- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡീസലിന് കർണാടകത്തിൽ കേരളത്തിനേക്കാൾ ഏഴു രൂപ കുറവ്; കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽനിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് നിർദേശിച്ചു കെഎസ്ആർടിസി സിഎംഡി; ബിജു പ്രഭാകറിന്റെ തീരുമാനത്തിൽ കെഎസ്ആർടിസിക്ക് പ്രതിമാസ ലാഭം 3.15 ലക്ഷം രൂപ
തിരുവനന്തപുരം: കെഎസ്ആർടിസിയെ നന്നാക്കാൻ പലവഴി തേടുന്ന സിഎംഡി ബിജു പ്രഭാകർ ഏറ്റവും ഒടുവിലായി കൊണ്ടുവന്ന പരിപാടി വൻ ഹിറ്റായി മാറിയിരിക്കയാണ്. കർണാടകത്തിലേക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസുകൾ അവിടെ നിന്നും ഡീസൽ അടിച്ചാൽ മതിയെന്ന തീരുമാനമാണ് കെഎസ്ആർടിസിക്ക് ഗുണകരമായി മാറിയത്. ഡീസലിന് കേരളത്തിനേക്കാൾ 7 രൂപ കുറവാണ് കർണാടകയിൽ. അതുകൊണ്ടാണ് കർണാടകയിലേക്ക് സർവീസ് നടത്തുന്ന എല്ലാ ബസുകളും കർണാടകയിലെ പമ്പുകളിൽനിന്ന് ഡീസൽ അടിച്ചാൽ മതിയെന്ന് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകർ നിർദ്ദേശം നൽകിയത്.
ബിജു പ്രഭാകറിന്റെ തീരുമാനം എന്തായാലും പിഴച്ചില്ല. ഈ തീരുമാനത്തിലൂടെ പ്രതിമാസം നല്ലൊരു തുക കോർപ്പറേഷന് ലാഭിക്കാനായി. 17 ബസുകളിൽ ഡീസൽ ഇനത്തിൽ നിന്ന് 3.15 ലക്ഷം രൂപ മാസം കെഎസ്ആർടിസിക്കു ലാഭിക്കാനായി. മാനന്തവാടി വഴി കർണാടകയിലേക്കു പോകുന്ന 15 സ്വിഫ്റ്റ് ബസുകളും ബെംഗളൂരുവിൽ നിന്നു കേരളത്തിലേക്കുള്ള 2 ബസുകളുമാണ് ഇപ്പോൾ കർണാടകയിലേക്കു കയറുന്നത്. ദിവസവും 1500 ലീറ്റർ ഡീസലാണ് ഈ സർവീസുകൾ കർണാടകയിൽ നിന്ന് അടിക്കുന്നത്.
ഇന്നലെ 95.66 രൂപയാണ് കേരളത്തിൽ വില. കർണാടകയിൽ ഇത് 87.36 രൂപ. കർണാടകയിൽനിന്ന് ഇന്ധനം വാങ്ങാൻ പ്രത്യേക ഫ്യുവൽ കാർഡും കെഎസ്ആർടിസി നൽകിയിട്ടുണ്ട്. ഓയിൽ കമ്പനികൾ നൽകുന്ന ഈ കാർഡ് പമ്പുകളിൽ നിന്ന് ഇന്ധനം വാങ്ങാൻ ഉപയോഗിക്കാം. നേരത്തെ കർണാടകയിലേക്കു പോകുന്ന ബസുകളെല്ലാം പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്നാണ് ഡീസൽ അടിച്ചിരുന്നത്.
അതേസമയം കെഎസ്ആർടിസി ബസിൽ പരസ്യം ചെയ്തു വരുമാനം ഉണ്ടാക്കാനുള്ള അവസരം നഷ്ടമാകാതിരിക്കാനുള്ള നടപടികളുമായി മുന്നോട്ടാണ് കോർപ്പറേഷൻ. ബസുകളിൽ പരസ്യം പതിക്കുന്നത് സംബന്ധിച്ച് കെ.എസ്.ആർ.ടി.സി. കൈമാറിയ പുതിയ സ്‌കീം പരിശോധിച്ച് വരികയാണെന്ന് സംസ്ഥാന സർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. സ്‌കീം സംബന്ധിച്ച നിലപാട് അറിയിക്കാൻ ഒരു മാസം കൂടി സമയം അനുവദിക്കണമെന്ന സർക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചു.
ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ.കെ. മഹേശ്വരി എന്നിവർ അടങ്ങിയ സുപ്രീംകോടതി ബെഞ്ചാണ് സംസ്ഥാന സർക്കാരിന് നിലപാട് അറിയിക്കാൻ കൂടുതൽ സമയം അനുവദിച്ചത്. കെ.എസ്.ആർ.ടി.സി. ബസുകളിൽ പരസ്യം നിരോധിച്ച ഹൈക്കോടതി ഉത്തരവിന് ഏർപ്പെടുത്തിയ സ്റ്റേ അതുവരെ തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. സംസ്ഥാന സർക്കാരിന് വേണ്ടി സ്റ്റാന്റിങ് കോൺസൽ സി.കെ. ശശിയും കെ.എസ്.ആർ.ടി.സിക്ക് വേണ്ടി സ്റ്റാന്റിങ് കോൺസൽ ദീപക് പ്രകാശുമാണ് ഹാജരായത്.
മറ്റ് വാഹനങ്ങളിലെ ഡ്രൈവർമാരുടെയും, കാൽനട യാത്രക്കാരുടെയും ശ്രദ്ധ വ്യതിചലിപ്പിക്കുന്ന പരസ്യങ്ങൾ ഇനി മുതൽ ബസുകളിൽ പതിക്കില്ലെന്ന് വ്യക്തമാക്കുന്ന സ്‌കീമാണ് കെ.എസ്.ആർ.ടി.സി. സുപ്രീംകോടതിക്ക് കൈമാറിയത്. മോട്ടോർ വാഹന ചട്ടങ്ങൾ പാലിച്ച് ബസുകളുടെ വശങ്ങളിലും, പിൻഭാഗത്തും മാത്രമേ പരസ്യം പതിക്കുന്നുള്ളുവെന്നും സ്‌കീമിൽ കെ.എസ്.ആർ.ടി.സി. വ്യക്തമാക്കിയിട്ടുണ്ട്.
സ്‌കീമിലെ മറ്റ് നിർദേശങ്ങൾ ഇവയാണ്. പരസ്യങ്ങൾ പരിശോധിക്കുന്നതിനും അനുമതി നൽകുന്നതിനും എം.ഡിയുടെ അധ്യക്ഷതയിൽ സമിതി രൂപീകരിക്കും. പതിച്ച പരസ്യങ്ങൾക്ക് എതിരായ പരാതി പരിശോധിക്കുന്നതിന് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജിയുടെ അധ്യക്ഷതയിൽ മറ്റൊരു സമിതിക്ക് രൂപം നൽകും.
പരസ്യം പതിക്കുന്നതിന് ലഭിക്കുന്ന അപേക്ഷകളിൽ പരിശോധനയും, അനുമതിയും നൽകുന്നതിന് എം.ഡിയുടെ അധ്യക്ഷതയിൽ നാലംഗ സമിതിക്ക് രൂപം നൽകുമെന്നാണ് സ്‌കീമിൽ വ്യക്തമാക്കിയിരിക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ ചീഫ് ലോ ഓഫീസർ, സീനിയർ മാനേജർ എന്നിവർക്ക് പുറമെ ഒരു സാങ്കേതിക അംഗവും ഉൾപ്പെടുന്നതാണ് സമിതി. ഡെപ്യുട്ടി ഡയറക്ടർ തസ്തികയിൽ നിന്ന് വിരമിച്ച പി.ആർ.ഡി. ഡയറക്ടറോ, മാധ്യമ പ്രവർത്തകരോ ആകും സാങ്കേതിക സമിതി അംഗം.
പതിക്കുന്ന പരസ്യം സംബന്ധിച്ച് പൊതുജനങ്ങൾക്കുള്ള പരാതി പരിശോധിക്കുന്നതിന് പ്രത്യേക സെൽ രൂപീകരിക്കും. ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജി നേതൃത്വം നൽകുന്ന ഈ സമിതിയിലേക്ക് കെ.എസ്.ആർ.ടി.സിയിലെ ചീഫ് ലോ ഓഫീസറും, സീനിയർ മാനേജറും അംഗമായിരിക്കും. പരാതികളിൽ സമിതി സമയബന്ധിതമായി തീർപ്പ് കൽപ്പിക്കുമെന്നും സർക്കാർ സുപ്രീംകോടതിക്ക് കൈമാറിയ സ്‌കീമിൽ വിശദീകരിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ