കൊല്ലം: കെ.എസ്.ആർ.ടി.സി.യിൽ പ്രതിദിന വരുമാനം എട്ടുകോടിയിൽ എത്തിക്കാൻ നടപടി തുടങ്ങി. ഡിപ്പോ അടിസ്ഥാനത്തിലും ഇനി വരുമാനം കണക്കാക്കും. ഓർഡിനറി മുതൽ എ.സി.സ്ലീപ്പർവരെയുള്ള ബസുകളിൽനിന്നുള്ള വരുമാനവും ചെലവും പ്രത്യേകമായി കണക്കാക്കും.മാസവരുമാനം 240 കോടിയിലെങ്കിലും എത്തിക്കാനാണ് നീക്കം. ശമ്പളത്തിന് സർക്കാർ സഹായത്തിന് കാത്തുനിൽക്കേണ്ട സാഹചര്യം ഒഴിവക്കാനാണ് ഇത്.

ഓർഡിനറി ബസിൽ നിന്ന് പ്രതിദിനം 12,752 രൂപ വരുമാനം ഉണ്ടാകണം. ഫാസ്റ്റ് പാസഞ്ചറിന് ഇത് 25,225 രൂപയാണ്. സൂപ്പർ ഫാസ്റ്റ് 46,345 രൂപ. സൂപ്പർ എക്സ്‌പ്രസ് 37,180 രൂപ, സൂപ്പർ ഡീലക്‌സ് 50,186 രൂപ. നോൺ എ.സി. ബസ് 51,514 രൂപ, ഗ്രാമവണ്ടി 4,987 രൂപ, എ.സി. ലോ ഫ്‌ളോർ 40,428 രൂപ, എ.സി. സീറ്റർ 62,919 രൂപ, എ.സി. മൾട്ടി ആക്‌സിൽ 1,06,671 രൂപ, എ.സി. സ്ലീപ്പർ 1,38,207 രൂപ എന്നിങ്ങനെയാണ് വരുമാനം ഉറപ്പാക്കേണ്ടത്. ഇത് സംഭവിച്ചാൽ ആരേയും ആശ്രയിക്കാതെ ശമ്പളം നൽകാൻ കഴിയും. പരമാവധി സർവ്വീസ് നടത്തുകയാണ് ഇതുറപ്പാക്കാനുള്ള മാർഗ്ഗം.

തിങ്കളാഴ്ചകളിൽ വരുമാനം 10 കോടിയാക്കാമെന്നാണ് പ്രതീക്ഷ. തിരക്കില്ലാത്ത ബുധനാഴ്ചകളിൽ ഇത് ഏഴുകോടിയാകുമെന്നും പ്രതീക്ഷിക്കുന്നു. എല്ലാമാസവും കളക്ഷൻ 240 കോടി രൂപ ലഭിക്കാൻ സാധ്യത കുറവാണ്. തിരക്കുള്ള മാസങ്ങളിൽ വരവ് 265 കോടിവരെയാകും. തിരക്കുകുറയുമ്പോൾ 215 കോടിയായി കുറയുമെന്നാണ് പ്രതീക്ഷ. ഓരോ സ്ഥലത്തെയും സ്വിഫ്റ്റ് ഉൾപ്പെടെയുള്ള ബസുകളുടെ എണ്ണം കണക്കിലെടുത്താണ് ഡിപ്പോകൾക്ക് വരുമാനപരിധി നിശ്ചയിച്ചിട്ടുള്ളത്. ഓരോ ഡിപ്പോയിലും പരമാവധി ബസുകൾ ഓടിക്കും. ബസുകൾ ഒതുക്കിയിടുന്നതും സർവീസുകൾ മുടങ്ങുന്നതും പരമാവധി ഒഴിവാക്കണം.

ബജറ്റ് ടൂറിസം, കൊറിയർ എന്നിവയിൽനിന്നുള്ള വരവ് കണക്കുകൂട്ടില്ല. അംഗീകൃത യൂണിയനുകളുമായി ഇതുസംബന്ധിച്ച ചർച്ച നടത്താനും ആലോചനയുണ്ട്. ജീവനക്കാരെ ചേർത്ത് നിർത്തണമെന്ന നിർദ്ദേശം സിപിഎം കെ എസ് ആർ ടി സി അധികാരികൾക്ക് നൽകിയിട്ടുണ്ട്. അതിനിടെ കെ.എസ്.ആർ.ടി.സി. ശമ്പളം ഗഡുക്കളായി വാങ്ങാൻ ആരെയും നിർബന്ധിക്കില്ലെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഇക്കാര്യത്തിൽ യൂണിയനുകൾ ആശങ്കയറിയിച്ചിട്ടില്ല. അവർക്ക് ആശങ്കയുണ്ടെങ്കിൽ ഇക്കാര്യത്തിൽ ചർച്ചനടത്താൻ തയ്യാറാണെന്നും ആന്റണി രാജു പറഞ്ഞു.

സർക്കാരിൽനിന്നുള്ള സാമ്പത്തികസഹായം ലഭിക്കുമ്പോൾ ശമ്പളം മതിയെന്നുള്ളവർക്ക് അങ്ങനെ വാങ്ങുന്നതിന് ഒരു തടസ്സവുമില്ല. യൂണിയനുകൾക്ക് അവരുടേതായ ആശങ്ക പറയാം. പക്ഷേ, സ്ഥാപനം നിലനിർത്തിക്കൊണ്ടുപോകേണ്ട ഉത്തരവാദിത്വം മാനേജ്മെന്റിനാണ്. പ്രായോഗികമായൊരു സമീപനം അവർ സ്വീകരിക്കുമ്പോൾ അത് തള്ളിക്കളയേണ്ട ആവശ്യം സർക്കാരിനില്ല. ഈ മാസം 14-നാണ് ശമ്പളം നൽകിയത്. അടുത്തമാസം ഒന്നിനോ രണ്ടിനോ പകുതിശമ്പളം നൽകാമെന്നുപറയുമ്പോൾ അതിൽ വിവാദമുണ്ടാക്കേണ്ടകാര്യമില്ലെന്നും മന്ത്രി പറഞ്ഞു.

ടാർഗറ്റിന്റെ അടിസ്ഥാനത്തിൽ ശമ്പളം നൽകാമെന്ന തീരുമാനമില്ലെന്നും ആന്റണി രാജു പറഞ്ഞു. ഇത്തരമൊരു നിർദ്ദേശം മാനേജ്മെന്റ് മുന്നോട്ടുെവച്ചിട്ടുണ്ടോയെന്ന് അറിയില്ലെന്നും ആന്റണി രാജു വ്യക്തമാക്കി. ജീവനക്കാരെ ചേർത്ത് നിർത്താനാണ് ഈ പ്രഖ്യാപനം.