തിരുവനന്തപുരം: കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം ഗഡുക്കളായി നൽകുമെന്ന് മാനേജ്മെന്റ്. കെ എസ്ആർടിസി സിഎംഡി ബിജു പ്രഭാകർ അസാധാരണ ഉത്തരവിറക്കി. ആദ്യഗഡു അഞ്ചാം തീയതിക്ക് മുമ്പായി നൽകും. അക്കൗണ്ടിലുള്ള പണവും ഓവർ ഡ്രാഫ്റ്റും എടുത്താണ് ആദ്യ ഗഡു നൽകുക. രണ്ടാമത്തെ ഗഡു സർക്കാർ സഹായം ലഭിക്കുന്ന മുറയ്ക്ക് നൽകും. ഗഡുക്കളായി ശമ്പളം വേണ്ടാത്തവർ 25 ന് മുമ്പ് അപേക്ഷ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

അസാധാരണ സാഹചര്യത്തിലൂടെ കെഎസ്ആർടിസി കടന്നു പോകുകയാണ്. സർക്കാർ ഗ്രാന്റ് ഇല്ലാതെ ശമ്പളം നൽകാൻ കഴിയുന്നില്ല. അതുകൊണ്ടു തന്നെ ചില വ്യവസ്ഥകൾ കൊണ്ടു വന്നേ മതിയാകൂ. അഞ്ചാം തീയതിക്കകം ശമ്പളം വിതരണം ചെയ്യണമെന്ന് ഹൈക്കോടതി ഉത്തരവുമുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് പുതിയ പ്രപ്പോസൽ മുന്നോട്ടു വെക്കുന്നതെന്ന് കെഎസ്ആർടിസി സിഎംഡി വ്യക്തമാക്കുന്നു.

ടാർഗറ്റ് പദ്ധതി

ഫെബ്രുവരിയിലെ ശമ്പളത്തിനു പുതിയ പദ്ധതി മാനേജ്‌മെന്റ് മുന്നോട്ടുവച്ചിരുന്നു. എന്നാൽ അംഗീകൃത യൂണിയൻ പ്രതിനിധികളുമായി നടന്ന ചർച്ച കഴിഞ്ഞ ദിവസം അലസിപ്പിരിഞ്ഞു. ഓരോ ഡിപ്പോയും ലാഭത്തിലാക്കിയാൽ മാത്രം അവിടെയുള്ള ജീവനക്കാർക്കു പൂർണ ശമ്പളം അഞ്ചിനു മുൻപു ലഭ്യമാക്കുന്ന വരുമാനലക്ഷ്യ (ടാർഗറ്റ്) പദ്ധതിയാണു സിഎംഡി ബിജു പ്രഭാകർ മുന്നോട്ടുവച്ചത്.

ഡിപ്പോകൾ ചെലവിനെക്കാൾ വരുമാനം ഉണ്ടാക്കിയാൽ മാത്രമേ പൂർണശമ്പളം അഞ്ചിനു മുൻപു നൽകാനാകു. ടാർഗറ്റ് എത്താത്ത ഡിപ്പോകളിലും എല്ലാവർക്കും പൂർണ ശമ്പളം കിട്ടും. പക്ഷേ അഞ്ചിനു മുൻപു ലഭിക്കില്ലെന്നതാണു മാനേജ്‌മെന്റ് മുന്നോട്ടുവച്ച നിർദ്ദേശം. സർക്കാർ പണം കൈമാറുന്ന മുറയ്ക്കു പൂർണ ശമ്പളം ലഭ്യമാക്കും. 5ന് മുൻപ് 50 കോടി കൈമാറുമെന്നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ഉറപ്പു നൽകിയ ധനവകുപ്പ് 10നു ശേഷമാണ് എല്ലാമാസവും ഇപ്പോൾ പണം കൈമാറുന്നത്. ഇതാണു ശമ്പളം വൈകാനും കാരണമെന്നും യോഗത്തിൽ അറിയിച്ചു. ചർച്ചയ്ക്ക് പിന്നാലെയാണ് ശമ്പളം ഗഡുക്കളായി നൽകുമെന്ന് സിഎംഡി അറിയിച്ചത്.

ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകുന്നതിൽ എതിർപ്പ്

ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളം നൽകാനുള്ള കെഎസ്ആർടിസി എംഡി ബിജു പ്രഭാകറിന്റെ നിലപാട് അങ്ങേയറ്റം തൊഴിലാളി വിരുദ്ധമാണെന്ന് എഐവൈഫ്. മുതലാളിത്തം മുന്നോട്ട് വെയ്ക്കുന്ന നയങ്ങൾ നടപ്പിലാക്കാനുള്ള ബിജു പ്രഭാകറിന്റെ നീക്കം ഇടത് സർക്കാർ അംഗീകരിക്കരുതെന്നും നേതാക്കൾ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു.

സാമ്പത്തിക പ്രതിസന്ധിയിൽ ശ്വാസം മുട്ടുന്ന കെ എസ് ആർ ടി സി തൊഴിലാളികൾക്ക് പുതിയ നിർദ്ദേശം ഇരുട്ടടിയാകുമെന്ന് അവർ വിമർശിച്ചു. സ്വന്തം നിലയ്ക്ക് ശമ്പളം നൽകാനുള്ള ക്രിയാത്മക നടപടികൾ വേണം കെ എസ് ആർ ടി സി മാനേജ്‌മെന്റ് സ്വീകരിക്കേണ്ടത്. അല്ലാതെ തൊഴിലാളികളെ ദ്രോഹിക്കുന്ന തുഗ്ലക് പരീക്ഷണങ്ങൾ ആകരുതെന്നും വിമർശനമുയർത്തി.

ശമ്പളത്തിന് ടാർജറ്റ് നിശ്ചയിച്ച മാനേജ്‌മെന്റ് നിർദ്ദേശത്തിനെതിരെ കടുത്ത വിമർശനവുമായി എഐടിയുസി രംഗത്ത്.നിയമ വിരുദ്ധവും അശാസ്ത്രീയവുമാണിത്. രാജ്യത്ത് നിലവിലുള്ള ഒരു നിയമവും ഇതിന് അനുവാദം നൽന്നില്ല.നടപ്പാക്കാൻ പറ്റാത്തതെങ്കിലും,ഒരു ഇടതു സർക്കാരിന്റെ കാലത്ത് തന്നെ ഇങ്ങനെ ഒക്കെ ചർച്ച ഉയർത്തിക്കൊണ്ടുവരാൻ കഴിയുന്നത് അപകട സൂചനയാണ്.കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിയമ ഭേദഗതികൾക്കെതിരെ ബദലുയർത്തേണ്ട മുന്നണി ഭരണത്തിൽ നിന്നാണ് അപരിഷ്‌കൃതവും വികലവുമായ ഇത്തരം ശബ്ദമുയർന്ന് വരുന്നത്.കെഎസ്ആർടിസിയിലെ തൊഴിലന്തരീക്ഷം തകർക്കാൻ മാനേജ്‌മെന്റും മന്ത്രിയും കുറെ നാളായി ഗൂഢാലോചന നടത്തിവരുകയാണ്.

മാനസികമായി തൊഴിലാളിയെ എങ്ങനെ തകർത്ത്, തൊഴിൽ മടുപ്പിച്ച് മതിയാക്കിക്കാമെന്നതാണ് മാനേജ്‌മെന്റ് ലക്ഷ്യം.സിംഗിൾ ഡ്യൂട്ടിക്കു പിന്നിൽ മാനേജ്‌മെന്റിന്റെ ഈഗോയാണ്.പാറശ്ശാലയിൽ നടപ്പിലാക്കി പൂർണ്ണ പരാജയമായി മാറി. അതിന്റെ നഷ്ടം ചൂണ്ടിക്കാണിക്കുമ്പോൾ പൊതു ഗതാഗതം ജന സേവനമെന്ന് മാനേജ്‌മെന്റ് മറുപടി പറയുന്നു.ലാഭമില്ലെങ്കിൽ ശമ്പളമില്ലെന്ന് മറുവശത്ത് പറയുകയും ചെയ്യുന്നു.മാനേജ്‌മെന്റിന്റെ ഇത്തരം വികല നയങ്ങൾ ഏറ്റുപിടിക്കുന്നതിലൂടെ മോദിയുടെ നയമാണ് ആന്റണി രാജുവിനെന്ന് മനസ്സിലാക്കുന്നു.ഈ അന്തരീക്ഷത്തിൽ തൊഴിലാളികളെയും സംഘടനകളെയും പ്രകോപിതരാക്കി പണിമുടക്കാനും സമരം ചെയ്യാനും പ്രേരിപ്പിക്കാനുള്ള അടവാണ് പിന്നിലുള്ളതെന്ന് എഐടിയുസിക്ക് കീഴിലുള്ള ട്രാൻ. എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി എംജിരാഹുൽ കുറ്റപ്പെടുത്തി

മാനേജ്‌മെന്റ് നിർദ്ദേശമന്ന് ആന്റണി രാജു

കെഎസ്ആർടിസിയിൽ ടാർഗറ്റ് അടിസ്ഥാനത്തിൽ ശമ്പളമെന്നത് മാനേജ്‌മെന്റ് നിർദ്ദേശമെന്ന് ആവർത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ തീരുമാനമെടുത്തിട്ടില്ല. മാനേജ്‌മെന്റിന് തീരുമാനമെടുക്കാൻ സ്വാതന്ത്ര്യമുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്വയം പര്യാപ്തതയിലെത്തിക്കാൻ വേണ്ടി മാനേജ്‌മെന്റ് എടുത്ത തീരുമാനമാണിത്. സർക്കാർ സഹായം തുടരും. സർക്കാർ ഇടപെടേണ്ട സാഹചര്യമുണ്ടായാൽ ഇടപെടും. ഗതാഗത മന്ത്രിക്ക് മോദി ശൈലിയെന്ന എഐടിയുസി പരാമർശത്തിന് മറുപടി നൽകുന്നില്ലെന്നും ആന്റണി രാജു പറഞ്ഞു.