മലപ്പുറം: ലെഗ്ഗിൻസ് ധരിച്ചു വന്നതിന് പ്രധാനാധ്യാപിക മോശമായി പെരുമാറിയെന്ന് അദ്ധ്യാപിക ഡിഇഒയ്ക്ക് പരാതി നൽകിയതിന് പിന്നാലെ സോഷ്യൽ മീഡിയിൽ വലിയ സംവാദമാണ് നടക്കുന്നത്. മലപ്പുറം എടപ്പറ്റ സി കെ എച്ച് എം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അദ്ധ്യാപികയായ സരിത രവീന്ദ്രനാഥ് ആണ് ഹെഡ് മിസ്ട്രസ് റംലത്തിനെതിരെ പരാതി നൽകിയത്. കോളേജിൽ താൻ ലെഗിൻസ് ധരിച്ചെത്തിയതിനെതിരെ പ്രധാന അദ്ധ്യാപിക സംസാരിച്ചത് തനിക്ക് മാനസിക ആഘാതമുണ്ടാക്കുന്നതായിരുന്നുവെന്ന് അദ്ധ്യാപിക പറഞ്ഞിരുന്നു. ഇതിന് പിന്നാലെ അദ്ധ്യാപികയെ പിന്തുണച്ചും എതിർത്തും സാമൂഹിക മാധ്യമങ്ങളിൽ സംവാദം തുടരുകയാണ്.

സ്‌കൂൾ പി.ടി.എ. എക്‌സിക്യൂട്ടീവ് ചേർന്ന് നടന്ന കാര്യങ്ങളിൽ വിമർശനം ഉന്നയിച്ചു. സരിത ടീച്ചറെ യോഗത്തിൽ കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു. സമൂഹ മാധ്യമങ്ങൾ വഴി അപമാനിക്കാനും അപഹസിക്കാനും തുടങ്ങിയതോടെയാണ് സരിത രവീന്ദ്രനാഥ് പ്രശ്‌നത്തിൽ തുടർ പരാതികൾ അയച്ചത്. പരാതിയിൽ അന്വേഷണമോ ഉണ്ടാകാത്തതുകൊണ്ട് വിദ്യാഭ്യാസ വകുപ്പ് മലപ്പുറം ഡെപ്യൂട്ടി ഡയറക്ടർക്കും സരിത രവീന്ദ്രനാഥ് പരാതി അയച്ചു. ഇതിനൊപ്പം മനുഷ്യാവകാശ കമ്മീഷൻ, വനിതാ കമ്മീഷൻ, യുവജന കമ്മീഷൻ എന്നിവർക്കും സരിത രവീന്ദ്രനാഥ് പരാതി അയച്ചിട്ടുണ്ട്.നീതി ലഭിക്കും വരെ മുന്നോട്ട് പോകാനാണ് സരിത രവീന്ദ്രനാഥിന്റെ തീരുമാനം. എന്നാൽ ഇക്കാര്യങ്ങളിൽ ഇനി പരസ്യ പ്രതികരണങ്ങൾക്ക് ഇല്ലെന്നാണ് പ്രധാനാധ്യാപികയുടെയും പി.ടി.എയുടെയും നിലപാട്.

ഹെഡിമിസ്ട്രസിന്റെ മുറിയിൽ വച്ചാണ് സംഭവമെന്നാണ് ഹിന്ദി അദ്ധ്യാപിക പറയുന്നത്. രാവിലെ സ്‌കൂളിലെത്തി ഹെഡ് മിസ്ട്രസിന്റെ റൂമിൽ ചെന്നപ്പോൾ ആണ് സംഭവം. ഏതോ ഒരു കുട്ടി യൂണിഫോം ധരിച്ചിരുന്നില്ല. അതിനെ ചൊല്ലിയുള്ള സംസാരം ആണ് ലെഗിൻസിൽ എത്തിയത്. കുട്ടികൾ യൂണിഫോം ധരിക്കാത്തത് താൻ ലെഗിൻസ് ധരിക്കുന്നതുകൊണ്ടാണ് എന്ന് ഹെഡ് മിസ്ട്രസ് പറഞ്ഞു എന്ന് സരിത ടീച്ചർ വ്യക്തമാക്കി.

'രാവിലെ ഒപ്പിടാൻ ചെന്നപ്പോൾ ആണ് പ്രധാനാധ്യാപിക ഇത്തരത്തിൽ പറഞ്ഞത്. കുട്ടികൾ ഒന്നും യൂണിഫോം ഇടുന്നില്ല, അതെങ്ങനെയാണ് അവരെ ഒക്കെ പറയുക..നിങ്ങളുടെ വസ്ത്ര ധാരണം ഒക്കെ ഇങ്ങനെ അല്ലേ...' എന്താണ് എന്റെ വസ്ത്രത്തിന്റെ പ്രശ്നം എന്ന് ഞാൻ ചോദിച്ചു. ഞാൻ ലെഗിൻസ് ഇട്ട് വന്നതുകൊണ്ടാണ് കുട്ടികൾ ഇതെല്ലാം ചെയ്യുന്നത് എന്ന വിധത്തിലായിരുന്നു പ്രധാന അദ്ധ്യാപികയുടെ പ്രതികരണം.

അതേസമയം മാന്യതയ്ക്കോ അദ്ധ്യാപനജോലിക്കോ നിരക്കാത്തതായ വസ്ത്രം ധരിച്ച് ഇതുവരെ സ്‌കൂളിൽ വന്നിട്ടില്ല. അദ്ധ്യാപകർക്ക് സൗകര്യപ്രദമായ മാന്യമായ ഏതൊരു വസ്ത്രവും ധരിച്ച് സ്‌കൂളിൽ വരാമെന്ന് നിയമം നിലനിൽക്കെ ഇത്തരത്തിൽ ഒരു അനുഭവമുണ്ടായത് ഏറെ മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കി എന്നും സരിത ടീച്ചർ. ആ സാഹചര്യത്തിലാണ് പരാതി നൽകിയത് എന്നും ടീച്ചർ പറഞ്ഞു.

'അദ്ധ്യാപകർ ജീൻസ് ഇട്ട് വരുന്നത് പ്രശ്നമല്ല എന്നിരിക്കെ ആണ് ഞാൻ ലെഗിൻസ് ധരിച്ചത് ഇവിടെ ചോദ്യം ചെയ്യുന്നത്. ജീൻസ് ധരിച്ച് വരുന്ന അദ്ധ്യാപകരോട് ഇതൊന്നും ചോദ്യം ചെയ്യുന്നത് ഞാൻ കണ്ടിട്ടില്ല. വളരെ മാന്യമായി, നിയമപരമായി ധരിക്കാൻ പറ്റുന്ന വസ്ത്രം തന്നെ ആണ് ഞാൻ ധരിച്ചത്. എന്റെ സംസ്‌കാരം വേറെ ആണ് എന്നുള്ള തരത്തിൽ ഉള്ള പ്രസ്താവനകൾ ഒട്ടും അംഗീകരിക്കാൻ പറ്റില്ല. ഈ ഒരു സാഹചര്യത്തിൽ ആണ് പ്രോബേഷണിൽ ഉള്ള ഒരു അദ്ധ്യാപിക ആയിട്ടും പരാതി നൽകിയത്. '

' സര്ക്കാര് പറഞ്ഞിട്ടുണ്ട്...നമുക്ക് സൗകര്യപ്രദമായ വസ്ത്രം ധരിച്ച് വരാം എന്നിരിക്കെ, അങ്ങനെ ഒരു നിയമം നില നിൽക്കെ ആണ് ഈ സംഭവം ഉണ്ടായത്..ഞാൻ മാനസികമായി ഏറെ തളർന്നു പോയി, രാവിലെ മുഴുവൻ കരഞ്ഞിരിക്കുക ആയിരുന്നു. ' സരിത രവീന്ദ്രനാഥ് പറഞ്ഞു.