- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രസാഡിയോക്ക് വേണ്ടി എംഡി രാംജിത് നടത്തിയ ചർച്ചകളിലാണ് ഉദ്യോഗസ്ഥർക്കുള്ള കമ്മിഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്; സർക്കാരിന്റെ തുടർഭരണത്തിന് ഉൾപ്പെടെ ഈ പദ്ധതികൊണ്ട് ആവശ്യമുണ്ടെന്നും സൂചിപ്പിച്ചു; കരാർ നേടിയ എസ്ആർഐടി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ; പിന്മാറിയപ്പോൾ ഓഫീസും പൂട്ടേണ്ടി വന്നു; എഐ ക്യാമറ അഴിമതി തന്നെ
തിരുവനന്തപുരം: എഐ ക്യമാറ അഴിമതി ക്യാമറ തന്നെ. വമ്പൻ ഇടപെടലുകൾ നടന്നെന്ന് വ്യക്തം. റോഡ് ക്യാമറ പദ്ധതിയിൽ സർക്കാർ തലത്തിൽ കമ്മിഷൻ ഇടപാടുമുണ്ടായെന്നു പദ്ധതിയിൽനിന്നു പിന്മാറിയ രണ്ടാമത്തെ കമ്പനിയായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ വെളിപ്പെടുത്തുമ്പോൾ പദ്ധതി തന്നെ പ്രതിസന്ധിയിലാണ്. അൽഹിന്ദിനും സമാന പരാതിയുണ്ടെന്നാണ് സൂചന. ഉപകരണങ്ങൾ വാങ്ങി സ്ഥാപിക്കാൻ പ്രസാഡിയോ ആദ്യം കണ്ടെത്തിയ അൽഹിന്ദ് ഗ്രൂപ്പ് പിന്മാറിയപ്പോഴാണ് എൽഇഡി ലൈറ്റ് നിർമ്മാതാക്കളായ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ പകരമെത്തിയത്.
മുഴുവൻ ഉപകരണങ്ങളും വാങ്ങി സ്ഥാപിക്കുന്നതിനുള്ള ചുമതലയാണ് 75 കോടി രൂപയ്ക്കു ലഭിച്ചതെന്ന ലൈറ്റ് മാസ്റ്റേഴ്‌സ് ലൈറ്റിങ് കമ്പനിയുടെ വാദം വിശ്വസിച്ചാൽ, എഐ ക്യാമറ പദ്ധതിയിൽ പല തട്ടിലെ കമ്മിഷൻ അടക്കം പങ്കിട്ടത് 76 കോടി രൂപയാണെന്ന് വ്യക്തം. 151.23 കോടി രൂപയുടെ കരാറാണു കെൽട്രോൺ എസ്ആർഐടിക്കു നൽകിയത്. ഇതിൽ ഉപകരണങ്ങൾ വാങ്ങുക, സ്ഥാപിക്കുക, വാറന്റി നൽകുക, 5 വർഷത്തേക്ക് അറ്റകുറ്റപ്പണി നടത്തുക എന്നിവയെല്ലാം ലൈറ്റ്് മാസ്റ്റേഴ്‌സിനു ലഭിച്ച 75.32 കോടി രൂപയുടെ പർച്ചേസ് ഓർഡറിൽ ഉൾപ്പെട്ടിരുന്നതായി കമ്പനി വ്യക്തമാക്കുന്നു.
ഞെട്ടിക്കുന്ന വെളിപ്പെടുത്തലാണ് ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ നടത്തുന്നത്. ഉപകരണങ്ങൾ വാങ്ങാൻ 75 കോടിയുടെ ഓർഡർ ലഭിച്ചശേഷമാണ്, സുതാര്യതയില്ലെന്ന കാരണത്താൽ പിന്മാറിയതെന്നു കമ്പനി ചെയർമാൻ ജയിംസ് പാലമുറ്റം അറിയിച്ചു. പ്രസാഡിയോയ്ക്കുവേണ്ടി എംഡി രാംജിത് നടത്തിയ ചർച്ചകളിലാണ് ഉദ്യോഗസ്ഥർക്കുള്ള കമ്മിഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ അറിഞ്ഞത്. സർക്കാരിന്റെ തുടർഭരണത്തിനുൾപ്പെടെ ഈ പദ്ധതികൊണ്ട് ആവശ്യമുണ്ടെന്നും സൂചിപ്പിച്ചു. കരാർ നേടിയ എസ്ആർഐടി ഒരുതരത്തിലും ബന്ധപ്പെട്ടിട്ടില്ലെന്നും ജയിംസ് പറയുന്നു.
പ്രസാഡിയോയുമായി അടുപ്പമുണ്ടായിരുന്ന മലയാളി ബിസിനസുകാരനാണു ലൈറ്റ് മാസ്റ്ററെ സമീപിച്ചത്. 75 കോടി രൂപയുടെ പർച്ചേസ് ഓർഡറിനു പുറമേ, 151.23 കോടിയുടെ പദ്ധതിയിലെ ലാഭത്തിന്റെ 40 ശതമാനവും വാഗ്ദാനം ചെയ്തു. ബാക്കി 60% ലാഭം പ്രസാഡിയോയ്ക്ക് എന്നായിരുന്നു കരാർ. പണം ചെലവിടേണ്ടതാകട്ടെ ലൈറ്റ് മാസ്റ്ററും. സിവിൽ ജോലികളും ഉപകരണങ്ങൾ സ്ഥാപിക്കലും പ്രസാഡിയോ ചെയ്യുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും പദ്ധതിയുടെ ഏകോപനം മാത്രമാണ് അവർക്കുള്ളതെന്നു പിന്നീടു വ്യക്തമായി.
ലൈറ്റ് മാസ്റ്റർ ചെന്നൈയിലെ സെക്കുറ കമ്പനിയിൽനിന്നു ക്യാമറയുടെ സാംപിൾ നൽകിയെങ്കിലും ട്രോയ്‌സ് ഇൻഫോടെക്കിന്റെ ഉപകരണങ്ങൾ മാത്രമേ വാങ്ങാൻ പാടുള്ളൂവെന്നു പ്രസാഡിയോ നിർദ്ദേശിച്ചു. പദ്ധതി സുതാര്യമല്ലാത്തതിനാൽ പിന്മാറുന്നതാണു നല്ലതെന്നു വായ്പ വാഗ്ദാനം ചെയ്ത ബാങ്കുകൾ ഉപദേശിച്ചു. പ്രസാഡിയോയ്ക്കു നൽകിയ 20 ലക്ഷം രൂപ ഉൾപ്പെടെ 85 ലക്ഷം രൂപ അതിനകം മുടക്കിക്കഴിഞ്ഞിരുന്നു.
പിന്മാറിയശേഷം കേരളത്തിൽ പ്രവർത്തിക്കാൻ കഴിയാതായതോടെ ലൈറ്റ് മാസ്റ്ററിന്റെ തിരുവനന്തപുരത്തെ ഓഫിസ് അടച്ചിടേണ്ടിവന്നു. പദ്ധതിക്കു പിന്നിലെ രാഷ്ട്രീയ ഇടപെടലുകളെക്കുറിച്ചു പറയാൻ ആഗ്രഹിക്കുന്നില്ലെന്നും വെളിപ്പെടുത്തലിനുശേഷം ഭീഷണിയുണ്ടെന്നും ജയിംസ് പാലമുറ്റം പറഞ്ഞു. ഉപകരണങ്ങൾ സ്ഥാപിക്കുന്നത് ഉൾപ്പെടെയുള്ള സിവിൽ ജോലികൾ തങ്ങളാണു ചെയ്യുന്നതെന്ന പ്രസാഡിയോയുടെ അവകാശവാദവും പൊളിയുകയാണ്. തുടക്കം മുതൽ പദ്ധതിക്കൊപ്പമുണ്ടായിരുന്ന പ്രസാഡിയോ എസ്ആർഐടിയെ മുന്നിൽനിർത്തി പദ്ധതി നേടിയെടുക്കുകയായിരുന്നു.
ഒരു രൂപ പോലും മുടക്കാത്ത, പ്രധാനപ്പെട്ട ഒരു ചുമതലയും നിർവഹിക്കാത്ത കമ്പനി ഒരു വൻ പദ്ധതിയുടെ 60% ലാഭം സ്വന്തമാക്കുന്ന 'ബിസിനസ് മോഡൽ' ആണു പ്രസാഡിയോ പരീക്ഷിച്ചത്. കെൽട്രോൺ ടെൻഡർ വിളിച്ചപ്പോൾ മുന്നോട്ടുവച്ച പ്രധാന മാനദണ്ഡങ്ങളിലൊന്ന് 10 വർഷത്തെ പ്രവൃത്തി പരിചയമായിരുന്നു. രണ്ടാമത്തേത്, തുടർച്ചയായ 3 സാമ്പത്തിക വർഷം 50 കോടി രൂപയ്ക്കു മുകളിൽ വിറ്റുവരവ്. 2018 ൽ 10 ലക്ഷം രൂപ മൂലധനമിറക്കി രൂപീകരിച്ച പ്രസാഡിയോ കമ്പനിക്ക് ഇതു രണ്ടുമില്ല. ഇതോടെയാണു കരാർ കൈവശപ്പെടുത്താൻ എസ്ആർഐടിയെ ഇറക്കിയത് എന്നാണ് സൂചന.
യഥാർഥ നിർമ്മാതാക്കളുടെ (ഒഇഎം) അംഗീകൃത ഡീലർ ആണെന്നു തെളിയിക്കാൻ ട്രോയ്‌സ് ഇൻഫോടെക് എന്ന കമ്പനിയുടെ മാനുഫാക്ചർ ഓതറൈസേഷൻ ഫോം ആണു എസ്ആർഐടി ഹാജരാക്കിയത്. ഓതറൈസേഷൻ ഫോം നൽകിയതല്ലാതെ മറ്റൊരു ഇടപാടും പദ്ധതിയിൽ ഇല്ലെന്നാണു ട്രോയ്‌സ് ന്യായീകരിച്ചത്. എന്നാൽ, ട്രോയ്‌സ് വഴി മാത്രമേ സോഫ്റ്റ്‌വെയറുകൾ വാങ്ങാൻ പാടുള്ളൂവെന്നു പ്രസാഡിയോ നിർദ്ദേശിച്ചെന്നും മറ്റൊരു കമ്പനിയുടെ സാംപിൾ നൽകിയപ്പോൾ നിരസിച്ചെന്നുമാണു ലൈറ്റ് മാസ്റ്റർ കമ്പനിയുടെ വെളിപ്പെടുത്തൽ.
മറുനാടന് മലയാളി ബ്യൂറോ