തിരുവനന്തപുരം: കെ എസ് ആർ ടി സിയിലെ താക്കോൽ സ്ഥാനം അതിവിശ്വസ്തന് കൈമാറി ഗതാഗത മന്ത്രി ആന്റണി രാജു ശ്രമിക്കുന്നത് ആനവണ്ടിയിൽ മറ്റൊരു അധികാര കേന്ദ്രത്തെ കൂടി സൃഷ്ടിക്കാൻ. രണ്ടരക്കൊല്ലമാകുമ്പോൾ മന്ത്രിസ്ഥാനം ആന്റണി രാജു ഒഴിയേണ്ടതുണ്ടെന്നാണ് വിലയിരുത്തൽ. ഇടതു പക്ഷ മുന്നണിയുടെ തീരുമാനം അനുസരിച്ച് രണ്ടരക്കൊല്ലത്തിന് ശേഷം കേരളാ കോൺഗ്രസിലെ കെബി ഗണേശ് കുമാറിന് മന്ത്രിപദം കൈമാറണം. എന്നാൽ ഇടതു സർക്കാരിനെ പരസ്യമായി വിമർശിക്കുന്ന ഗണേശിനെ മന്ത്രിസഭയിൽ എടുക്കില്ലെന്നാണ് ആന്റണി രാജുവിന്റെ കണക്കു കൂട്ടൽ. അതുകൊണ്ടാണ് കെ എസ് ആർ ടി സിയിൽ കൂടുതൽ പിടിമുറുക്കാനുള്ള തീരുമാനം.

ഈയിടെ ഗണേശ് കുമാർ നടത്തിയ പ്രസ്താവനകളെല്ലാം ഇടതു സർക്കാരിന് തലവേദനയായിരുന്നു. സർക്കാരിന്റെ കാര്യക്ഷ്മതയെ പോലും സംശയത്തിലാക്കി ഗണേശ്. അതുകൊണ്ട് തന്നെ ഗണേശ് കുമാറിനെ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിയാക്കില്ലെന്നാണ് ആന്റണി രാജുവിന്റെ വിലയിരുത്തൽ. കോൺഗ്രസ് എസ് നേതാവായ കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിയാകണമെന്ന ആഗ്രഹമില്ല. അതുകൊണ്ട് തന്നെ പുനഃസംഘടനയുണ്ടാകില്ലെന്നും കെ എസ് ആർ ടി സിയെ തുടർന്നും ഭരിക്കാമെന്നും ആന്റണി രാജു കണക്കുകൂട്ടുന്നു. നേരത്തെ കെ എസ് ആർ ടി സിയിൽ വിജിലൻസ് ഓഫീസറായ റിട്ടയർ ചെയ്ത ഐപിഎസുകാരൻ സുകേശനെ നിയമിക്കാൻ ശ്രമിച്ചു. ഇതിനെ കേരളാ കോൺഗ്രസ് എതിർത്തു. ഈ സാഹചര്യത്തിൽ കൂടിയാണ് മറ്റൊരു വിശ്വസ്തനെ കെ എസ് ആർ ടി സിയിൽ കൊണ്ടു വരുന്നത്.

കെ എസ് ആർ ടി സിയുടെ സിഎംഡി ബിജു പ്രഭാകറാണ്. ഗതാഗത സെക്രട്ടറി കൂടിയായ ബിജുവിന്റെ പരിഷ്‌കാരങ്ങൾ കെ എസ് ആർ ടി സിക്ക് പുതിയ പദ്ധതികൾ പലതും നൽകി. എന്നാൽ ജീവനക്കാർ അനിഷ്ടത്തിലാണ്. ഇത് മുതലെടുത്താണ് പുതിയ നീക്കം. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ പ്രമോജ് ശങ്കറിന് കെ.എസ്.ആർ.ടി.സി.യിൽ ജോയിന്റ് മാനേജിങ് ഡയറക്ടർ തസ്തിക സൃഷ്ടിച്ച് അധിക ചുമതല നൽകുകയാണ് ആന്റണി രാജു. കേന്ദ്ര സർവീസിൽനിന്ന് ഡെപ്യൂട്ടേഷനിലുള്ള അദ്ദേഹത്തിന് മൂന്നു വർഷത്തേക്കോ ഡെപ്യൂട്ടേഷൻ കാലാവധി തീരുന്നതുവരെയോ ആണ് നിയമനം. ജോ. എം.ഡി. തസ്തിക ഈ നിയമനത്തിനു വേണ്ടി മാത്രമാണ് സൃഷ്ടിച്ചിട്ടുള്ളത്.

കെ.എസ്.ആർ.ടി.സി.ക്ക് അധിക ബാധ്യത ഉണ്ടാകില്ലെന്നും ഉത്തരവിൽ പറയുന്നു. അഡീഷണൽ ട്രാൻസ്പോർട്ട് കമ്മിഷണർ എന്ന നിലയിലെ അദ്ദേഹത്തിന്റെ മികച്ച പ്രവർത്തനം കെ.എസ്.ആർ.ടി.സി.ക്കു മുതൽക്കൂട്ടാവുമെന്നാണ് വിലയിരുത്തൽ. എങ്ങനെ മുതൽക്കൂട്ടാകുമെന്ന് പറയുന്നതുമില്ല. നിലവിൽ അഡിഷണൽ ട്രാൻസ്‌പോർട്ട് കമ്മിഷണറാണ് പ്രമോജ് ശങ്കർ. ഉത്തരവിറക്കിയത് ഗതാഗത വകുപ്പ്. ജനുവരി മാസത്തിലെ ശമ്പളത്തിന്റെ രണ്ടാം ഗഡു നൽകിയില്ല. തൊഴിലാളി സംഘടനകളുടെ സമര പ്രഖ്യാപനം 18ന്. ഇതിനിടെയാണ് പുതിയ നിയമനം. തൊഴിലാളി സംഘടനകളുമായുള്ള ചർച്ചയിൽ ബിജു പ്രഭാകറിനൊപ്പം പ്രമോജിനും അഭിപ്രായം പറയാം.

നിലവിൽ മെയിന്റനൻസ് വിഭാഗത്തിന്റെ ചുമതലയാകും കമ്മിഷണർ പ്രമോജ് ശങ്കർ വഹിക്കുക. ഗതാഗത വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഉത്തരവ് കെഎസ്ആർടിസി സിഎംഡി ബിജു പ്രഭാകറിനും ട്രാൻസ്പോർട്ട് കമ്മിഷണർ എസ് ശ്രീജിത്ത് ഐപിഎസിനും നൽകി. വെഞ്ഞാറമൂട് യൂണിറ്റിലെ ആദ്യത്തെ ഇൻസ്പെക്ടർ ഇൻ ചാർജായിരുന്ന പരമേശ്വരൻ പിള്ളയുടെ മകനാണ് പ്രമോജ് ശങ്കർ. ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസ് സർവീസിന്റെ ഭാഗമായ (ഐഒഎഫ്എസ്) ഈ മലയാളി ഡെപ്യൂട്ടേഷനിലാണ് സംസ്ഥാനത്ത് ജോലി നോക്കുന്നത്. ഇടതുപക്ഷ സർക്കാരിനോടുള്ള താൽപ്പര്യമാണ് ഇതിന് കാരണവും.

ബിജു പ്രഭാകറിനെ നിയന്ത്രിക്കാൻ കഴിയില്ലെന്ന് മന്ത്രി ആന്റണി രാജുവിന് അറിയാം. അതുകൊണ്ട് കൂടിയാണ് പുതിയ നിയമനം. ഇതിലൂടെ കെ എസ് ആർ ടി സിയിലെ ഏതൊരു നീക്കവും അപ്പോൾ അറിയാവുന്ന തരത്തിലെ സംവിധാനം ആന്റണി രാജു ഉണ്ടാക്കിയെടുക്കാനാകും ശ്രമിക്കുക. ഇതിലൂടെ എല്ലാം മന്ത്രി തന്നെ നിയന്ത്രിക്കും. ഇത്തരം രാഷ്ട്രീയ ഇടപെടലുകളാണ് കെ എസ് ആർ ടി സിയെ തളർത്തിയതും തകർത്തതും. ഇതിനൊപ്പം മറ്റു ചില ലക്ഷ്യങ്ങളും മന്ത്രിക്കുണ്ടെന്നാണ് സൂചന.

സംസ്ഥാനത്തെ ആദ്യത്തെ വാഹനംപൊളിക്കൽകേന്ദ്രം നിർമ്മിക്കാൻ കെ.എസ്.ആർ.ടി.സി.ക്ക് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്വകാര്യപങ്കാളിത്തത്തോടെയോ നേരിട്ടോ പൊളിക്കൽകേന്ദ്രം സജ്ജമാക്കാം. കെ.എസ്.ആർ.ടി.സി. എം.ഡി.ക്ക് ഇതിനുള്ള അനുമതിനൽകി സർക്കാർ ഉത്തരവിറക്കി. കേന്ദ്രസർക്കാർ നിർദ്ദേശപ്രകാരം ഏപ്രിൽ ഒന്നുമുതൽ പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരും. ഇതിന് പിന്നാലെയാണ് മെയിന്റനൻസ് വിഭാഗത്തിന് പുതിയ തലവൻ വരുന്നത്. 15 വർഷം പഴക്കമുള്ള വാണിജ്യവാഹനങ്ങളും 20 വർഷത്തിലേറെ പഴക്കമുള്ള സ്വകാര്യവാഹനങ്ങളും പൊളിക്കണം. യന്ത്രവത്കൃത സംവിധാനമുപയോഗിച്ചാണ് വാഹനങ്ങളുടെ ക്ഷമത പരിശോധിക്കുക. ഇതിൽ പരാജയപ്പെടുന്നവ പൊളിക്കേണ്ടിവരും.

സർക്കാർ വാഹനങ്ങളുടെ ആയുസ്സ് 15 വർഷമായി നിജപ്പെടുത്തിയിരുന്നു. ഇവ ഉടൻ പൊളിക്കേണ്ടിവരും. സംസ്ഥാനത്ത് 22 ലക്ഷത്തോളം പഴയവാഹനങ്ങൾ പൊളിക്കേണ്ടിവരുമെന്നാണ് നിഗമനം. ഇതിൽ 2506 സർക്കാർ വാഹനങ്ങളുമുണ്ട്. കെ.എസ്.ആർ.ടി.സി.യെ സംബന്ധിച്ച് വൻ വാണിജ്യസാധ്യതയാണ് മുന്നിലുള്ളത്.