തിരുവനന്തപുരം: ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ച വിഷയത്തിൽ പ്രതികരണവുമായി നേതാക്കൾ രംഗത്ത്.ബാലഗോപാലിന് പിന്തുണയുമായാണ് നേതാക്കൾ രംഗത്തെത്തിയത്.കത്തിനെ അർഹിക്കുന്ന അവജ്ഞതയോടെ തള്ളിക്കളയണമെന്നാണ് നേതാക്കൾ പ്രതികരിച്ചത്.

പ്രതിപക്ഷ നേതാവ് വി ഡി സതീശനും ബാലഗോപാലിനെ പിന്തുണച്ചു.''ഗവർണർക്ക് മന്ത്രിമാരെ പിൻവലിക്കാൻ അധികാരമില്ല. ഇത് വ്യാജ ഏറ്റുമുട്ടൽ. സർക്കാരും ഗവർണറും സർവകലാശാല വിഷയത്തിലടക്കം ഒരു നിലപാട് സ്വീകരിച്ചിരുന്നു. ഈ നീക്കം പല വിഷയത്തിൽ നിന്നും ശ്രദ്ധതിരിക്കാൻ. ലൈംഗിക ആരോപണം, പൊലീസ് അതിക്രമം അടക്കമുള്ള വിഷയങ്ങൾ സർക്കാരിനെതിരെ ഉണ്ട്. ഏറ്റുമുട്ടൽ ആണെന്ന് വരുത്തി തീർക്കുന്നു.

ലോകത്തിൽ എവിടെയാണ് ഇത്തരത്തിൽ ഗവർണർ മുൻപ് കത്ത് നൽകിയത് ജനങ്ങളെ കബളിപ്പിക്കാനാണ് ശ്രമം. കാർഷിക മേഖല വൻ തകർച്ചയിലാണ്. നെല്ലും തേങ്ങയും സംഭരിക്കുന്നില്ല. കർഷകർ കണ്ണുനീരിലാണ്. വലിയ പ്രതിസന്ധിയാണ്. ഉന്നത വിദ്യാഭ്യാസ രംഗം തകർന്ന് തരിപ്പണമായി. ഇതെല്ലാം മറച്ചുവെക്കാനാണ് നീക്കം.'' വി ഡി സതീശൻ പറഞ്ഞു

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് ധൈര്യമുണ്ടെങ്കിൽ ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോൾ കാണാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പ്രതികരിച്ചു. ഗവർണർക്ക് തന്റെ പദവിയെ കുറിച്ച് അറിയാതെയാണ് പലതരത്തിലുള്ള കാര്യങ്ങൾ സ്വീകരിക്കുന്നതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ഇങ്ങനെ ആരെങ്കിലും പറഞ്ഞാൽ ഒരു മന്ത്രിയെ പിരിച്ചുവിടാൻ കഴിയുമോ?. ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പറഞ്ഞു. ഗവർണർ ജനാധിപത്യത്തെയല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്. ഗവർണർക്കെതിരെ പ്രതിപക്ഷത്തിൽ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്ക് ആരെങ്കിലും ഒരു കത്ത് അയച്ചാൽ ഒരു മന്ത്രിയെ പുറത്താക്കാനാകുമോ?. കത്തയക്കാൻ പോസ്റ്റ് ഓഫീസ് ഉണ്ടെങ്കിൽ ആർക്കും കത്തയക്കാമെന്നും കാനം പരിഹസിച്ചു.

വിസിമാരോട് രാജിവയ്ക്കാൻ പറഞ്ഞായിരന്നു ആദ്യം ഗവർണറുടെ ഭീഷണി. മാധ്യമങ്ങൾ എന്തോ വലിയ കാര്യം പോലെ ഏറ്റുപറഞ്ഞു. ഒന്നും സംഭവിച്ചില്ല. ഒരുപക്ഷി പോലും പറന്നില്ല. ചിലച്ചില്ല. കോടതി പോലും പറഞ്ഞു ഗവർണറുടെ നടപടി തെറ്റാണ്. നിയമപ്രകാരമേ അത് ചെയ്യാൻ പറ്റുകയുള്ളുവെന്നും കാനം പറഞ്ഞു.

ധനമന്ത്രിയിൽ ഉള്ള പ്രീതി നഷ്ടമായെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ധനമന്ത്രി കെഎൻ ബാലഗോപാലിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഗവർണർ കത്തയച്ചിരുന്നു. ഗവർണർക്ക് എതിരായ ബാലഗോപാലിന്റെ പ്രസംഗമാണ് നടപടിക്ക് ആധാരം. ധനമന്ത്രിയെ പിൻവലിപ്പിക്കാനാണ് ഗവർണറുടെ അടുത്ത മിന്നൽ നീക്കം.

പ്രസംഗം ഗവർണറെ അപമാനിക്കുന്നത് അല്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഗവർണറുടെ അടുത്ത നീക്കം എന്താകുമെന്ന് രാഷ്ട്രീയ കേരളം ഉറ്റ് നോക്കുകയാണ്. ഗവർണറുടെ നടപടിയിൽ പ്രതികരണമറിയിച്ച് മറ്റ് നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്.