തിരുവനന്തപുരം: കാട്ടാക്കടയിൽ ബസ് ജീവനക്കാർ ബസ് കൺസഷന് വേണ്ടി സമീപിച്ച രക്ഷിതാവിനെ മർദ്ദിച്ച സംഭവം വിവാദമായിരുന്നു. കെഎസ്ആർടിസി യാത്രാപ്പാസ് പുതുക്കാൻ എത്തിയ വേളയിലാണ് രക്ഷിതാവുമായി തർക്കമുണ്ടായതും അത് മർദ്ദനത്തിൽ കലാശിച്ചതും. ഇത്തരം തർക്കങ്ങളിലേക്ക് പലപ്പോഴും കാര്യങ്ങൾ എത്തിയത് യാത്രാപാസ് അനുവദിക്കുന്നതിലെ കാർക്കശ്യങ്ങളാണ്.

കെ.എസ്.ആർ.ടി.സി. ബസുകളിൽ വിദ്യാർത്ഥികൾക്ക് സർക്കാർ അനുവദിച്ചിട്ടുള്ള കൺസെഷൻ പുതുക്കലിനും കടമ്പകൾ ഏറെയുണ്ടെന്നതാണ് പ്രത്യേകത. കൺസെഷൻ കാർഡ് അനുവദിച്ചിട്ടുള്ള വിദ്യാർത്ഥി, ഇപ്പോഴും കോഴ്സ് തുടരുന്നുണ്ടെന്ന് സ്ഥാപനമേധാവി സാക്ഷ്യപ്പെടുത്തിയാൽമാത്രമേ കൺസെഷൻ പുതുക്കിനൽകുകയുള്ളൂ. മൂന്നു മാസത്തേക്കാണ് പരമാവധി കൺസെഷൻ അനുവദിക്കുന്നത്. ഇതുകഴിയുമ്പോൾ വീണ്ടും സ്ഥാപനമേധാവി സാക്ഷ്യപത്രം നൽകണം. സെമസ്റ്റർ സംവിധാനത്തിൽ ഓരോ സെമസ്റ്ററിനും പ്രത്യേകം കൺസെഷൻ കാർഡാണ് നൽകുന്നത്.

എന്തെങ്കിലും കാരണവശാൽ നിശ്ചിതസമയത്ത് കോഴ്സ് പൂർത്തിയായില്ലെങ്കിൽ കൺസെഷൻ പുതുക്കിക്കിട്ടില്ല. കോഴ്സ് നീണ്ടുപോയത് വിശദീകരിച്ചുകൊണ്ട് സ്ഥാപനമേധാവി വീണ്ടും കത്ത് നൽകിയാൽമാത്രമേ കൺസെഷൻ ലഭിക്കുകയുള്ളൂ. ബിരുദ, ബിരുദാനന്തര, സാങ്കേതിക കോഴ്സുകളിലെ വിദ്യാർത്ഥികൾക്കുമാത്രമാണ് ഈ ബുദ്ധിമുട്ടുള്ളത്. അതേസമയം, പ്ലസ്ടുവരെയുള്ള വിദ്യാർത്ഥികൾക്ക് യാത്ര പൂർണമായും സൗജന്യമാണ്. കാർഡ് വിതരണത്തിനുള്ള തുകമാത്രമാണ് ഇവരിൽനിന്ന് ഈടാക്കുന്നത്. നിലവിലുള്ള അഞ്ചുലക്ഷം കൺസെഷനുകളിൽ ഭൂരിഭാഗവും സൗജന്യയാത്രയാണ്. ശേഷിക്കുന്നവരിൽനിന്ന് യാത്രനിരക്കിന്റെ 15 ശതമാനംമാത്രമാണ് ഈടാക്കുന്നത്.

സർക്കാർ, എയ്ഡഡ്, സ്വാശ്രയ, സാങ്കേതിക സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കെല്ലാം കൺസെഷൻ അനുവദിക്കുന്നുണ്ട്. ലക്ഷങ്ങൾ ഫീസ് നൽകി സ്വകാര്യസ്ഥാപനങ്ങളിൽ പഠിക്കുന്നവർക്കും സൗജന്യനിരക്കിൽ യാത്ര അനുവദിച്ചിട്ടുണ്ട്. ഈ സൗകര്യം ദുരുപയോഗംചെയ്യുന്നത് ഒഴിവാക്കാനാണ് വ്യവസ്ഥകൾ കർശനമാക്കിയിട്ടുള്ളതെന്ന് അധികൃതർ പറയുന്നു.

അതേസമയം വിദ്യാർത്ഥി കൺസെഷൻ ഓൺലൈനാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നാഷണൽ ഇൻഫോർമാറ്റിക്‌സ് സെന്ററിന്റെ സഹകരണത്തോടെയാണിത് നടപ്പാക്കുന്നത്. വിദ്യാർത്ഥികൾ ഓൺലൈനിൽ അപ്ലോഡ് ചെയ്യേണ്ട രേഖകളുടെ ആധികാരികത ഉറപ്പിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികൾ സംബന്ധിച്ച് അന്തിമരൂപം കൈവരിച്ചിട്ടില്ല. അതേസമയം വിദ്യാർത്ഥികളുടെ കൺസഷൻ കാരണം കെഎസ്ആർടിസിക്ക് വൻ ബാധ്യതയാണ് വരുന്നതും.

ഒരു വർഷത്തെ സാമ്പത്തിക ബാധ്യത 68.50 കോടി രൂപയാണ്. സ്‌കൂൾവിദ്യാർത്ഥികളിൽനിന്നും ഹാഫ് ടിക്കറ്റ് കണക്കാക്കിയാണ് ബാധ്യത നിശ്ചയിച്ചിട്ടുള്ളത്.ബിരുദം മുതലുള്ള കൺസെഷൻ 2,97,022 പേർക്കാണ്. ഇതുവഴിയുള്ള സാമ്പത്തിക ബാധ്യത 52 കോടി രൂപയോളം വരും. ഒരുവർഷം വിദ്യാർത്ഥി കൺസെഷനിലൂടെയുള്ള ബാധ്യത 120.50 കോടി രൂപയാണ്.