത്തേക്കാണ് നിരക്ക് വർദ്ധനവിനുള്ള ശുപാർശ നൽകുക. ഇത്തവണ അത് നാല് വർഷത്തേക്കാകുന്നു. ഇതും പുതുമയാണ്. റഗുലേറ്ററി കമ്മിഷൻ ഇത് അതേപടി അംഗീകരിക്കില്ല. ഹിയറിങ് നടത്തിയ ശേഷം കമ്മിഷൻ അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ ജൂൺ 26നു നിലവിൽ വന്ന നിരക്ക് വർധനയുടെ കാലാവധി മാർച്ച് 31ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിരക്ക് നിർദേശങ്ങൾ ബോർഡ് സമർപ്പിച്ചത്. കഴിഞ്ഞ വർഷം 1010.94 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്ന വർധനയാണ് അനുവദിച്ചത്.
പുതിയ നിർദേശമനുസരിച്ച് നിരക്കു വർധനയിലൂടെ 2023-24ൽ 1044.43 കോടി രൂപയുടെയും 2024-25ൽ 834.17 കോടിയുടെയും അധിക വരുമാനമാണ് ബോർഡ് പ്രതീക്ഷിക്കുന്നത്. തുടർന്നു 2025-26ൽ 472.64 കോടിയും 2026-27ൽ 29.80 കോടിയും പ്രതീക്ഷിക്കുന്നു. ജീവനക്കാർക്ക് വലിയ ശമ്പളമാണ് കെ എസ് ഇ ബി നൽകുന്നത്. പോരാത്തതിന് ധൂർത്തും. ഇതിനെല്ലാം വേണ്ടിയാണ് നിരക്ക് വർദ്ധന. നല്ല മഴ കിട്ടുന്ന സാഹചര്യം ഇപ്പോൾ കേരളത്തിലുണ്ട്. അതുകൊണ്ട് പലപ്പോഴും ജലവൈദ്യുതി വിറ്റ് ലാഭവവും ഉണ്ടാക്കുന്നു. ഇതിനൊപ്പമാണ് കൊള്ള.
5 വർഷത്തെ നിരക്കു വർധന ഒന്നിച്ചു തീരുമാനിക്കാൻ റഗുലേറ്ററി കമ്മിഷൻ നേരത്തേ നിശ്ചയിച്ചിരുന്നെങ്കിലും ഒരു വർഷത്തെ നിരക്കു മാത്രമേ കഴിഞ്ഞ വർഷം തീരുമാനിച്ചിരുന്നുള്ളൂ. അടുത്ത 4 വർഷത്തെ നിർദ്ദേശം പ്രത്യേകം സമർപ്പിക്കണമെന്ന് അന്നു കമ്മിഷൻ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് പുതിയ നിരക്കു നിർദ്ദേശം ബോർഡ് സമർപ്പിച്ചത്. അടുത്ത ഏപ്രിൽ 1 മുതൽ 2027 മാർച്ച് 31 വരെയുള്ള പുതുക്കിയ നിരക്കുകളാണ് ഇത്. ഇത് സാധാരണക്കാർക്ക് ഇരുട്ടടിയാകും.
ബിപിഎല്ലുകാർക്ക് വർധനയില്ല. സബ്‌സിഡിയുള്ള ഉപയോക്താക്കൾ, എൻഡോസൾഫാൻ ഇരകളുടെ കുടുംബങ്ങൾ, ബിപിഎൽ കുടുംബങ്ങൾ, ജലവിതരണ പദ്ധതികൾ എന്നിവയ്ക്ക് നിലവിലുള്ള ആനുകൂല്യങ്ങൾ തുടരും. റെഗുലേറ്ററീ കമ്മീഷന്റെ തെളിവെടുപ്പുകൾ പലപ്പോഴും ഫലം കാണില്ല. കെ എസ് ഇ ബി പറയുന്നതിൽ കുറച്ച് ഇളവ് ചെയ്ത് അനുവദിക്കുന്നതാണ് രീതി. അതുകൊണ്ട് തന്നെ പലപ്പോഴും കണക്കുകളിൽ കൃത്രിമം കാട്ടി വേണ്ടത് കെ എസ് ഇ ബി നേടിയെടുക്കുന്നുവെന്ന ആക്ഷേപവുമുണ്ട്. എന്നാൽ ഇതെല്ലാം വസ്തുതാ വിരുദ്ധമാണെന്ന് കെ എസ് ഇ ബി പറയുന്നു.
വീട്ടുകരം കൂട്ടിയതും പെട്രോൾ സെസുമെല്ലാം ജനങ്ങൾക്ക് സഹിക്കാവുന്നതിലും അധികമാണ്. ഇതിനൊപ്പമാണ് വീണ്ടും വീണ്ടും കെ എസ് ഇ ബി നിരക്ക് കൂട്ടുന്നതും. ഈ നിരക്ക് കൂട്ടലിന് പുറമേ സർചാർജ്ജായും പണം സാധാരണക്കാരിൽ നിന്നും കൂടുതലായി ഈടാക്കുന്നുണ്ട് കെ എസ് ഇ ബി.
മറുനാടന് മലയാളി ബ്യൂറോ