ന്യൂഡൽഹി: ജെഇഇ, നീറ്റ് പരീക്ഷാ പരിശീലകൻ ലളിത് സർദാനയുടെ ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായെന്ന് മാത്രമല്ല, വിവാദവുമായി. വിവാദം ചൂടുപിടിച്ചതോടെ, ലളിത് സർദാന മാപ്പുപറഞ്ഞു. തന്റെ ക്ലാസിന്റെ ഒരു ഭാഗം അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതാണെന്ന ന്യായവും നിരത്തി. മുസ്ലിം കുട്ടികൾ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്നുവെന്നതാണ് വീഡിയോയിലെ വിവാദഭാഗം.

മുസ്ലിം യുവാക്കൾ ഹിന്ദു യുവാക്കളെ പോൺ-അഡൾട്ട് വീഡിയോകൾ കാട്ടുമെന്നും എങ്ങനെ സ്വയംഭോഗം ചെയ്യണമെന്ന് പഠിപ്പിക്കുമെന്നുമാണ് ലളിത് സർദാന പറയുന്നത്. ഇങ്ങനെ ഹിന്ദുയുവാക്കളുടെ ലൈംഗിക ശേഷി കുറയ്ക്കുമെന്നാണ് ലളിതിന്റെ വാദം. രണ്ടുമിനിറ്റ് നീണ്ടുനിൽക്കുന്ന വിവാദ വീഡിയോയിൽ സെക്‌സ് ജിഹാദിനെ കുറിച്ചാണ് സംസാരിക്കുന്നത്. അഡൾട്ട് ്ചിത്രങ്ങളുടെ സംവിധായകരും, നിർമ്മാതാക്കളും, നടന്മാരും എവ്വാം മുസ്ലീങ്ങളാണെന്ന് സർദാന ആരോപിക്കുന്നു.

ഈ ചിത്രങ്ങൾ കണ്ട് ഹിന്ദു യുവാക്കൾ വികാരഭരിതരാകും. അപ്പോൾ എങ്ങനെ സ്വയംഭോഗം ചെയ്യണമെന്ന് മുസ്ലിം യുവാക്കൾ കാട്ടിക്കൊടുക്കും. ചിത്രങ്ങൾ കണ്ട ശേഷം പങ്കാളികളെ കിട്ടാതെ വരുമ്പോഴാണ് സ്വയംഭോഗം ചെയ്യുന്നതെന്നും ലളിത് സർദാന പറയുന്നു. ഇതാണ് പുതിയ ഗെയിം പ്ലാൻ. സെക്‌സ് ജിഹാദിലൂടെ ലക്ഷ്യമിടുന്നത് ഹിന്ദുയുവാക്കളുടെ വീര്യത്തെ നശിപ്പിക്കാനാണ്. ഹിന്ദുപെൺകുട്ടികളും ഈ അഡൾട്ട് വെബ്‌സീരീസും മറ്റും കാണും. അത് അവിഹിത ബന്ധത്തിലേക്കും മറ്റും നയിക്കുമെന്നും ലളിത് സർദാന പറയുന്നു.

ഐഐടി ജെഎഇഇയിൽ അഖിലേന്ത്യതലത്തിൽ 243 ാം റാങ്ക് നേടിയ ലളിത് സർദാന 1997 മുതൽ മത്സര പരീക്ഷകൾക്കായി സർദാന ഇന്റർനാഷനൽ സ്‌കൂൾ ഡയറക്ടറെന്ന നിലയിൽ പരിശീലനം നടത്തുന്നു. വീഡിയോ വിവാദമായതിന് പിന്നാലെ ഹിന്ദു കുട്ടികളെ സ്വയംഭോഗത്തിന് പ്രേരിപ്പിക്കുന്ന വീഡിയോകൾ ഉണ്ടാക്കുന്നത് കേരളത്തിൽ നിന്നും പാക്കിസ്ഥാനിൽ നിന്നുമാണെന്ന് ലളിത് സർദാന ആരോപിച്ചു. ഈ വിവരം താൻ മനസിൽ നിന്നുണ്ടാക്കി പറഞ്ഞതല്ലെന്നും ദേശീയതലത്തിലുള്ള വളരെ മുതിർന്ന മാധ്യമപ്രവർത്തകൻ തന്നോട് പറഞ്ഞതാണെന്നും ലളിത് സർദാന കൂട്ടിച്ചേർത്തു.

മാപ്പപേക്ഷയിലാണ് തന്റെ വീഡിയോ ക്ലിപ്പിൽ നിന്ന് ഒഴിവാക്കിയ ഭാഗത്തുള്ള കാര്യങ്ങളെന്ന് പറഞ്ഞ് സർദാന കേരളത്തെയും പാക്കിസ്ഥാനെയും ചേർത്തു പറഞ്ഞ് കുറ്റാോപണം നടത്തിയത്. ഒ.ടി.ടി വഴി വെബ്‌സീരീസുകളിൽ ഇത്തരത്തിലുള്ള വീഡിയോകൾ വരുന്നുണ്ട്. ഇതിനായി കേരളത്തിലും പാക്കിസ്ഥാനിലും വെബ്‌സൈറ്റുകളുണ്ടെന്നും ലളിത് സർദാന ആരോപിച്ചു.

ഇത്തരം കാര്യങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ഇനിയും തുടരുമെന്നും ആ മാധ്യമപ്രവർത്തകൻ തന്നോട് പറഞ്ഞു. മുതിർന്ന മാധ്യമപ്രവർത്തകനായതിനാൽ അയാളുടെ പക്കൽ വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള വിവരങ്ങളെത്തും. അദ്ദേഹത്തിന്റെ പക്കൽ അതിനുള്ള തെളിവുകളുമുണ്ടാകും. ഇതെല്ലാം മുറിച്ചുമാറ്റിയാണ് സ്വയംഭോഗത്തെ കുറിച്ച് താൻ പറഞ്ഞ വീഡിയോ പുറത്തുവിട്ടതെന്ന് സർദാന പറഞ്ഞു.

'Sardana Tutorials' @studyadda എന്ന് പേരിൽ ലളിത് സർദാനയ്ക്ക് യുടൂബ് ചാനലുണ്ട്. ഐഐടി-ജെഇഇ അഡ്വാൻസ് പഠിതാക്കളെയാണ് ഓൺലൈനിൽ പഠിപ്പിക്കുന്നത്.