തിരുവനന്തപുരം: ഡോ സിസ തോമസിനെ പെൻഷൻ വാങ്ങാൻ പിണറായി സർക്കാർ അനുവദിക്കില്ല. രാജ്ഭവനുമായുള്ള പോരിൽ ഗവർണ്ണർക്കൊപ്പം ചേരുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് പാഠമാകാനാണ് സിസ തോമസിനെതിരായ നടപടികൾ. സർവീസിൽനിന്നു വിരമിക്കാൻ 21 ദിവസം മാത്രം ശേഷിക്കെ സാങ്കേതിക സർവകലാശാലാ (കെടിയു) വൈസ് ചാൻസലർ ഡോ. സിസ തോമസിനു സർക്കാരിന്റെ കാരണംകാണിക്കൽ നോട്ടിസ്. അച്ചടക്ക നടപടി ഉറപ്പാണെന്നാണ് സൂചന. അങ്ങനെ വന്നാൽ വിരമിച്ചാലും പെൻഷൻ ആനുകൂല്യം ഉടൻ കിട്ടില്ല. അതുറപ്പാക്കാൻ സിസാ തോമസിന് നിയമ പോരാട്ടം നടത്തേണ്ടി വരും.

ഡിജിപിയായി റിട്ടയർ ചെയ്ത ജേക്കബ് തോമസിനോട് കാട്ടിയ അതേ പ്രതികാരം സിസാ തോമസിനെതിരേയും ഉണ്ടാകും. ജേക്കബ് തോമസിനെ പലവട്ടം സസ്‌പെന്റ് ചെയ്തും മറ്റും വെറുതെ സർക്കാർ പുറത്തിരുത്തി. എന്നേന്നേക്കും പിരിച്ചു വിടാനും ശ്രമിച്ചു. എന്നാൽ കോടതി ഇടപെടൽ കാരണം അതൊന്നും നടന്നില്ല. സമാന നടപടികൾ സിസാ തോമസിനെതിരേയും ആലോചനയിലുണ്ട്. തിരുവനന്തപുരത്ത് നിന്നും സ്ഥലം മാറ്റാനുള്ള നീക്കം അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെടലോടെ നടന്നില്ല. ഇതിന് ശേഷമാണ് സസ്‌പെൻഷൻ സാധ്യത തേടുന്നത്.

സർക്കാരിന്റെ അനുമതിയില്ലാതെ, ഗവർണറുടെ ഉത്തരവ് അനുസരിച്ച് 5 മാസം മുൻപ് വിസി സ്ഥാനം ഏറ്റെടുത്ത സിസയ്‌ക്കെതിരെ നടപടി സ്വീകരിക്കാനും വിരമിക്കൽ ആനുകൂല്യങ്ങൾ അവതാളത്തിലാക്കാനുമാണ് കാരണംകാണിക്കൽ നോട്ടിസ് നൽകിയതെന്ന് ആരോപണം ഉണ്ട്. സിസയെ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റിയെങ്കിലും അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണൽ ഇടപെട്ടതിനെത്തുടർന്ന് തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനീയറിങ് കോളജ് പ്രിൻസിപ്പലായി നിയമിക്കേണ്ടി വന്നു. ഈ മാസം 31ന് അവർ വിരമിക്കുകയാണ്.

സർക്കാരിന്റെ അനുമതിയില്ലാതെ വിസിയുടെ ചുമതല ഏറ്റെടുത്തത് കേരള സർവീസ് ചട്ടത്തിന്റെ ലംഘനവും പെരുമാറ്റദൂഷ്യവുമാണെന്നും അതിനാൽ അച്ചടക്കനടപടി സ്വീകരിക്കാതിരിക്കാൻ കാരണം ബോധിപ്പിക്കണമെന്നും ആവശ്യപ്പെട്ടാണ് ഉന്നതവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി നോട്ടിസ് നൽകിയിരിക്കുന്നത്. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഭരണഘടനാ പരമായി സംസ്ഥാനത്തിന്റെ തലവനാണ് ഗവർണ്ണർ. ഗവർണ്ണറെ അനുസരിക്കേണ്ട് ജീവനക്കാരുടെ ബാധ്യതയും. അതുകൊണ്ട് തന്നെ ഈ നീക്കം വ്യാപക ചർച്ചകൾക്ക് വഴിവയ്ക്കും.

സർക്കാരിന്റെ തലവൻ ഗവർണർ ആണെന്നിരിക്കെ അദ്ദേഹത്തിന്റെ ഉത്തരവ് അനുസരിച്ചതിനാണ് ഡോ. സിസ നടപടി നേരിടുന്നത്. കോടതിയിലെത്തിയാൽ അതിന്മേൽ ജ്യൂഡീഷ്യറി നടത്തുന്ന നിരീക്ഷണവും വിധിയുമെല്ലാം നിർണ്ണായകമാകും. സാങ്കേതിക സർവകലാശാലാ വിസി സ്ഥാനത്തേക്കു സർക്കാർ നിർദേശിച്ച പേരുകൾ യുജിസി ചട്ടപ്രകാരം സ്വീകാര്യം അല്ലാത്തതിനാൽ ഔദ്യോഗിക ജോലിയോടൊപ്പം വിസിയുടെ അധികച്ചുമതല കൂടി ഡോ. സിസ വഹിക്കാൻ ഗവർണർ ഉത്തരവിടുകയായിരുന്നു.

ഗവർണറുമായുള്ള അഭിപ്രായഭിന്നതയും സ്ഥലംമാറ്റം ട്രിബ്യൂണൽ മരവിപ്പിച്ചതും വിരമിച്ചാലും വിസി സ്ഥാനത്തു സിസ തുടരുമെന്ന രാജ്ഭവന്റെ നിലപാടുമാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. ഇതോടെയാണ് സസ്‌പെൻഷനുള്ള സാധ്യത തേടിയത്.