തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലെ പാചകം ഇനി ഏറ്റെടുക്കാനില്ലെന്ന പഴയിടം മോഹനൻ നമ്പൂതിരിയുടെ തീരുമാനം വന്നതോടെ അദ്ദേഹത്തെ അനുകൂലിച്ചു കൊണ്ട് നിരവധി പേർ രംഗത്തുവന്നു. ബിജെപി നേതാക്കളും പഴയിടത്തിന് പിന്തുണയുമായി രംഗത്തുവന്നു കഴിഞ്ഞു. മുൻ മിസോറാം ഗവർണറും മുൻ ബിജെപി അധ്യക്ഷനുമായി കുമ്മനം രാജശേഖരനും രൂക്ഷമായ ഭാഷയിൽ സർക്കാറിനെ വിമർശിച്ചു രംഗത്തുവന്നു.

കേരളാ താലിബാനിസത്തിന്റെ ഇരയാണ് പ്രശസ്ത പാചക വിദഗ്ദ്ധൻ പഴയിടം മോഹനൻ നമ്പൂതിരിയെന്ന് കുമ്മനം ആരോപിച്ചു. ഭീകരവാദികളുടെ അച്ചാരം പറ്റുന്ന മതവെറിയന്മാരുടെ ദുഷ്പ്രചരണത്തിന് മുന്നിൽ ഭരണകൂടം കീഴടങ്ങിയിരിക്കുകയാണ്. ഇത് കേരളത്തിന് അപമാനമാണെന്നും അദ്ദേഹം ഫേസ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ലക്ഷക്കണക്കിന് ആൾക്കാർക്ക് ഭക്ഷണം പാകം ചെയ്ത് നൽകിയ പാരമ്പര്യമുള്ള പഴയിടത്തെ ഇപ്പോൾ മതത്തിന്റെ പേരിൽ അകറ്റി നിർത്താനുള്ള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറണം. ഭീകരവാദികളുടെ തീരുമാനം അനുസരിച്ചാണോ സർക്കാർ നയങ്ങൾ രൂപീകരിക്കപ്പെടുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും കുമ്മനം പറഞ്ഞു. ഉണ്ട ചോറിന് നന്ദിയുണ്ടെങ്കിൽ പഴയിടത്തെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ സർക്കാർ മുൻകൈ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഭക്ഷണത്തിൽ വർഗീയത കലർത്തുന്നു എന്ന ആരോപണം ഉയർത്തിയാണ് പഴയിടം സംസ്ഥാന സ്‌കൂൾ കലോത്സവ വേദികളിൽ നിന്നും പിൻവാങ്ങുന്നത്. ഭക്ഷണത്തിന്റെ പേരിൽ ഉയർന്ന പുതിയ വിവാദങ്ങൾക്ക് പിന്നാലെ അടുക്കള നിയന്ത്രിക്കുന്നതിൽ ഭയം വന്നുവെന്നും മുന്നോട്ടുപോകുക ബുദ്ധിമുട്ടാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൗമാരക്കാരുടെ ഭക്ഷണത്തിൽ പോലും പോലും ജാതിയുടെയും വർഗീയതയുടെയും വിഷവിത്തുകൾ വാരിയെറിയുന്ന കാലമാണിത്. ഇത് വല്ലാതെ അസ്വസ്ഥമാക്കുന്നുവെന്നും തന്നെ മലീമസപ്പെടുത്തുന്ന രീതിയിൽ അനാവശ്യമായ വിവാദങ്ങൾ നടന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇത്രകാലവും നിധിപോലെ നെഞ്ചിലേറ്റി നടന്നതാണ് കലോത്സവ നഗരിയിലെ അടുക്കളകൾ. ആ നിധി ഇനിയും സൂക്ഷിക്കുന്നത് ശരിയല്ലെന്ന് ബോധ്യമായി തുടങ്ങി. ചില പ്രതികരണങ്ങളുടെ പേരിൽ മാത്രമല്ല വിടവാങ്ങുന്നത്. നമ്മുടെ സാത്വിക മനസ്സിന് ഉൾക്കൊള്ളാവുന്ന കാര്യമല്ല ഇപ്പോൾ നടക്കുന്നത്. ഭക്ഷണ ശീലങ്ങൾ മാറിമാറി വരുന്ന അടുക്കളകളിൽ പഴയിടത്തിന്റെ സാന്നിധ്യത്തിന് അത്രമാത്രം പ്രസക്തിയുണ്ടെന്ന് തോന്നുന്നില്ല. അതുകൊണ്ടുകൂടിയാണ് കലോത്സവ ഊട്ടുപുരയിൽ നിന്ന് മാറിനിൽക്കുന്നതെന്നും പഴയിടം വ്യക്തമാക്കി.

ഇതുവരെ രണ്ടര കോടിയിലേറെ കുട്ടികൾക്ക് ഭക്ഷണം കൊടുത്തിട്ടുണ്ട്. ആ സന്തോഷം മാത്രം മതി ഇനിയും തനിക്ക് ജീവിക്കാനെന്നും പഴയിടം പറഞ്ഞു. 2005 എറണാകുളം കലോത്സവം മുതൽ കലോത്സവ ഊട്ടുപുരയിലെ സ്ഥിരം സാന്നിധ്യമാണ് പഴയിടം. സ്‌കൂൾ കലോത്സവത്തിൽ മാംസാഹാരം വിളമ്പാത്തത് വലിയ വിവാദമായ സാഹചര്യത്തിലാണ് പഴയിടത്തിന്റെ പ്രതികരണം. അടുത്ത തവണ മുതൽ കലോത്സവ വേദിയിൽ മാംസാഹാരം വിളമ്പുന്ന കാര്യം പരിഗണിക്കുമെന്ന് വിവാദങ്ങൾക്ക് പിന്നാലെ വിദ്യാഭ്യാസ മന്ത്രിയും വ്യക്തമാക്കിയിരുന്നു.

അതേസമയം കോഴിക്കോട്ട് പാചക വിദ്ഗ്ധൻ പഴയിടം നമ്പൂതിരി കൃത്യമായി തന്റെ ജോലി നിർവഹിച്ചെന്നും ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കലാമേളകൾക്ക് പാചകം ചെയ്യാൻ ഇനി ഇല്ലെന്ന പഴയിടത്തിന്റെ പ്രസ്താവനയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പഴയിടത്തെ വേദനപ്പിക്കേണ്ടിയിരുന്നില്ലെന്നും കേരളത്തിന്റെ അഭിപ്രായം ഒന്നോ രണ്ടോ പേരുടേത് മാത്രമല്ലെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന്റെ അഭിപ്രായം കോഴിക്കോട് കണ്ടതാണ്. ബ്രഹ്മണ മേധാവിത്വം സംബന്ധിച്ച ചർച്ചകൾ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു. ഒരു വിവാദവും ഇല്ലാത്തപ്പോൾ എന്തെങ്കിലും ഉണ്ടാക്കുന്നു എന്ന് മാത്രം. അടുത്ത കലോത്സവത്തിന് പഴയിടമില്ലെങ്കിൽ ടെൻഡർ വഴി മറ്റൊരാളെ കണ്ടെത്തുമെന്ന് മന്ത്രി വ്യക്തമാക്കി.

കലോത്സവ ഭക്ഷണശാലയിൽ നോൺ വെജ് ആഹാരം നൽകുന്നതിനെക്കുറിച്ച് ആലോചിച്ചുവെന്നും എന്നാൽ കൂടുതൽ ചർച്ചകളിലൂടെ മാത്രമേ തീരുമാനം എടുക്കാൻ കഴിയൂ എന്നും മന്ത്രി പറഞ്ഞു. നോൺ വെജ് നൽകുന്നതിനെ സംബന്ധിച്ച് കമ്മിറ്റി രൂപീകരിച്ച് പഠനം നടത്തി തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.