- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നട്ടെല്ലു വളയാതെ എതിർത്തത് എൽജെഡിയുടെ വർഗ്ഗീസ് ജോർജ് മാത്രം; വല്യേട്ടൻ പറഞ്ഞ രാഷ്ട്രീയ നയം മാറ്റം തലകുലുക്കി സമ്മതിച്ച് കാനവും സിപിഐയും; ട്രാക്ടറിനും കമ്പ്യൂട്ടറിനും എതിരെ നിന്ന് പിന്നെ അതു നടപ്പാക്കിയവർ ഒരു തെറ്റു കൂടി തിരുത്തുന്നു; ഭൂമി പരന്നതാണെന്ന ധാരണ മാറി! സ്വകാര്യ സർവ്വകലാശാലകളെ സിപിഎമ്മും ക്ഷണിക്കുമ്പോൾ
തിരുവനന്തപുരം: പഴയ ഒരു തെറ്റ് കൂടി തിരുത്തുകായണ് സിപിഎം. കന്യൂട്ടറിനും ട്രാക്ടറിനും ഒരുകാലത്ത് എതിർപ്പുയർത്തിയവർ സ്വകാര്യ സർവ്വകലാശാലയ്ക്കും എതിരായിരുന്നു. എല്ലാം സർക്കാരിന്റെ കൈയിലാകണമെന്നതായിരുന്നു നയം. ഇത് കേരളത്തിലെ പല വിദ്യാർത്ഥി സമരങ്ങൾക്കും കാരണമാകുകയും ചെയ്തു. പൊതു മുതൽ നശിപ്പിക്കുകയും ചെയ്തു. ട്രാക്ടറിനേയും കമ്പ്യൂട്ടറിനേയും അംഗീകരിച്ചവർ ഇപ്പോൾ സ്വകാര്യ സർവ്വകലാശാലയ്ക്കും പച്ചക്കൊടി കാട്ടുകയാണ്. സംസ്ഥാനത്ത് സ്വകാര്യ, കൽപിത സർവകലാശാലകൾ അനുവദിക്കുകയെന്ന വലിയ നയംമാറ്റത്തിന് എൽഡിഎഫ് നേതൃയോഗം സർക്കാരിനു രാഷ്ട്രീയാനുമതി നൽകിയത് കഴിഞ്ഞ ദിവസമാണ്. സിപിഐയും ഇതിനോട് യോജിച്ചു.
സ്വകാര്യ മേഖലയിൽ സർവ്വകലാശാലകൾ വരുമ്പോൾ സാമൂഹിക നിയന്ത്രണവും സംവരണവും ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ യോഗത്തിൽ അറിയിച്ചു. പരമാവധി മേഖലകളിൽ വിദേശ നിക്ഷേപത്തിനും യോഗം പച്ചക്കൊടി കാട്ടി. രണ്ടാം പിണറായി സർക്കാരിനായി തയാറാക്കിയ വികസനരേഖ അംഗീകരിച്ചുകൊണ്ടാണ് പഴയ സ്വാശ്രയ സമരത്തെ വിസ്മൃതിയിലേക്കു തള്ളിവിടുന്ന പരിഷ്‌കാരങ്ങൾക്ക് എൽഡിഎഫ് സമ്മതം നൽകിയത്. രാജ്യത്ത് വിദേശ സർവ്വകലാശാലകൾക്ക് കേന്ദ്ര സർക്കാർ പ്രവർത്തനാനുമതി നൽകിയിട്ടുണ്ട്. അതുകൊണ്ട് തന്നെ വിദേശ സർവ്വകലാശാലകളേയും കേരളത്തിലെത്തിക്കാൻ നീക്കം ഉണ്ടാകും.
എന്നാൽ വിദേശ സർവകലാശാലകൾക്കു പ്രവർത്തനാനുമതി നൽകാനുള്ള കേന്ദ്ര സർക്കാർ നീക്കം യോഗം ചർച്ച ചെയ്തില്ല. കേന്ദ്രം അനുവദിച്ചാൽ സ്വാഭാവികമായും ഇവിടെയും തുടങ്ങാമെന്നും എന്നാൽ സംസ്ഥാനത്തിനു ദോഷകരമാണെങ്കിൽ സ്വാഗതം ചെയ്യില്ലെന്നും ചോദ്യത്തിനു മറുപടിയായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ പറഞ്ഞു. ഏകപക്ഷീയമായി അനുവാദം കൊടുക്കാൻ കഴിയില്ലെന്നും വിശദ ചർച്ച വേണ്ടിവരുമെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷം സംസ്ഥാന സെക്രട്ടറി എം വിഗോവിന്ദൻ പ്രതികരിച്ചു. സ്വകാര്യ സർവകലാശാലകൾ അനുവദിക്കാൻ ധാരണയായതോടെ യുവജനവിദ്യാർത്ഥി അദ്ധ്യാപക സംഘടനകൾ അതിനു വരുതിയിൽ നിൽക്കണമെന്ന നിർദ്ദേശം സിപിഎം നേരത്തേ നൽകിയിരുന്നു.
ഇടതു സർക്കാർ തീരുമാനമായതു കൊണ്ട് തന്നെ എസ് എഫ് ഐയും ഡിവൈഎഫ് ഐയും അത് അംഗീകരിക്കും. കാലത്തിനൊപ്പിച്ചുള്ള മാറ്റമെന്നും വിശദീകരിക്കും. 'വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുത്താൻ സഹായകരമാണെങ്കിൽ സ്വകാര്യ സർവകലാശാലകളെ നിഷേധിക്കില്ല. ഉന്നത വിദ്യാഭ്യാസരംഗത്ത് ഉൾപ്പെടെ വിദേശ നിക്ഷേപത്തിനും തടസ്സമില്ല. എന്നാൽ അതിനു ചരടുകൾ അനുവദിക്കില്ല.' -ഇതാണ് ഇടതു യോഗത്തിന് ശേഷം കൺവീനർ ഇ.പി.ജയരാജൻ പ്രഖ്യാപിച്ചത്. സ്വകാര്യ കൽപിത സർവകലാശാലകൾക്കുള്ള അനുമതി നയംമാറ്റമല്ലെന്നും കാലോചിതമായ രൂപപ്പെടുത്തലാണെന്നും എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ ന്യായീകരിക്കുകയും ചെയ്തു.
''ലോകത്താകെയുള്ള മാറ്റത്തിനൊപ്പം സഞ്ചരിക്കാനാണ് ശ്രമിക്കുന്നത്. സ്വാശ്രയ സമരത്തെക്കുറിച്ചു ചോദിച്ചാൽ ആ കാലഘട്ടത്തിൽ അതു ശരിയായിരുന്നു. തെറ്റും ശരിയും വിലയിരുത്തുന്നത് ഒരു വാക്കിന്റെ അടിസ്ഥാനത്തിലല്ല. ഭൂമി പരന്നതാണെന്ന വിശ്വാസം അറിവുണ്ടായപ്പോൾ മാറിയില്ലേ'' അദ്ദേഹം ചോദിച്ചു. സിപിഐയെക്കൂടി സിപിഎം വിശ്വാസത്തിലെടുത്തതോടെ എൽഡിഎഫ് യോഗത്തിൽ വിയോജിച്ചത് എൽജെഡി മാത്രമാണ്. നയംമാറ്റം സമ്പൂർണ സ്വകാര്യവൽക്കരണത്തിനു വഴിവയ്ക്കുമെന്നും സർക്കാർ മേഖലയെ തകർക്കുമെന്നും വർഗീസ് ജോർജ് ചൂണ്ടിക്കാട്ടി. തദ്ദേശീയമായി കേരളത്തിനു കരുത്തുള്ള മേഖലകളിലെ വിദേശനിക്ഷേപം ഗുണകരമാകില്ലെന്നും പറഞ്ഞു. ഇക്കാര്യങ്ങൾ ശ്രദ്ധിക്കുമെന്നു പറഞ്ഞാണ് സർക്കാരിന്റെ നിയന്ത്രണം ഉറപ്പാക്കുമെന്നു മുഖ്യമന്ത്രി മറുപടി നൽകിയത്.
നാടിന്റെ പൊതുവായ താൽപര്യം ഹനിക്കാതെ വിദേശ വായ്പ വാങ്ങാമെന്നാണ് യോഗം അംഗീകരിച്ച രേഖ ചൂണ്ടിക്കാട്ടുന്നത്. സ്വകാര്യ സർവകലാശാല എന്ന വാക്ക് രേഖയിലില്ല. പകരം ഉന്നതവിദ്യാഭ്യാസ രംഗത്തെ സ്വകാര്യനിക്ഷേപം എന്നാണ് പരാമർശം. വിവിധ വകുപ്പുകളിൽ നടപ്പാക്കേണ്ട ഭരണപരമായ നിർദ്ദേശങ്ങളാണ് രേഖയിൽ ബാക്കിയുള്ളത്.
മറുനാടന് മലയാളി ബ്യൂറോ