- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ; ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്തുവിടുമെന്ന് അനിൽ അക്കര; ഉച്ചയ്ക്ക് ഡിസിസി ഓഫീസിൽ പത്ര സമ്മേളനം വിളിച്ച് വടക്കാഞ്ചേരി മുൻ എംഎൽഎയുടെ നിർണ്ണായക നീക്കം; ലൈഫ് മിഷനിൽ പിണറായി പെടുമോ? എല്ലാ കണ്ണുകളും അനിൽ അക്കരയിലേക്ക്
തൃശ്ശൂർ: വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായി അനിൽ അക്കര രംഗത്ത്. ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് നിയമ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെ ആണെന്ന് അനിൽ അക്കര ആരോപിച്ചു. ലൈഫ് മിഷൻ സിഇഒ തയ്യാറാക്കിയ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പുറത്തുവിടുമെന്നും അനിൽ അക്കര പറഞ്ഞു. ഇന്ന് ഉച്ചയ്ക്ക് രേഖകൾ പുറത്തു വിടും. രേഖകൾ നിർണ്ണായകമായാൽ മുഖ്യമന്ത്രി കടുത്ത പ്രതിസന്ധിയിലാകും.
രേഖകൾ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്‌ബുക്കിൽ കുറിച്ചത്. 12 മണിക്ക് തൃശ്ശൂർ ഡിസിസിയിൽ വിളിച്ചു ചേർത്തിട്ടുള്ള വാർത്ത സമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്ന് അനിൽ അക്കര പറയുന്നു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് തട്ടിപ്പ് ഫോറിൻ കോൺട്രിബൂഷൻ റെഗുലേഷൻ ആക്ട് (എഫ് സി ആർ എ) നിയമ ലംഘനം നൂറ് ശതമാനവും മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ആരോപിക്കുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനായ സിഎം രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങുകയാണ്. ഇതിനിടെയാണ് അനിൽ അക്കരയുടെ വെളിപ്പെടുത്തൽ.
ലൈഫ് മിഷൻ കേസിൽ നിയമ പോരാട്ടം തുടരുമെന്ന് കേസിലെ പരാതിക്കാരനായ അനിൽ അക്കര നേരത്തെ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഉൾപ്പെടെയാണ് ലൈഫ് മിഷൻ കോഴക്കേസിലെ പ്രതികൾ. കേസിൽ മുൻ സിഇഒ യു വി ജോസിനെ എൻഫോഴ്‌സ്‌മെന്റ് വിളിച്ചുവരുത്തി മൊഴി എടുത്തിട്ടുണ്ട്. യൂണിടാക്കിന് കരാർ ലഭിക്കാൻ ശിവശങ്കർ നടത്തിയ വഴിവിട്ട ഇടപെടലുകൾ കണ്ടെത്തുകയാണ് ഉദ്ദേശം. ഇതിനിടെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് യു.എ.ഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസന്റിനെ കൊണ്ടുവരുന്നതിന് ശിവശങ്കർ നടത്തിയ ഇടപെടലുകളുടെ ചാറ്റുകളും പുറത്തുവന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി.എം.രവീന്ദ്രനെക്കുറിച്ചും ഇതിൽ പരാമർശമുണ്ട്.
ലൈഫ് മിഷൻ കോഴയിടപാടിൽ ഒന്നുമറിഞ്ഞിട്ടേയില്ലെന്ന് മുഖ്യമന്ത്രി എം മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ആവർത്തിക്കുന്നതിനിടെയാണ് യുവി ജോസിനെ കൊച്ചിയിലേക്ക് വിളിച്ചുവരുത്തിയത്. ലൈഫ് മിഷൻ കരാറുകാരായ യൂണിടാക് ഉടമ സന്തോഷ് ഈപ്പനെ യു വി ജോസിന് പരിചയപ്പെടുത്തിയത് ശിവശങ്കറാണ്. മുതിർന്ന ഐ എ എസ് ഉദ്യോഗസ്ഥനെന്ന നിലയിൽ കരാർ യൂണിടാക്കിന് തന്നെ കിട്ടാൻ യു വി ജോസിനെ നിഷ്പ്രഭനാക്കി ശിവശങ്കർ ചരടുവലികൾ നടത്തിയെന്നാണ് സ്വപ്ന സുരേഷ് മൊഴി നൽകിയിരിക്കുന്നത്. യു വി ജോസിനെ ശിവശങ്കർ മുഖാന്തിരം പരിചയപ്പെട്ടത് സംബന്ധിച്ച് സന്തോഷ് ഈപ്പനും മൊഴി നൽകിയിട്ടുണ്ട്.
2019 സെപ്റ്റംബർ ഏഴിന് സ്വപ്ന സുരേഷുമായി ശിവശങ്കർ നടത്തിയ വാട്‌സ് ആപ് ചാറ്റാണ് പുറത്തുവന്നത്. യുഎഇയിലെ ഫണ്ടിങ് ഏജൻസിയായ റെഡ് ക്രസിന്റിനെ ലൈഫ് മിഷൻ പദ്ധതിയിലേക്ക് കൊണ്ടുവരാൻ എന്തൊക്കെ ചെയ്യണമെന്നാണ് ശിവശങ്കർ സ്വപ്നയോട് നിർദ്ദേശിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് അയക്കേണ്ട കത്തിന്റെ മാതൃകയും ശിവശങ്കർ നൽകുന്നുണ്ട്. രവീന്ദ്രനോട് ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതവരുത്താമെന്നും സംഭാഷണത്തിലുണ്ട്. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന് ഇക്കാര്യങ്ങൾ മുൻകൂട്ടി അറിയാമായിരുന്നു എന്നാണ് ഇഡി സംശയിക്കുന്നത്. ഇതിന് ബലം നൽകുന്നതാണ് അനിൽ അക്കരെയുടെ പുതിയ അവകാശവാദം.
ശിവശങ്കറിന്റെ ഈ ഇടപെടലുകൾ അഴിമതി നടത്തുകയെന്ന ഉദ്ദേശത്തോട് കൂടിയായിരുന്ന എന്ന നിഗമനത്തിലാണ് കേന്ദ്ര ഏജൻസി. കോഴപ്പണം കണ്ടെത്തിയ ലോക്കർ ശിവശങ്കർ പറഞ്ഞിട്ടാണ് തുറന്നതെന്നും എല്ലാം ശിവശങ്കറിന്റെ അറിവോടെയായിരുന്നെന്നും ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാൽ മൊഴി നൽകിയിട്ടുണ്ട്. അന്വേഷണം മുഖ്യമന്ത്രിയിലേക്ക് എത്തിക്കാനാണ് ഇഡി ശ്രമിക്കുന്നത്. ശിവശങ്കറിന്റെ റിമാൻഡ് റിപ്പോർട്ടിൽ മുഖ്യമന്ത്രിയും കോൺസുൽ ജനറലും സ്വപ്‌നയും ശിവശങ്കറും തമ്മിൽ ചർച്ച നടത്തിയെന്ന് ഇഡി ആരോപിച്ചിരുന്നു.
മറുനാടന് മലയാളി ബ്യൂറോ