കൊച്ചി: നേതാക്കളുടെ വാക്കുകൾ കേട്ട് നിയമവിരുദ്ധ ഹർത്താലിൽ അക്രമം നടത്താൻ തുനിഞ്ഞിറങ്ങിയ പോപ്പുലർ ഫ്രണ്ടുകാർ ആകെ പെട്ട അവസ്ഥയിൽ. നേതാക്കൾ കൂട്ടത്തോടെ അറസ്റ്റിലാകുകയും ഹർത്താലിന് ആഹ്വാനം ചെയ്ത നേതാക്കൾ മുങ്ങുകയും ചെയ്തതോടെ ഹർത്താൽ ദിനത്തിലെ അതിക്രമത്തിൽ അഴിക്കുള്ളിൽ ആയവർ പുറത്തിറങ്ങാൻ സാധിക്കാത്ത വിധത്തിൽ പെട്ടിരിക്കിയാണ്. ഏതു നശിച്ച നിമിഷത്തിലാണ് ബസിന് കല്ലെറിയാൻ തോന്നിയതെന്ന് പറഞ്ഞ് അഴിക്കുള്ളിൽ പൊട്ടിക്കേരയേണ്ട അവസ്ഥയിലാണവർ.

അതേസമയം ഹർത്താൽ പ്രഖ്യാപിച്ചരിൽ നിന്ന് നഷ്ട പരിഹാരം ആവശ്യപ്പെട്ട് കെഎസ്ആർടിസി ഹൈക്കോടതിയിൽ ഹർജി നൽകിയതോടെ പോപ്പുലർ ഫ്രണ്ട് ശരിക്കും കുടുങ്ങി. 5 കോടി 6 ലക്ഷം രൂപ നഷ്ടപരിഹാരം വേണമെന്നാണ് കെഎസ്ആർടിസിയുടെ ആവശ്യം. ഇക്കഴിഞ്ഞ വെള്ളിയാഴ്ച പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിനെതുടർന്നുണ്ടായ അക്രമത്തിൽ 58 ബസുകളാണ് തകർക്കപ്പെട്ടത്. 10 ജീവനക്കാർക്ക് പരിക്കേറ്റു. ഹൈക്കോടതി സ്വമേധയ എടുത്ത കേസിലാണ്.കക്ഷി ചേരാൻ കെഎസ്ആർടിസി ഹർജി നൽകിയത്.

കെഎസ്ആർടിസിയിൽ ശമ്പളം വൈകിയപ്പോൾ സമരത്തിന്റെ മുൻനിരയിൽ ഉണ്ടായിരുന്നവരാണ് കെഎസ്ആർടിസിക്ക് ഭീമമായ നഷ്ടമുണ്ടാക്കിയതെന്ന് ഹർജിയിൽ കുറ്റപ്പെടുത്തി. ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഈ ഫോട്ടോകളും ഉൾപ്പെടുത്തിയിട്ടുണ്ട്. തകർന്ന ബസുകളുടെ ചില്ലുകൾ മാറ്റിയിൻ തന്നെ ലക്ഷങ്ങൾ വേണ്ടി വരും. ഇവയെല്ലാം കണക്കിലെടുത്താണ് 50 ലക്ഷം രൂപ നഷ്ടമായി കണക്കാക്കിയത്. 71 ബസുകളും കേടുപാടുകൾ പരിഹരിക്കാതെ ഇനി നിരത്തിലിറക്കാനാകില്ല. മുൻവശത്തെ ചില്ല് സ്റ്റോക്കില്ലാത്തതിനാൽ അവ പിടിപ്പിക്കും വരെ ചില്ല് തകർന്ന ബസുകളുടെയും സർവീസുകൾ മുടങ്ങും. ഇങ്ങനെ സർവീസ് മുടങ്ങിയുള്ള നഷ്ടം കൂടി പരിഗണിച്ചാണ് അന്തിമ നഷ്ടക്കണക്ക് കെഎസ്ആർടിസി തയ്യാറാക്കിയിരിക്കുന്നത്.

അഞ്ച് കോടി പോപ്പുലർ ഫ്രണ്ട് നഷ്ടപരിഹാരം നൽകണമെന്ന വിധി വന്നാൽ ആകെ കുടുങ്ങുന്ന അവസ്ഥയിലാകും സംഘടന. സംഘടനയുടെ മിക്ക അക്കൗണ്ടുകളും ഇതിനോടകം മരവിപ്പിച്ച അവസ്ഥയിലാണ്. കൂടാതെ ഫണ്ട് ശേഖരണം അടക്കം ബുദ്ധിമുട്ടിലായ അവസ്ഥയിലുമാണ്. ഇതിനിടെയാണ് പ്രതിഷേധത്തിൽ അഴിക്കുള്ളിലായവരെ പുറത്തിറക്കലും വലിയ റിസ്‌ക്കിലായത്.

അതിനിടെ സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങൾ തടയുന്നതിൽ പൊലീസ് വീഴ്ച വരുത്തിയോ എന്നതിൽ അന്വേഷണം നടക്കുന്നുണ്ട്. പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ഇന്റലിജൻസ് അന്വേഷണമാരംഭിച്ചു. പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ ചില ഉദ്യോഗസ്ഥർ പ്രതിഷേധക്കാർക്ക് നേരെ നടപടി എടുത്തില്ലെന്ന വിവരത്തെ തുടർന്നാണ് നടപടി.

ചില ജില്ലകളിൽ എസ്എച്ച്ഒ തലത്തിൽ വീഴ്ച ഉണ്ടായെന്നാണ് പ്രാഥമിക വിവരം. പോപ്പുലർ ഫ്രണ്ടിനെതിരായ കേസുകളിൽ നടപടി ശക്താക്കാൻ സർക്കാർ നിർദ്ദേശം നൽകി. അക്രമ സംഭവങ്ങളിൽ ശക്തമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് നിർദ്ദേശം. എന്നാൽ പൊതുവിൽ പൊലീസ് നന്നായി കൈകാര്യം ചെയ്തു എന്നതാണ് ഇന്റലിജിൻസ് നിരീക്ഷണം. ഇതിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരെ യും കേന്ദ്രങ്ങളെയും കണ്ടെത്താനാണ് നീക്കം. സംസ്ഥാന പൊലീസ് മേധാവി ഡിജിപി അനിൽ കാന്ത് ഹർത്താൽ ദിനത്തിൽ ഒരു അക്രമവും ഉണ്ടാകരുത് എന്നും സുരക്ഷ ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിരുന്നു. എന്നാൽ ചില കേന്ദ്രങ്ങളിൽ വൻതോതിൽ ആവർത്തിച്ചു അക്രമങ്ങൾ നടന്നു. ഇത്തരം സംഭവങ്ങളിൽ എസ്എച്ച്ഒ തലത്തിൽ വലിയ വീഴ്ച സംഭവിച്ചു എന്നതാണ് നിരീക്ഷണം.

മേൽനോട്ടത്തിലും വീഴ്ച ഉണ്ടായോ എന്നു പരിശോധിക്കുന്നുണ്ട്. അക്രമ കേസുകളിൽ ചില ഉദ്യോഗസ്ഥർ ഗുരുതര വകുപ്പ് ചുമത്തുന്നതിൽ വീഴ്ച വരുത്തിഎന്നതാണ് ഇന്റലിജിസ് വിവരം. എക്സ്പോളൊസിവ് സബ്സ്റ്റൻസ് ആക്ട് ഉൾപ്പടെയുള്ള വകുപ്പുകൾ ചുമത്തുന്നതിൽ ചിലർ വീഴ്ച വരുത്തി എന്നതും പ്രാഥമിക വിവരമുണ്ട്. ഈ സാഹചര്യത്തിൽ ചില ജില്ലാ പൊലീസ് മേധാവുകളോട് സ്പെഷ്യൽ റിപ്പോർട്ട് ആവശ്യപെട്ടിട്ടുണ്ട്. ഏതായാലും പോപ്പുലർ ഫ്രണ്ടിന് എതിരായ കേസുകളിൽ ശക്തമായ നടപടി ഉറപ്പാക്കുന്നതിനൊപ്പം വീഴ്ച വരുത്തിയ പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനാണ് ആഭ്യന്തരാവകുപ്പിന്റെ നീക്കം.

നിലവിൽ എട്ട് സംസ്ഥാനങ്ങളിലെ പിഎഫ്ഐ കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് തുടരുകയാണ്. അറസ്റ്റിലായവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് തുടരുന്നത്. ഉത്തർപ്രദേശ്, തമിഴ്‌നാട്, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലാണ് എൻഐഎ പരിശോധന. പിടിയിലായവരുടെ സാമ്പത്തിക സ്രോതസ് സംബന്ധിച്ച് തെളിവുകൾ കണ്ടെത്താനാണ് കേന്ദ്ര ഏജൻസികളുടെ ശ്രമം. വിവിധിയിടങ്ങളിൽ എൻഐഎ നേരിട്ടും സംസ്ഥാന പൊലീസും റെയ്ഡ് നടത്തുകയാണ്. കർണാടക ബാഗൽകോട്ടിൽ റെയ്ഡിനെതിരെ പ്രതിഷേധിച്ച ഏഴ് പേർ അറസ്റ്റിലായി. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് അസ്ഗർ അലി ഷേഖ് ഉൾപ്പെടെയുള്ളവർ പിടിയിലായി. ഇവരെ മംഗളൂരുവിൽ എത്തിച്ച് ചോദ്യം ചെയ്യുകയാണ്.