- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകും; ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ല; സർക്കാർ കൈ അയച്ച് സഹായിക്കുന്നുവെന്ന് മന്ത്രി ആന്റണി രാജു; തീരുമാനത്തിൽ കടുത്ത എതിർപ്പുമായി ജീവനക്കാരും; നിലപാട് തിരുത്തണമെന്ന് ആവശ്യപ്പെട്ട് കെഎസ്ആർടിസി എംഡിയുടെ കോലം കത്തിച്ച് പ്രതിഷേധം
തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകുമെന്ന പ്രഖ്യാപനത്തിൽ പ്രതിഷേധം കനക്കവേ നിലപാട് ആവർത്തിച്ച് ഗതാഗത മന്ത്രി ആന്റണി രാജു. കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം ഗഡുക്കളായി നൽകുമെന്ന് മന്ത്രി പറഞ്ഞു. മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നതിന് ശേഷം ഒരു മാസത്തെയും ശമ്പളം മുടങ്ങിയിട്ടില്ലെന്നും സർക്കാർ കൈ അയച്ച് സഹായിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
'ജീവനക്കാരുടെ പകുതി ശമ്പളം അഞ്ചാം തീയതിക്ക് മുമ്പ് നൽകിയാൽ പകുതി പ്രശ്നം പരിഹരിക്കാം. ആവശ്യമുള്ളവർക്ക് പകുതി പണം നൽകും. അല്ലാത്തവർ എഴുതി നൽകിയാൽ സർക്കാർ പണം കൂടി ലഭിച്ചാൽ ഒരുമിച്ച് നൽകും. ഇതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല', മന്ത്രി അറിയിച്ചു. ശമ്പളം ഗഡുക്കളായി നൽകാനുള്ള തീരുമാനം സർക്കാരിന്റെ നയപരമായ തീരുമാനമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇത് തൽക്കാലത്തേക്കുള്ള അഡ്ജസ്റ്റ്മെന്റാണ്.
ഇത്തരം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം മാനേജ്മെന്റിനുണ്ട്. ടാർജറ്റ് അനുസരിച്ച് ശമ്പളം നൽകാനുള്ള തീരുമാനവും നയപരമായിരുന്നില്ല. അതും മാനേജ്മെന്റിന്റെ തീരുമാനമാണ്. ഇങ്ങനെ തീരുമാനമെടുക്കുമ്പോൾ മന്ത്രിയെ അറിയിക്കേണ്ടതില്ലെന്നും ആന്റണി രാജു പറഞ്ഞു. അതേസമയം സംഭവത്തിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം കത്തുകയാണ്.
കെഎസ്ആർടിസി എംഡിയുടെ കോലം കത്തിച്ച് സിഐടിയു പ്രവർത്തകരുടെ പ്രതിഷേധവും കനക്കുകയാണ്. ശമ്പളം ഗഡുക്കളായി നൽകാനുള്ള നടപടി റദ്ദാക്കണമെന്നും ഗതാഗതമന്ത്രിയും സിഎംഡിയും നിലപാട് തിരുത്തണമെന്നും അവർ ആവശ്യപ്പെട്ടു. കെഎസ്ആർടിസിയുടെ കണക്കുകൾ ധനമന്ത്രി പരിശോധിക്കണമെന്നും ആവശ്യമുണ്ട്.
കടുത്ത പ്രതിസന്ധിയിലൂടെയാണ് കെഎസ്ആർടിസി. ഓരോ കെഎസ്ആർടിസി ഡിപ്പോയ്ക്കും വരുമാന ലക്ഷ്യം (ടാർഗറ്റ്) നിശ്ചയിച്ചുനൽകി അതിന്റെ അടിസ്ഥാനത്തിൽ ശമ്പളവിതരണം നടത്താമെന്് നിർദ്ദേശം മുന്നോട്ടുവച്ചിരിക്കുകയാണ് മാനേജ്മെന്റ്. ഇതിലും കടുത്ത പ്രതിഷേധമുണ്ട്. ജീവനക്കാർ ചോര നീരാക്കി ഉണ്ടാക്കുന്ന വരുമാനം വായ്പയുടെ പലിശ അടയ്ക്കാൻ ഉപയോഗിക്കുകയാണെന്ന് ഹൈക്കോടതി ഇന്നലെ കുറ്റപ്പെടുത്തി. മുൻപു മാസം ശരാശരി 175- 180 കോടി രൂപയായിരുന്ന വരുമാനം ഇപ്പോൾ 206 കോടിയായിട്ടും പെൻഷൻകാർക്കു നൽകാൻ പണമില്ല. 3100 കോടിയുടെ വായ്പ ബാധ്യതയ്ക്ക് പ്രതിദിനം ഒരു കോടി പലിശ നൽകണം. ഇങ്ങനെ ഒരു സ്ഥാപനം എങ്ങനെ മുന്നോട്ടുപോകുമെന്നു കോടതി ചോദിച്ചു.
വിരമിക്കൽ ആനുകൂല്യങ്ങൾ 4 മാസത്തിനകം നൽകണമെന്ന മുൻഉത്തരവിനെതിരെ കെഎസ്ആർടിസി നൽകിയ റിവ്യൂ ഹർജികളാണു കോടതി പരിഗണിച്ചത്. ഹർജിക്കാർക്ക് 50 ശതമാനം ആനുകൂല്യം നൽകാൻ 8 കോടി രൂപ വേണമെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. വരുമാനത്തിന്റെ 10 ശതമാനം മാറ്റിവയ്ക്കണമെന്ന ഉത്തരവ് ഇറക്കരുതെന്ന് അപേക്ഷിച്ച കെഎസ്ആർടിസി, ശമ്പളം നൽകാൻ ഇപ്പോഴും സർക്കാർ സഹായം ലഭിക്കേണ്ട അവസ്ഥയെന്ന് പറഞ്ഞു. എന്നാൽ, 10 മാസംകൊണ്ട് മുഴുവൻ പേർക്കും ആനുകൂല്യം നൽക്കൂടെയെന്ന് ചോദിച്ച കോടതി, വിരമിച്ചവർക്ക് ആനുകൂല്യം നൽകാൻ സ്വത്ത് വിൽക്കൂവെന്ന് പറഞ്ഞു.
എല്ലാവർക്കും ഒരു ലക്ഷം വീതം നൽകിയിട്ടു ബാക്കി തുകയ്ക്കു സാവകാശം അനുവദിക്കണമെന്നു കെഎസ്ആർടിസി ആവശ്യപ്പെട്ടു. ഫണ്ടില്ലെന്ന വാദം റിവ്യൂ ഹർജി പരിഗണിക്കാൻ കാരണമല്ലെങ്കിലും പ്രായോഗികമല്ലാത്ത ഉത്തരവു നൽകിയിട്ടു കാര്യമില്ലെന്നു പറഞ്ഞാണ് കോടതി ഒരു ലക്ഷം വീതം മാർച്ച് 31ന് അകം നൽകണമെന്നു നിർദ്ദേശിച്ചത്. നടപടി റിപ്പോർട്ടിനായി മാർച്ച് 31നു കേസ് വീണ്ടും പരിഗണിക്കും.
പെൻഷൻകാർക്കു വേണ്ടിയുള്ള കോർപസ് ഫണ്ട് നിർത്തലാക്കിയത് അനീതിയാണെന്നു കോടതി ചൂണ്ടിക്കാട്ടി. വിരമിച്ചു 14 മാസം കഴിഞ്ഞവർക്കു പോലും ആനുകൂല്യങ്ങൾ നൽകാത്തതു ദൗർഭാഗ്യകരമാണ്. മറ്റെല്ലാ ആവശ്യങ്ങളും കഴിഞ്ഞ് ഏറ്റവും അവസാനമാണു പെൻഷൻകാരെ പരിഗണിക്കുന്നത്.
ടിക്കറ്റ് വരുമാനത്തിന്റെ 10% പ്രത്യേക ട്രഷറി അക്കൗണ്ടിൽ നിക്ഷേപിച്ച് പെൻഷൻകാർക്കുവേണ്ടി കോർപസ് ഫണ്ട് രൂപീകരിക്കണമെന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചും സുപ്രീം കോടതിയും വിധിച്ചിട്ടും ഫണ്ട് നിർത്തലാക്കിയത് കോടതിയോടുള്ള വെല്ലുവിളിയാണെന്നും വിമർശിച്ചു. കോവിഡ് പ്രതിസന്ധിക്കിടെ ഫണ്ട് നിർത്തലാക്കി മറ്റാവശ്യങ്ങൾക്കു തുക വിനിയോഗിച്ചെന്നാണ് കെഎസ്ആർടിസിയുടെ വിശദീകരണം. മാർച്ചിലെ കലക്ഷൻ ഉപയോഗിച്ച് ഏപ്രിൽ മുതൽ ഫണ്ട് പുനഃസ്ഥാപിക്കാമെന്നും അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ