കൊച്ചി: കെ എസ് ആർ ടി സിയിലെ യൂണിയനുകളെ മൂക്കുകയറിട്ട് നിയന്ത്രിച്ച് സ്ഥാപനത്തിനെ ലാഭത്തിലാക്കാൻ രണ്ടും കൽപ്പിച്ച് മാനേജ്‌മെന്റ്. ജീവനക്കാരുടെ ശമ്പളത്തിനുള്ള ധനസഹായം അടുത്ത ഏപ്രിൽ മുതൽ നിർത്തലാക്കുമെന്നു യൂണിയൻ നേതാക്കളെയും കോർപറേഷനെയും സർക്കാർ അറിയിച്ചതായി കെഎസ്ആർടിസി ഹൈക്കോടതിയെ അറിയിച്ചത് ഈ നീക്കത്തിന്റെ തുടർച്ചയാണ്. വൈവിധ്യവത്കരണത്തിലൂടെ എല്ലാ സാധ്യമായ വഴിയിലൂടേയും കെ എസ് ആർ ടി സിയെ ലാഭത്തിലേക്ക് കൊണ്ടു വരാൻ ശ്രമിക്കും. ഇതിന് തൊഴിലാളി യൂണിയനുകളെ തടസ്സം നിൽക്കാൻ സമ്മതിക്കില്ല. ഇതിന് വേണ്ടിയാണ് ഹൈക്കോടതിയെ സമീപിക്കുന്നത്. ആനവണ്ടിയെ ശരിരായ ട്രാക്കിലെത്തിക്കാൻ പുതുമയാർന്ന പദ്ധതികളും വരും.

അതിനിടെ കെഎസ്ആർടിസി ബസിൽ പ്രധാന നഗരങ്ങളിലെ സ്റ്റാൻഡിൽ എത്തിയാൽ അവിടെ നിന്നു പോകേണ്ട സ്ഥലത്തേക്ക് ഓട്ടോറിക്ഷ അടക്കമുള്ള ചെറുവാഹന സൗകര്യം ഏർപ്പെടുത്താൻ ഗതാഗതവകുപ്പ്. 'ലാസ്റ്റ് മൈൽ കണക്ടിവിറ്റി ' എന്ന പേരിലുള്ള ഈ പദ്ധതി നടപ്പാക്കുമ്പോൾ, കെഎസ്ആർടിസി ബസിൽ കയറുമ്പോൾത്തന്നെ കൃത്യമായി യാത്രക്കാരന് എത്തേണ്ട സ്ഥലത്തേക്ക് ടിക്കറ്റെടുക്കാം. ഇതിലൂടെ കൂടുതൽ പേർ ദീർഘദൂര യാത്രകൾക്ക് അടക്കം കെ എസ് ആർ ടി സിയെ സമീപിക്കുമെന്നാണ് സൂചന. തിരുവനന്തപുരത്ത് നിന്ന് എറണാകുളം സ്റ്റാൻഡിൽ ഇറങ്ങി ഹൈക്കോടതിയിലേക്കാണ് പോകേണ്ടതെങ്കിൽ തിരുവനന്തപുരത്തുനിന്നു കയറുമ്പോൾ ഹൈക്കോടതിയെന്ന് ടിക്കറ്റെടുത്ത് എറണാകുളത്ത് സ്റ്റാൻഡിൽ സജ്ജീകരിച്ചിട്ടുള്ള ഓട്ടോറിക്ഷ ഉപയോഗിക്കാനാകും. ഇതിനായി ഇലക്ട്രിക് ഓട്ടോ വാങ്ങി നൽകാൻ കെടിഡിഎഫ്‌സിയുമായി ചർച്ച നടക്കുകയാണ്. ഓട്ടോകൾക്ക് ഇതിനായി പ്രത്യേക പെർമിറ്റ് നൽകും. ഇത് വിജയമാകുമെന്നാണ് പ്രതീക്ഷ.

ഇതിനെല്ലാം യൂണയനുകൾ തടസ്സം നിൽക്കാൻ സാധ്യത ഏറെയാണ്. ഈ സാഹചര്യത്തിലാണ് ഹൈക്കോടതിയിലെ കേസിൽ പണം നൽകാനാകില്ലെന്ന് സർക്കാർ അറിയിച്ചെന്ന വസ്തുത അറിയിക്കുന്നത്. ഓണക്കാലത്തെ ശമ്പളത്തിന് സഹായം നൽകുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. ചീഫ് സെക്രട്ടറിയും ധനകാര്യ സെക്രട്ടറിയും ഡിസംബറിൽ ഇതാവർത്തിച്ചു. സ്വന്തം ചെലവിനുള്ള വരുമാന സ്രോതസ്സ് കോർപറേഷൻ കണ്ടെത്തണമെന്നും അറിയിച്ചിട്ടുണ്ട്. 2022 ജൂലൈ മുതൽ സർക്കാർ 50 കോടി രൂപ സഹായം നൽകുന്നുണ്ട്. ഇനി അതു കിട്ടണമെന്നില്ലെന്നാണ് കെ എസ് ആർ ടി സി പറയുന്നത്. ഫലത്തിൽ വരുമാനം ഇല്ലെങ്കിൽ ശമ്പളം നൽകില്ലെന്ന് പറയുകയാണ് കെ എസ് ആർ ടി സി. ശമ്പള വിതരണത്തിനു പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് ആർ.ബാജി തുടങ്ങിയ ജീവനക്കാർ നൽകിയ ഹർജിയിലാണു ഡപ്യൂട്ടി ലോ ഓഫിസർ പി.എൻ.ഹേനയുടെ സത്യവാങ്മൂലം.

വസ്തുതകൾ അറിയാതെയാണു ഹർജിക്കാർ ഈയാവശ്യം ഉന്നയിക്കുന്നതെന്നു കോർപറേഷൻ വിശദീകരിച്ചു. ദിവസവരുമാനം 8 കോടിയായി വർധിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ഇതു സാധ്യമായാൽ മാസത്തിന്റെ ആദ്യവാരം തന്നെ ശമ്പളം നൽകാനാവും. ബാങ്കുകളും ധനകാര്യസ്ഥാപനങ്ങളും കോർപറേഷനു വായ്പ നൽകുന്നില്ല. വരുമാനം കണ്ടെത്തുക എന്നതു ജീവനക്കാരുടെയും കോർപറേഷന്റെയും ഉത്തരവാദിത്തമാണ്. സിംഗിൾ ഡ്യൂട്ടി പാറ്റേൺ നടപ്പാക്കിയാൽ പ്രതിമാസം 20-25 കോടി രൂപ അധികവരുമാനമുണ്ടാകും. ഡ്യൂട്ടി പാറ്റേൺ സംസ്ഥാനമെങ്ങും നടപ്പാക്കാൻ 6 മാസം വേണ്ടി വരും. ഇതിനു ജീവനക്കാരുടെ സഹകരണം ആവശ്യമാണ്. ഡ്യൂട്ടി പാറ്റേൺ നടപ്പാക്കാൻ യൂണിയനുകൾ സർക്കാരിനു മുന്നിൽ സമ്മതിച്ചെങ്കിലും അതു കോടതിയിൽ ചോദ്യം ചെയ്യുന്ന സാഹചര്യമുണ്ടായി. കോടതി സ്റ്റേ നിരാകരിച്ചതോടെയാണു നടപ്പാക്കി തുടങ്ങിയത്. 5421 ബസുകൾ ഉണ്ടെങ്കിലും തെറ്റായ ഡ്യൂട്ടി പാറ്റേൺ നിമിത്തം 4400 ബസുകൾ മാത്രമാണു സർവീസ് നടത്തുന്നത്. 25,000 ജീവനക്കാരിൽ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാത്ത 1200 പേരുണ്ട്. പരിഷ്‌കരണ നടപടികളിൽ പലതിനോടും യൂണിയനുകൾ മുഖം തിരിഞ്ഞു നിൽക്കുന്ന സാഹചര്യമുണ്ടെന്നും അറിയിച്ചു.

കെ എസ് ആർ ടി സിയുടെ ഓട്ടോ സർവ്വീസിന് അടക്കം ജീവനക്കാരുടെ സഹായം അനിവാര്യമാണ്. നഗരങ്ങളിലെ പ്രധാന സ്റ്റോപ്പുകളിലേക്ക് യാത്രക്കാരനെ എത്തിക്കാനുള്ള ഫീഡർ സർവീസുകൾക്കായി 8 മുതൽ 24 വരെ സീറ്റുള്ള വാഹനങ്ങൾക്ക് പെർമിറ്റ് നൽകുന്ന പദ്ധതിയും തുടങ്ങിയിട്ടുണ്ട്. അടുത്ത ഘട്ടത്തിൽ ഫീഡർ സർവീസുകളിൽ ഓട്ടോറിക്ഷയ്ക്ക് പെർമിറ്റ് അനുവദിക്കുന്നതും പരിഗണിക്കും. ഫീഡർ സർവീസുകൾക്ക് പ്രത്യേക നിറം നൽകും. കെഎസ്ആർടിസിയുടെ ടിക്കറ്റ് മെഷീനും ഇവർക്ക് ലഭ്യമാക്കും. ഫീഡർ സർവീസിലെ ടിക്കറ്റുമായി കയറുന്നവർക്ക് കെഎസ്ആർടിസിയിൽ ചെറിയ ഇളവു നൽകും.

ഫീഡർ സർവീസിൽ 10 രൂപ ടിക്കറ്റാണെങ്കിൽ ഇതിൽ 9 രൂപ വാഹന ഉടമയ്ക്കും 1 രൂപ കെഎസ്ആർടിസിക്കുമാണ്. ഫീഡർ സർവീസിൽ നിന്നു കെഎസ്ആർടിസി ബസിൽ കയറി സ്റ്റാൻഡിലെത്തിയാൽ ഈ ടിക്കറ്റ് കാണിച്ച് 1 രൂപ തിരികെ വാങ്ങാം. ഈ പദ്ധതി ഇരുചക്രവാഹന ഉപയോഗവും അതുവഴിയുള്ള അപകടങ്ങളും കുറയ്ക്കാൻ സഹായിക്കുമെന്ന് ഗതാഗതവകുപ്പ് സെക്രട്ടറി ബിജു പ്രഭാകർ പറയുന്നു.