തിരുവനന്തപുരം: വിലക്കയറ്റം ജനങ്ങളുടെ നിറുകം തലയില്‍ നില്‍ക്കുന്ന സമയമാണ് കേരളത്തില്‍. അവശ്യവസ്തുക്കളുടെ വിലയില്‍ അടക്കം കുതിച്ചു ചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ഇങ്ങനെ സമസ്ത മേഖലയിലും നട്ടംതിരിയുന്ന ജനങ്ങള്‍ക്ക് ഇരുട്ടടി നല്‍കാന്‍ ഒരുങ്ങി കെഎസ്ഇബിയും. 2027 വരെയുള്ള വര്‍ഷങ്ങളിലെ വൈദ്യുതി നിരക്കു പരിഷ്‌കരിക്കാനാണ് കെഎസ്ഇബിയുടെ നീക്കം. ഈ ആവശ്യം ഉന്നയിച്ചു കെഎസ്ഇബി വൈദ്യുതി റഗുലേറ്ററി കമ്മിഷന് അപേക്ഷ നല്‍കി.

ഈ വര്‍ഷം 34 പൈസയും 2025-26 ല്‍ 24 പൈസയും 2026-27 ല്‍ 5.90 പൈസയും വീതം നിരക്കു വര്‍ധിപ്പിക്കാനാണു ശുപാര്‍ശ. നിലവിലെ താരിഫ് വര്‍ധനയില്‍ നിന്നു വ്യത്യസ്തമായി വൈദ്യുതി ഉപയോഗം കൂടുന്ന ജനുവരി മുതല്‍ മേയ് വരെയുള്ള മാസങ്ങളില്‍ വേനല്‍ക്കാല താരിഫ് (സമ്മര്‍ താരിഫ്) ആയി യൂണിറ്റിന് 10 പൈസ അധികം ഈടാക്കണമെന്നും ശുപാര്‍ശയുണ്ട്. ഇതോടെ വൈദ്യുതി നിരക്ക് കുത്തനെ ഉയരുമെന്ന് ഉറപ്പായി. നേരത്തെ കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭ്യമാക്കിയ കരാര്‍ റദ്ദാക്കി കൂടിയ നിരക്കില്‍ വൈദ്യുതി വാങ്ങാന്‍ കരാര്‍ ഉണ്ടാക്കിയത് വിവാദമായിരുന്നു. ഇപ്പോഴത്തെ നീക്കം മാനേജ്‌മെന്റിന്റെ പിഴവ് ജനങ്ങള്‍ക്ക് മേല്‍ കെട്ടിവെക്കാനാണെന്ന വിമര്‍ശനം ശക്തമാണ്.

വൈദ്യുതി നിരക്കു പരിഷ്‌കരണം സംബന്ധിച്ച കെഎസ്ഇബിയുടെ ശുപാര്‍ശകള്‍ പൊതുജനങ്ങളുടെ അറിവിനായി വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇതില്‍ ജനങ്ങളുടെ വാദം കേട്ട ശേഷമായിരിക്കും നിരക്കു പരിഷ്‌കരണം സംബന്ധിച്ച് റഗുലേറ്ററി കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിച്ച് വിജ്ഞാപനം ചെയ്യുക. വിജ്ഞാപനത്തില്‍ പ്രധാനമായി പറയുന്ന ശുപാര്‍ശ ഇങ്ങനെയാണ്:

പ്രതിമാസ ഉപയോഗം 40 യൂണിറ്റ് വരെയും കണക്ടഡ് ലോഡ് 1000 വാട്‌സ് വരെയുമുള്ള ബിപിഎല്‍ വിഭാഗത്തിലെ ഉപയോക്താക്കള്‍ക്ക് നിരക്കു വര്‍ധനയില്ല. 050 യൂണിറ്റ് പ്രതിമാസ ഉപയോഗമുള്ള ഉപയോക്താക്കള്‍ക്ക് യൂണിറ്റിന് 10 പൈസയും ഫിക്‌സഡ് ചാര്‍ജില്‍ പ്രതിമാസം 10 രൂപയും വര്‍ധിക്കും. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 12.50 രൂപയുടെ അധിക ബാധ്യതയാണ് ഇതിലൂടെ ഉണ്ടാകുക.

കാന്‍സര്‍ രോഗികളോ, അപകടം കാരണമോ പോളിയോ കാരണമോ സ്ഥിരമായ അംഗവൈകല്യം സംഭവിച്ച വ്യക്തികളോ ഉള്ള ബിപിഎല്‍ കുടുംബങ്ങള്‍ പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുകയും 1000 വാട്‌സിനു താഴെ കണക്ടഡ് ലോഡ് ഉണ്ടായിരിക്കുകയും ചെയ്താല്‍ യൂണിറ്റിന് 1.50 രൂപ നിരക്കിലായിരിക്കും ഈടാക്കുക. ഏതു തരത്തില്‍ സ്ഥിരമായ അംഗവൈകല്യം സംഭവിച്ച വ്യക്തികളുള്ള കുടുംബങ്ങള്‍ക്കും ഈ നിരക്ക് ഈടാക്കാന്‍ അനുവദിക്കണമെന്ന് റഗുലേറ്ററി കമ്മിഷനോട് ആവശ്യപ്പെടുന്നുണ്ട്.

ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് കണക്ടഡ് ലോഡിന്റെ 20% (പരമാവധി 1000 വാട്‌സ് വരെ) വൈദ്യുതി സ്വന്തം ഗാര്‍ഹികേതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം, കാസര്‍കോട് ജില്ലയിലെ ഹോസ്ദുര്‍ഗ് , കാസര്‍കോട് താലൂക്കുകളിലെ എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുള്ള കുടുംബങ്ങളില്‍ 150 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗത്തിന് യൂണിറ്റിന് 1.50 രൂപ നിരക്കില്‍ ബില്‍ എന്നിങ്ങനെയാണ് തീരുമാനം.

ലോ ടെന്‍ഷന്‍ (എല്‍ടി) 2, എല്‍ടി 3 താല്‍ക്കാലിക കണക്ഷനുകള്‍ക്ക് നിരക്കു വര്‍ധനയില്ല. വൃദ്ധ സദനങ്ങള്‍, അനാഥാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന എല്‍ടി 4 (ഡി) ജനറല്‍ വിഭാഗങ്ങള്‍ക്ക് താരിഫ് വര്‍ധനയില്ല. കണക്ടഡ് ലോഡ് 20 കിലോവാട്ടിനു മുകളിലുള്ള ജനറല്‍ മാനുഫാക്ചറിങ് വ്യവസായങ്ങള്‍ക്കും ഐടി അനുബന്ധ വ്യവസായങ്ങള്‍ക്കും പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിന് 10% നിരക്ക് കുറയ്ക്കണം. എല്‍ടി 4 (ബി) കണക്ഷനുള്ള ഐടി, ഐടി അനുബന്ധ സേവന വ്യവസായങ്ങള്‍ക്കും പകല്‍ സമയത്തെ വൈദ്യുതി ഉപയോഗത്തിന് 10% നിരക്ക് കുറയ്ക്കണം. ഇലക്ട്രിക് വാഹന ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് യൂണിറ്റിന് 20 പൈസയും പ്രതിമാസ ഫിക്‌സഡ് ചാര്‍ജ് ആയി കിലോവാട്ടിന് 20 രൂപയും വര്‍ധിക്കും.

വര്‍ഷം മുഴുവന്‍ യൂണിറ്റിന് 30 പൈസയും ഉപയോഗം ഉയര്‍ന്ന 2025 ജനുവരി മുതല്‍ മേയ് വരെ കാലയളവില്‍ സമ്മര്‍ താരിഫ് യൂണിറ്റിന് 10 പൈസ അധികമായും ഈടാക്കണമെന്നതാണ് പ്രധാന ശുപാര്‍ശ. ഇത് പൊതുജനങ്ങള്‍ക്ക് തിരിച്ചടിയായേക്കും.