- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സാങ്കേതിക സർവകലാശാലയിൽ മുൻ എംപി ഡോ:പി.കെ ബിജു ഉൾപ്പെടെ ആറുപേർ അനധികൃതമായി സിൻഡിക്കേറ്റിൽ; ഒരു വർഷത്തിനുള്ളിൽ അനധികൃതമായി കൈപ്പറ്റിയത് 50 ലക്ഷം രൂപയുടെ സർവകലാശാല ഫണ്ട്; പ്രതിപക്ഷ നേതാവിന്റെ വെളിപ്പെടുത്തലിന് പിന്നാലെ ആറുപേരെയും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്ക് നിവേദനം
തിരുവനന്തപുരം: കേരള സാങ്കേതിക സർവകലാശാലയിൽ, മുൻ എംപി ഡോ:പി.കെ ബിജു ഉൾപ്പെടെ ആറുപേർ അനധികൃതമായി സിൻഡിക്കേറ്റിൽ തുടരുന്നതിന് എതിരെ ഗവർണർക്ക് പരാതി. കഴിഞ്ഞ ഒരുവർഷത്തിലേറെയായി സാങ്കേതിക സർവകലാശാലയിൽ അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്ന ആറുപേരെയും അടിയന്തരമായി നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് നിവേദനം നൽകി.
പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഇന്ന് കോട്ടയത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ ഗുരുതരമായ ഈ നിയമലംഘനം വെളിപ്പെടുത്തിയിരുന്നു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെയും സുപ്രീംകോടതി വിധിയെ തുടർന്ന് പുറത്താക്കപ്പെട്ട മുൻ വിസി യുടെയും ഒത്താശയോടെയാണ് ഇവരെ തുടരാൻ അനുവദിച്ചതെന്നാണ് ആക്ഷേപം, ഈ കാലയളവിൽ ഇവർ കൈക്കൊണ്ട തീരുമാനങ്ങൾ പുനഃ പരിശോധിക്കണമെന്നും, ഈ കാലയളവിൽ വാങ്ങിയ സാമ്പത്തിക ആനുകൂല്യങ്ങൾ തിരിച്ചു പിടിക്കണമെന്നും ഗവർണർക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും മുൻ എം പിയുമായ ഡോ:പി.കെ. ബിജു, സിപിഎം ജില്ലാ കമ്മിറ്റിയംഗം അഡ്വ:ഐ. സാജു, കേരള സർവകലാശാല മുൻ അദ്ധ്യാപിക ഡോ: ബി.എസ്. ജമുനാ, എൻജിനീയറിങ് കോളേജ് അദ്ധ്യാപകരായ വിനോദ് കുമാർ ജേക്കബ്, ജി സഞ്ജീവ്, എസ് വിനോദ് മോഹൻ എന്നിവരെയാണ് കഴിഞ്ഞ സർക്കാർ തെരഞ്ഞെടുപ്പ് ചട്ടം നിലവിൽ വരുന്നതിനുതൊട്ട് മുമ്പ് നാമനിർദ്ദേശം ചെയ്തത്.
2021 ഫെബ്രുവരി 20ന് പുറപ്പെടുവിച്ച ഓർഡിനൻസിന്റെ അടിസ്ഥാനത്തിൽ നടത്തിയ നിയമഭേദഗതിയിലൂടെയാണ് ഈ ആറുപേരെ നാമ നിർദ്ദേശം ചെയ്തത്. 2021 ഫെബ്രുവരി 20 പുറപ്പെടുവിച്ച ഈ ഓർഡിനൻസ് ജൂലൈ രണ്ടിനും, ഓഗസ്റ്റ് 24നും റീ പ്രമുൽഗേറ്റ് ചെയ്തിരുന്നു.
2021 ഒക്ടോബറിൽ ഈ ഓർഡിനൻസിന് പകരം നിയമസഭ ബിൽ പാസാക്കിയെങ്കിലും നിയമവിരുദ്ധ ഭേദഗതി ചൂണ്ടിക്കാട്ടി ഗവർണർ അംഗീകാരം നൽകിയിട്ടില്ല.നമ്പർ 50, 54 എന്നീ രണ്ട് ബില്ലുകളിലാണ് ഗവർണർ ഒപ്പ് വയ്ക്കാത്തത്.
ജില്ലാ ജഡ്ജിയെ സർവ്വകലാശാല ട്രിബൂണലായി ഗവർണർ നിയമിക്കണമെന്ന നിലവിലെ നിയമം ഭേദഗതി ചെയ്ത് പകരം വിരമിച്ച ഹൈക്കോടതി ജഡ്ജിയേയോ ജില്ലാ ജഡ്ജിയേയോ സർക്കാരിന് നിയമിക്കാമെന്ന ഭേദഗതി ബില്ലിൽ ഉൾപ്പെടുത്തിയതിനാലാണ് ബില്ല് ഒപ്പുവയ്ക്കാൻ ഗവർണർ വിസമ്മതിച്ചത്. ബില്ല് ഗവർണർ അംഗീകരിക്കാതായതോടെ നവംബർ 14 മുതൽ ഓർഡിനൻസ് അസാധു ആവുകയായിരുന്നു. അസാധുവാക്കപ്പെട്ട ഓർഡിനൻസിന്റെ പിൻബലത്തിൽ ആറുപേർ സിൻഡിക്കേറ്റിൽ 2021 നവംബർ മുതൽ ഒരുവർഷത്തിലേറെയായി തുടരുന്നത് ജനാധിപത്യത്തിനോടുള്ള വെല്ലുവിളിയാണ്.
ഓർഡിനൻസ് അസാധുവായെങ്കിലും അനധികൃതമായി സിൻഡിക്കേറ്റ് അംഗങ്ങളായി തുടരുന്നവരെ പുറത്താക്കി നടപടി എടുക്കുവാൻ അധികാരപ്പെട്ട മുൻ വൈസ് ചാൻസലർ ഡോ: എം എസ് രാജശ്രീ തയ്യാറായിരുന്നില്ല.സംസ്ഥാന ചരിത്രത്തിലാദ്യമായാണ് നിയമവിരുദ്ധമായി സിൻഡിക്കേറ്റ് അംഗങ്ങൾ സർവ്വകലാശാലയുടെ അധികാര സ്ഥാനത്ത് തുടരുന്നത്. സിറ്റിങ് ഫീ ഇനത്തിൽ ഓണറേറിയമായി 3000 രൂപയും യാത്രപടിയായി കിലോമീറ്ററിന് 19 രൂപയും അടക്കം ഓരോ മീറ്റിങ്ങിനും 10000 മുതൽ 15,000 രൂപ വരെ ഇവർ വാങ്ങുന്നുണ്ട്. ഒരു വർഷത്തിനുള്ളിൽ 50 ലക്ഷം രൂപ ഈ ഇനത്തിൽ സർവകലാശാല ഫണ്ട് അനധികൃതമായി കൈപ്പറ്റിയിട്ടുണ്ട്.
കേരള സർവകലാശാല സിറ്റിങ് ഫീയായി 750 രൂപയും യാത്രപടിയായി കിലോമീറ്ററിന് 9 രൂപയും നിശ്ചയിച്ചിരിക്കുമ്പോഴാ ഇരട്ടി തുക ഇവർ കൈപ്പറ്റുന്നത്. സർവകലാശാലയുടെ ദൈനംദിനഭരണത്തിലും പരീക്ഷ നടത്തിപ്പിലും നിയമനങ്ങളിലും അനധികൃതമായി ഇടപെടുന്ന ഇവർ പുതുതായി ചുമതലയേറ്റ താൽക്കാലിക വൈസ് ചാൻസലർ ഡോ: സിസാ തോമസിന്മേൽ നിയന്ത്രണമേർപ്പെടുത്തി പുറത്താക്കാനുള്ള സമര പരിപാടികൾ ആസൂത്രണം ചെയ്യുകയാണ്. അതിന്റെ ഭാഗമായി ഇവർ വിസി യെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വാർത്താസമ്മേളനവും നടത്തിയിരുന്നു.
നിയമവിരുദ്ധമായി സർവകലാശാലയിൽ തുടരുന്ന ആറു സിൻഡിക്കേറ്റ് അംഗങ്ങളെ പുറത്താക്കാനും ഇവർ ഒരു വർഷത്തിലേറെയായി അനധികൃതമായി കൈപ്പറ്റിയ സാമ്പത്തിക അനുകൂല്യങ്ങൾ തിരിച്ചു പിടിക്കാനും ഈ കാലയളവിൽ ഇവർ കൈക്കൊണ്ട തീരുമാനങ്ങൾ പുനഃ പരിശോധിക്കാനും വിസി ക്ക് നിർദ്ദേശം നൽകണമെന്ന് ഗവർണർക്ക് നൽകിയ നിവേദനത്തിൽ ഫോറം ആവശ്യപ്പെട്ടിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ