തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാർക്ക് തത്ക്കാലം ആശ്വാസം. ശമ്പള കുടിശ്ശിക നാളെ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. തൊഴിലാളി യൂണിയനുകളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഉറപ്പ് നൽകിയത്. എന്നാൽ 12 മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കാൻ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകൾ വ്യക്തമാക്കി. ഇക്കാര്യത്തിൽ വിശദമായി ചർച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചു.

കെ.എസ്.ആർ.ടി.സിയിൽ ഭാഗികമായി ശമ്പള വിതരണം തുടങ്ങിയിരുന്നു. 24,477 സ്ഥിരം ജീവനക്കാർക്ക് ജൂലൈ മാസത്തെ ശമ്പളത്തിന്റെ 75% വിതരണം ചെയ്തുവെന്ന് അധികൃതർ അറിയിച്ചു. 55.77 കോടി രൂപയാണ് നൽകിയത്. ഇതിൽ ഏഴ് കോടി രൂപ കെഎസ്ആർടിസിയുടെ ഫണ്ടിൽ നിന്നുമാണ് നൽകിയത്. സർക്കാർ സഹായം വൈകിയതിനെത്തുടർന്ന് രണ്ടുമാസത്തെ ശമ്പളവും മുടങ്ങിയിരുന്നു. ഈ കുടിശിഖ നാളെ കൊടുത്തു തീർക്കുമെന്നാണ് മുഖ്യമന്ത്രി നൽകുന്ന ഉറപ്പ്. പന്ത്രണ്ട് മണിക്കൂർ സിംഗിൾ ഡ്യൂട്ടി നടപ്പാക്കുന്നതിൽ യൂണിയനുകളെ വരുതിയിൽ കൊണ്ടുവരികയാണ് സർക്കാർ ലക്ഷ്യം. ഇതിൽ ചർച്ച തുടരും.

250 കോടി രൂപയുടെ സഹായധനം കരുതിയിട്ടുണ്ടെങ്കിലും ഡ്യൂട്ടിപരിഷ്‌കരണത്തിലൂടെ ചെലവ് കുറയ്ക്കണമെന്ന നിബന്ധന ധനവകുപ്പും മാനേജ്‌മെന്റും മുന്നോട്ടുവെച്ചിരുന്നു. മന്ത്രിമാരായ ആന്റണി രാജു, വി. ശിവൻകുട്ടി എന്നിവരുടെ നേതൃത്വത്തിൽ മൂന്നുതവണ ചർച്ച നടന്നെങ്കിലും ഒത്തുതീർപ്പായില്ല. ഇതേത്തുടർന്നാണ് മുഖ്യമന്ത്രി ഇടപെട്ടത്. പാക്കേജിൽ നിന്നുള്ള തുക കെ എസ് ആർ ടി സിക്ക് നൽകാനാണ് തീരുമാനം. ശമ്പളത്തിനു പകരം കൂപ്പൺ അനുവദിക്കുന്നതിലെ എതിർപ്പ് സിഐടിയു ഉൾപ്പെടെ യൂണിയനുകൾ നേരിട്ട് അറിയിച്ചു.