തിരുവനന്തപുരം: ഗവർണറും, സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായിരിക്കെ, ഇടതുമുന്നണിയുടെ രാജ്ഭവൻ മാർച്ച് നാളെ. മാർച്ചിൽ മുഖ്യമന്ത്രിയും, മന്ത്രിമാരും പങ്കെടുക്കില്ല. ഉന്നതവിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക, കേരളത്തിന് എതിരായ നീക്കം ചെറുക്കുക എന്നീ മുദ്രാവാക്യങ്ങളുമായാണ് മാർച്ച്. മാർച്ച് നടക്കുന്ന സമയം ഗവർണർ രാജ്ഭവനിൽ ഉണ്ടാകില്ലെന്ന പ്രത്യേകതയും ഉണ്ട്. അദ്ദേഹം നേരത്തെ തന്നെ ഡൽഹിക്ക് പോയിരുന്നു.

ഒരു ലക്ഷം പേരെ അണിനിരത്തുമെന്നാണ് പ്രഖ്യാപനം. സമരം ഉദ്ഘാടനം ചെയ്യുന്നത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. പ്രതിഷേധം ദേശീയതലത്തിൽ ചർച്ചയാക്കി മാറ്റുന്നതിനായി ഡിഎംകെ രാജ്യസഭാ നേതാവ് തിരുച്ചി ശിവയെയും മാർച്ചിൽ പങ്കെടുപ്പിക്കും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, ഇ പി ജയരാജൻ, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയ എൽഡിഎഫിന്റെ സംസ്ഥാന നേതാക്കൾ നേതൃത്വം നൽകും. ജില്ലാ കേന്ദ്രങ്ങളിലും പ്രതിഷേധ പരിപാടികൾളുണ്ട്. രാവിലെ പത്തിന് തുടങ്ങുന്ന പ്രതിഷേധ കൂട്ടായ്മയിൽ വിദ്യാഭ്യാസ വിദഗ്ധരും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും അണിനിരക്കും. പ്രതിഷേധം കണക്കിലെടുത്ത് തലസ്ഥാനത്ത് രാവിലെ മുതൽ ഗതാഗതനിയന്ത്രണം ഉണ്ടായിരിക്കും. ഉച്ചവരെയാണ് സമരം.

മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയിൽ

അതേസമയം, എൽ ഡി എഫിന്റെ രാജ്ഭവൻ മാർച്ചിനെതിരെ ബിജെപി ഹൈക്കോടതിയെ സമീപിച്ചു. ഹാജർ ഉറപ്പു നൽകി ഉദ്യോഗസ്ഥരെയടക്കം പലരെയും സമരത്തിനിറക്കാൻ ശ്രമമെന്ന് ചൂണ്ടികാട്ടിയാണ് ബിജെപി ഹൈക്കോടതിയെ സമീപിച്ചത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് ഹർജിക്കാരൻ. സർക്കാർ ഉദ്യോഗസ്ഥരെയും തൊഴിലുറപ്പ് തൊഴിലാളികളെയും ഗവർണർക്കെതിരെ സമരരംഗത്തിറക്കാൻ ശ്രമമെന്ന് ഹർജിയിൽ പറയുന്നു.

ഹാജർ ഉറപ്പു നൽകിയാണ് പലരെയും സമരത്തിനിറക്കുന്നതെന്നും സമരത്തിൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാരെ നിർബന്ധിക്കുന്നുവെന്നും സുരേന്ദ്രന്റെ ഹർജിയിൽ ചൂണ്ടികാട്ടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സമരത്തിനിറങ്ങുന്ന സർക്കാർ ജീവനക്കാരെ തടയണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ഹർജിയിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.

ഗവർണർ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്നാണ് ഇടതുകക്ഷികളുടെ ആരോപണം. സർവകലാശാലകളുടെ മികവ് തകർക്കുന്നതാണ് ഗവർണറുടെ നീക്കമെന്നും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ ചൂണ്ടികാട്ടിയിരുന്നു. കേരളത്തിലെ വിവിധ ക്യാമ്പസുകളിൽ പ്രതിഷേധ സംഗമങ്ങൾ നടന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്ഭവന് മുന്നിലേക്ക് പ്രതിഷേധം വ്യാപിപ്പിക്കുന്നത്.