- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കെ എസ് ആർ ടി സിയിലെ വി ആർ എസ് സർക്കാർ അറിയാതെയോ? സ്വയം വിരമിക്കൽ പദ്ധതി നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ആന്റണി രാജു; ഇതുമായി ബന്ധപ്പെട്ട് ചർച്ച നടന്നിട്ടില്ലെന്നും മന്ത്രി; നിർബന്ധിത വിആർഎസ് ഇടതുനയത്തിന് വിരുദ്ധമെന്ന് ഭരണപക്ഷ യൂണിയനുകൾ
പാലക്കാട്: കെ എസ് ആർ ടി സിയിൽ നിർബന്ധിത വോളന്ററി റിട്ടയർമെന്റ് സ്കീം (വി ആർ എസ്) നടപ്പാക്കാൻ സർക്കാർ തീരുമാനിച്ചിട്ടില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഇതുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും ഇതുവരെ ഉണ്ടായിട്ടില്ല. വകുപ്പുകളുടെ ധനവിനിയോഗം സംബന്ധിച്ച് ധനവകുപ്പിന് റിപ്പോർട്ട് നൽകാറുണ്ട്. ഇങ്ങനെ സമർപ്പിച്ച റിപ്പോർട്ടിലെ നിർദ്ദേശമാണോ പുറത്തുവന്നതെന്ന് പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
അതേസമയം, ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതി കൊണ്ടു വരികയാണ് മാനേജ്മെന്റെന്ന് റിപ്പോർട്ട് വന്നിരുന്നു, 50 വയസ്സ് കഴിഞ്ഞവർക്കും 20 വർഷം സർവ്വീസ് പൂർത്തിയാക്കിയവർക്കും വിരമിക്കാം. പദ്ധതിക്കായി 7500 പേരുടെ പട്ടിക തയാറാക്കി. ഈ പട്ടികയിലുള്ളവർക്കെല്ലാം വിരമിക്കേണ്ടി വരും.
പദ്ധതി നടപ്പാക്കാൻ 1100 കോടി രൂപ വേണ്ടി വരും. ശമ്പള ചെലവിൽ 50 ശതമാനം കുറയ്ക്കുകയാണ് ലക്ഷ്യം. ജീവനക്കാരുടെ എണ്ണം 15,000 ആക്കി കുറയ്ക്കാൻ ആയിരുന്നു ധനവകുപ്പ് നിർദ്ദേശം. നിലവിൽ 26,000ത്തോളം ജീവനക്കാരാണ് ഉള്ളത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിന് കെ.എസ്.ആർ.ടി.യിൽ നിർബന്ധിത വി.ആർ.എസ്. പദ്ധതി നടപ്പിലാക്കാനൊരുങ്ങി മാനേജ്മെന്റ്. നടപടികളെടുക്കുമ്പോൾ യൂണിയനുകൾ പ്രതികരിക്കുന്നില്ല.
കെ.എസ്.ആർ.ടി.സി.യിൽ ശമ്പള തുകയും പെൻഷൻ തുകയും നൽകുന്നത് വലിയ പ്രതിസന്ധിയായി തുടരുന്ന സാഹചര്യമുണ്ട്. ഈ അവസരത്തിലാണ് നിർബന്ധിത വി.ആർ.എസ്. എന്ന ആശയത്തെക്കുറിച്ച് മാനേജ്മെന്റ് ആലോചിക്കുന്നത്. ഇത്തരത്തിൽ വിരമിക്കുന്നവർക്ക് 15 ലക്ഷം രൂപ നൽകാനാണ് തീരുമാനം. ഈ ശുപാർശ സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ശമ്പളച്ചെലവ് പകുതിയായി കുറയുമെന്നാണ് മാനേജ്മെന്റ് കരുതുന്നത്. 40 കോടി രൂപയോളം ഒരു മാസം ലാഭിക്കാനാകും. എന്നാൽ നടപടിയുമായി ബന്ധപ്പെട്ട് യൂണിയനുകളുടെ നിലപാട് നിർണ്ണായകമാകും.
പതിനഞ്ച് ലക്ഷം രൂപ കിട്ടിയാൽ അത് ജീവനക്കാരെ തൃപ്തിപ്പെടുത്തില്ല. പി എഫും മറ്റ് ആനുകൂല്യവും ഉടൻ കിട്ടുകയുമില്ല. അത് പെൻഷൻ പ്രായമാകുമ്പോൾ നൽകാമെന്നതാണ് കെ എസ് ആർ ടി സിയുടെ നിലപാട്. 1100 കോടി നൽകാനുള്ള പ്രാപ്തി സർക്കാരിനുമില്ല. ഖജനാവ് കാലിയാണ്. എന്നാൽ കെ എസ് ആർ ടി സിയെ രക്ഷപ്പെടുത്താൻ കടുത്ത നിലപാട് വേണമെന്നതാണ് മാനേജ്മെന്റ് നിലപാട്.
സ്ഥിര ജീവനക്കാരെ പിരിച്ചു വിട്ട് ആവശ്യമെങ്കിൽ മാത്രം താൽകാലികക്കാരെ ജോലിക്ക് നിയോഗിക്കും. മിക്ക യൂണിയൻ നേതാക്കളും ഈ പദ്ധതിയുടെ ഭാഗമാകും. അതുകൊണ്ട് തന്നെ സംഘടനാ പ്രവർത്തനവും കുറയും. എന്നാൽ വി ആർ എസിലേക്ക് നിർബന്ധമായി കെ എസ് ആർ ടി സി കടന്നാൽ വിഷയം കോടതിക്ക് മുമ്പിലുമെത്തും. ഇതെല്ലാം മാനേജ്മെന്റും തിരിച്ചറിയുന്നുണ്ട്. സർക്കാരിന്റെ പിന്തുണയുണ്ടെങ്കിൽ പദ്ധതിക്ക് പ്രശ്നമുണ്ടാകില്ലെന്നാണ് മാനേജ്മെന്റ് നിലപാട്.
അതേസമയം, നിർബന്ധിത വിആർഎസ് ഇടതുനയത്തിന് വിരുദ്ധമെന്ന് കെഎസ്ആർടിസി എംപ്ലോയീസ് യൂണിയൻ ആരോപിച്ചു. വിആർഎസ് കരാർ നിയമനത്തിന് വഴിയൊരുക്കും. വിആർഎസിനെ ശക്തമായി എതിർക്കുമെന്നും എന്നാൽ ജീവനക്കാർ സ്വമേധയാ വിആർഎസ് എടുക്കുന്നതിനെ എതിർക്കില്ലെന്നും യൂണിയൻ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ