- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മാനന്തവാടി-നെടുംപൊയിൽ ചുരം റോഡിൽ വീണ്ടും ഉരുൾപൊട്ടൽ; പാതയുടെ ഭാഗങ്ങളിൽ ബസ്സുകളും ചരക്ക് വാഹനങ്ങളും അടക്കം നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു; കോഴിക്കോട് വിലങ്ങാടും മലവെള്ളം കുത്തിയലച്ചെത്തുന്നു; വടക്കൻ കേരളത്തിലെ മലയോര മേഖകളിൽ മഴനാശം വിതയ്ക്കുന്നു
കണ്ണൂർ: വടക്കൻ കേരളത്തിലെ മലയോര മേഖലയിൽ മഴ നാശം വിതയ്ക്കുന്നു. മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് വീണ്ടും ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലും. പാതയുടെ ഭാഗങ്ങളിൽ ബസ്സുകൾ ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുകയാണ്. നിലവിൽ വാഹനങ്ങൾ കടത്തിവിടുന്നില്ല. ഓഗസ്റ്റ് ആദ്യവാരം പാതയിൽ പലയിടത്തും ഉരുൾപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പാനോം വനമേഖലയിലും ഉരുൾപൊട്ടിയതായാണ് സൂചനകൾ. കോഴിക്കോട് വിലങ്ങാടും മലവെള്ളപ്പാച്ചിൽ അനുഭവപ്പെട്ടിട്ടുണ്ട്. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിലും ഉരുൾപൊട്ടിയെന്നാണ് സംശയിക്കുന്നത്. സെമിനാരി കവലയിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപ്പാച്ചിലാണ്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളിൽ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയിൽ ശനിയാഴ്ച രാവിലെ മുതൽ തുടങ്ങിയ ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്.
മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മലപ്പുറം കരുവാരകുണ്ടിലും ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് ഭാഗങ്ങളിലാണ് മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ നിറഞ്ഞു കവിഞ്ഞൊഴുകുകയാണ്.
അതേസമയം കേരളത്തിൽ അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് 10 ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
തിരുവനന്തപുരം മുതൽ മലപ്പുറം വരെ പത്തുജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്.
24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പാലക്കാട് എന്നീ ജില്ലകളിൽ ഇടിയോടുകൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ