- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം വേണ്ടെന്ന് കത്തെഴുതിയത് 'തിരുത'ക്കറിയിൽ വിപ്ലവം സൃഷ്ടിച്ച അതേ ബുദ്ധി! പെൻഷനൊപ്പം ഹോണറേറിയം കൂടിയാകുമ്പോൾ മാഷ് ഹാപ്പി; സമ്പത്തിന് കൊടുത്തത് പ്രതിമാസം അഞ്ചക്കമെങ്കിൽ കെവി തോമസിന് ആറക്കം; കോൺഗ്രസിൽ നിന്ന് ചാടിയ കെവി തോമസിന് സമ്മാനം മാസം തോറും ഒരുലക്ഷം; ഇതും മറ്റൊരു ഖജാവ് കൊള്ള
തിരുവനന്തപുരം: കഴിഞ്ഞ സർക്കാരിന്റെകാലത്ത് ഡൽഹിയിൽ സർക്കാരിന്റെ പ്രതിനിധിയായിരുന്ന എ. സമ്പത്തിന് കാബിനറ്റ് പദവിയുണ്ടായിരുന്നു. മന്ത്രിമാർക്കെന്നപോലെ 92,423 രൂപയായിരുന്നു ശമ്പളം. എന്നാൽ ഒന്നും വേണ്ടെന്ന് പറഞ്ഞെത്തിയ കെവി തോമസിന് പ്രതിഫലം ഒരുലക്ഷം. അതാണ് ഇടതു സർക്കാരിന്റെ വിപ്ലവം.
ഡൽഹിയിൽ കേരളസർക്കാരിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസിന് മാസം ഒരുലക്ഷംരൂപ പ്രതിഫലമായി നൽകാൻ ധനവകുപ്പിന്റെ നിർദ്ദേശം എത്തി കഴിഞ്ഞു. ഇതിൽ മന്ത്രിസഭായോഗമാണ് അന്തിമതീരുമാനമെടുക്കേണ്ടത്. ഓണറേറിയമെന്നനിലയ്ക്കാണ് അനുവദിക്കുന്നത്. പുനർനിയമനം ലഭിക്കുന്നവർക്ക് പെൻഷൻ കഴിച്ചുള്ള തുകയാണ് ശമ്പളമായി ലഭിക്കുക. ഓണറേറിയമായതിനാൽ തോമസിന് ഈ ചട്ടം ബാധകമാവില്ല. എംപി. പെൻഷൻ തുടർന്നും അദ്ദേഹത്തിന് വാങ്ങാം. എംഎൽഎ പെൻഷനും കിട്ടും.
ശമ്പളത്തിനുപകരം ഓണറേറിയമായി നൽകിയാൽ മതിയെന്ന് തോമസ് സർക്കാരിനെ അറിയിച്ചിരുന്നു. കോൺഗ്രസ് വിട്ട് സിപിഎം പക്ഷത്തേക്ക് വന്നതോടെയാണ് അദ്ദേഹത്തെ നിയമിച്ചത്. ശമ്പളം വേണ്ടെന്ന തോമസിന്റെ നിർദ്ദേശം ഇടതു കേന്ദ്രങ്ങൾ വലിയ തോതിൽ ചർച്ചയാക്കി. സേവനത്തിനാണ് തോമസ് ഡൽഹിയിൽ നിറയുന്നതെന്നാണ് അവർ അന്ന് പറഞ്ഞത്. എന്നാൽ തീരുമാനം വരുമ്പോൾ കാബിനറ്റ് സംവിധാനങ്ങൾക്കൊപ്പം ഒരു ലക്ഷം രൂപയും. ഡൽഹിയിലെ കേരളാ ഹൗസിൽ കാര്യങ്ങൾ ചെയ്യാനും നോക്കാനും നിരവധി ഉദ്യോഗസ്ഥരുള്ളപ്പോഴാണ് ഈ ഖജനാവ് കൊള്ള.
എ. സമ്പത്ത് വഹിച്ചിരുന്ന അതേ പദവിയാണ് കെ.വി തോമസിന് നൽകുന്നതെന്നാണ് മുഖ്യമന്ത്രി മന്ത്രിസഭാ യോഗത്തിൽ പറഞ്ഞത്. കേരളത്തിന്റെ പ്രതിനിധിയായി സമ്പത്തിനെ നിയമിക്കുമ്പോൾ അദ്ദേഹത്തിന് ക്യാബിനറ്റ് റാങ്കും സ്വന്തമായി ഓഫീസും സ്റ്റാഫും താമസസൗകര്യവും അടക്കം നൽകിയിരുന്നു. കേന്ദ്ര സർക്കാരുമായുള്ള കേരള സർക്കാരിന്റെ ലെയ്സൺ ജോലികളാണ് പ്രത്യേക പ്രതിനിധിയുടെ മുഖ്യ ഉത്തരവാദിത്തം. എംപി എന്ന നിലയിലുള്ള സമ്പത്തിന്റെ പ്രവർത്തിപരിചയം ഉപയോഗിക്കുന്നതിന് വേണ്ടിയാണ് പദവി എന്നാണ് മുഖ്യമന്ത്രി അന്ന് വ്യക്തമാക്കിയിരുന്നത്.
നിലവിൽ ഇതേ ജോലികൾക്കായി കേരളത്തിന്റെ രണ്ട് പ്രതിനിധികൾ ഡൽഹിയിലുണ്ട്. ഒരു മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥൻ കേരള ഹൗസ് കേന്ദ്രീകൃതമായി പ്രവർത്തിക്കുന്നുണ്ട്. കൂടാതെ മുൻ നയതന്ത്ര ഉദ്യോഗസ്ഥൻ വേണു രാജാമണിയും ഡൽഹിയിലെ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാണ്. ഈ രണ്ട് പേർക്ക് പുറമെയാണ് കെ.വി തോമസിന്റെ നിയമിച്ചത്. കോൺഗ്രസിൽനിന്ന് പുറത്താക്കിയ കെ.വി.തോമസിനെ പിണറായി സർക്കാർ ക്യാബിനറ്റ് റാങ്ക് നൽകിയാണ് സ്വാഗതം ചെയ്തത്. ജനുവരി 18 ലെ മന്ത്രിസഭാ യോഗമാണു കെ.വി.തോമസിനെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായി നിയനമം നൽകിയത്.
ശമ്പളം വേണ്ടെന്നും ഓണറേറിയം മതിയെന്നും ആവശ്യപ്പെട്ട് കെ.വി.തോമസ് സർക്കാരിനു കത്ത് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓണറേറിയം നൽകാനുള്ള നിർദ്ദേശം ധനവകുപ്പ് നൽകിയത്. ഡൽഹി കേരള ഹൗസിലാണ് കെ.വി.തോമസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത്. സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുത്തതോടെയാണു കെ.വി.തോമസ് പാർട്ടിയുമായി അകലുന്നത്. കോൺഗ്രസ് വിലക്കു ലംഘിച്ചാണ് കെ വി തോമസ് കണ്ണൂരിൽ നടന്ന പരിപാടിയിൽ പങ്കെടുത്തത്. തുടർന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ എൽഡിഎഫ് കൺവെൻഷനിൽ തോമസ് പങ്കെടുത്തതൊടെ കോൺഗ്രസിൽനിന്നു പുറത്തായി.
തിരുത മീനുമായി ഡൽഹിയിൽ കുമ്പളങ്ങി എന്ന ഗ്രാമത്തിന്റെ ശാലീനിത ചർച്ചയാക്കി മുൻ കേന്ദ്ര മന്ത്രി കൂടിയാണ് തോമസ്. തിരുത മീനിൽ പലരേയും അടുപ്പിച്ച വ്യക്തിയാണ് തോമസ് എന്നതും മലയാളികൾക്കിടയിൽ പലപ്പോഴും ചർച്ചയായതുമാണ്. ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് മുൻ എംപി എ. സമ്പത്തായിരുന്നു ഡൽഹിയിലെ പ്രത്യേക പ്രതിനിധി. അന്ന് അടിസ്ഥാന ശമ്പളം, ഡിഎ, ഡൽഹി അലവൻസ് ഉൾപ്പെടെ 92,423 രൂപയായിരുന്നു പ്രതിമാസ ശമ്പളം.
മറുനാടന് മലയാളി ബ്യൂറോ