കൊച്ചി: ശാസ്ത്ര-സ്വതന്ത്രചിന്താ പ്രസ്ഥാനമായ എസ്സെൻസ് ഗ്ലോബൽ നൽകുന്ന ഫ്രീ തിങ്കർ ഓഫ് ദ ഇയർ  പുരസ്‌കാരം പി സുശീൽ കുമാറിന്. ഷിന്റോ തോമസിനും ജിതേഷ് കുനിശ്ശേരിക്കും യങ്ങ് ഫ്രീ തിങ്കർ ഓഫ് ദ ഇയർ പുരസ്‌ക്കാരവും ലഭിച്ചു. മെഡലും 25,000 രൂപയുടെ കാഷ് അവാർഡുമാണ് മൂവർക്കും ലഭിക്കുക. ഈ പുരസ്‌ക്കാരങ്ങൾ, എസ്സെൻസ് ഗ്ലോബലിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 22ൽവെച്ച് പ്രശസ്ത കവിയും ഗാനരചയിതാവും സാമൂഹ്യ പ്രവർത്തകനുമായ ജാവേദ് അക്തർ സമ്മാനിക്കുമെന്ന് എസ്സെൻസ് ഗ്ലോബൽ ഭാരവാഹികൾ കൊച്ചിയിൽ വാർത്താ സമ്മേളത്തിൽ അറിയിച്ചു.

എസ്സൻസിന്റെ വാർഷിക സമ്മേളനമായ ലിറ്റ്മസ് 22 ഒക്ടോബർ രണ്ടിന് എറണാകുളം കടവന്ത്രയിലെ രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുക. രാവിലെ 9 മണി മുതൽ വൈകീട്ട് 7 വരെയുള്ള സെഷനുകളിൽ, ലോകത്തിന്റെ വവിധ ഭാഗങ്ങളിലുള്ള മുപ്പതോളം പ്രഭാഷകർ പങ്കെടുക്കും. 'തെളിവുകൾ നയിക്കട്ടെ' എന്ന മുദ്രാവാക്യം ഉയർത്തി പതിനായിരത്തോളം പേർ പങ്കെടുക്കുന്ന പരിപാടി, ലോകത്തിലെ തന്നെ ഏറ്റവും വലിയ നാസ്തിക സമ്മേളനമായി മാറുമെന്ന് സംഘാടകർ അറിയിച്ചു. എഴുത്തുകാരും, ശാസ്ത്രജ്ഞരും, മതവിമർശകരും അടക്കം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പ്രമുഖ വ്യക്തികൾ വിവിധ സെഷനുകളിൽ സംബന്ധിക്കും. പച്ചമരുന്നുകൾ മുതൽ റോക്കറ്റ് സയൻസ് വരെയും, ഹിന്ദുത്വ മുതൽ പൊളിറ്റിക്കൽ ഇസ്ലാം വരെയുമുള്ള വൈവിധ്യമാർന്ന വിഷയങ്ങൾ ചർച്ചചെയ്യുന്ന അത്യപൂർവമായ ഒരു സമ്മേളനമാണ് ലിറ്റ്മസ്.

ജാവേദ് അക്തർ മുതൽ സി രവിചന്ദ്രൻവരെ

എസ്സെൻസ് ഗ്ലോബൽ നൽകുന്ന 'ദ ഫ്രീ തിങ്കർ ഓഫ് ദ ഇയർ 2022' പുരസ്‌ക്കാരം നൽകുന്നതിനാണ്, ജാവേദ് അക്തർ കൊച്ചിയിൽ എത്തുന്നത്. തുടർന്ന് അദ്ദേഹം സദസ്സിനെ അഭിസംബോധന ചെയ്യും. മോദി- അമിത് ഷാ സഖ്യത്തിന്റെ കണ്ണിലെ ഏറ്റവും വലിയ കരടാണ്, സംഘപരിവാർ രാഷ്ട്രീയത്തിന്റെ ശക്തനായ വിമർശകൻ കൂടിയായ ജാവേദ് .ജാവേദ് അക്തർ. ശബ്നാ ആസ്മി, നസീറുദ്ദീൻ ഷാ, എന്നിവരെ 'തുക്‌ഡെ-തുക്‌ഡെ ഗ്യാങ്ങിന്റെ ഏജന്റുമാർ' എന്നാണ് അമിത് ഷാ നേരത്തെ വിശേഷിപ്പിച്ചിരുന്നത്.

ഗുജറാത്ത് കലാപം മുതൽ ഏറ്റവും ഒടുവിലായി ബിൽക്കീസ് ബാനു കേസിൽ പ്രതികളെ വെറുതെ വിട്ടതിന് എതിരെ വരെ ശക്തമായ നിലപാട് ആണ് ജാവേദ് അക്തർ എടുത്തത്.ചലച്ചിത്ര കലാ ലോകത്തെ അഭിമാനമായ ഗാനരചയിതാവ്, കവി, പുരോഗമന രാഷ്ട്രീയ സാംസ്‌കാരിക ചിന്തകൻ, സാഹിത്യ അക്കാഡമി അവാർഡും പത്മഭൂഷണും അടക്കം നിരവധി അവാർഡുകൾ നേടിയ ആദരണീയൻ, റിച്ചാർഡ് ഡോക്കിൻസ് അവാർഡ് നേടിയ സ്വതന്ത്ര ചിന്തകൻ.... എന്നിങ്ങനെ നിരവധി വിശേഷണങ്ങൾക്ക് ഉടമയാണ് ജാവേദ് അക്തർ.

ഒക്ടോബർ 2ന് രാവിലെ 9 മണിക്ക് തുടങ്ങുന്ന സെമിനാറിൽ, 'ഇൻഷാ അല്ലാഹ്' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട്, ഇസ്ലാം ഉപേക്ഷിച്ച് സ്വതന്ത്രചിന്തയിലേക്ക് വന്നതിന്റെ പേരിൽ വധഭീഷണി നേരിട്ട അസ്‌ക്കർ അലിയാണ് ആദ്യം സംസാരിക്കുന്നത്.തുടർന്ന്, ഡോ ബീനാറാണി, ബൈജുരാജ്, ജോസ്‌കുരീക്കാട്ടിൽ, കൃഷ്ണപ്രസാദ്, ഉഞ്ചോയി, ഡോ ആബി ഫിലിപ്പ്, ജാഹ്നവി സനൽ, രഹ്ന എം, മനുജാ മൈത്രി, അഭിലാഷ് കൃഷ്ണൻ, ഡോ അഗസ്റ്റസ് മോറിസ്, പ്രവീൺ രവി, ടോമി സെബാസ്റ്റ്യൻ, സി എസ് സുരാജ്, സി രവിചന്ദ്രൻ തുടങ്ങിയവർ സംസാരിക്കും. വൈകീട്ട് എഴുമണിക്ക് 'ദൈവം ഹാരി പോർട്ടർ' എന്ന വിഷയത്തിലാണ് സി രവിചന്ദ്രൻ സംസാരിക്കുക.

ഇതിനിടയിൽ രണ്ട് പാനൽ ഡിസ്‌ക്കഷനുമുണ്ട്. 12 മണിക്ക് തുടങ്ങുന്ന ജീൻ ഓൺ എന്ന പരിണാമം സംബന്ധിയായ ഡിബേറ്റിൽ, ആനന്ദ് ടി ആർ, ചന്ദ്രശേഖർ രമേഷ്, ഡോ പ്രവീൺ ഗോപിനാഥ്, ഡോ രാഗേഷ്, നിഷാദ് കൈപ്പള്ളി, പ്രവീൺ രാധാകൃഷ്ണൻ എന്നിവർ പങ്കെടുക്കും. യാസിൻ ഒമർ മോഡറേറ്റർ ആയിരിക്കും.

ഉച്ചക്ക് 2 മണിക്ക് നടക്കുന്ന 'മത വിദ്യാഭ്യാസം അനിവാര്യമോ' എന്ന ടോക്ക്ഷോയിൽ, ആരിഫ് ഹുസൈൻ തെരുവത്ത്, അനൂപ് ഐസക്ക്, ഷാരോൺ സാപ്പിയൻ, സുഹൈല, രാഹുൽ ഈശ്വർ, പ്രൊഫ. അനിൽ കൊടിത്തോട്ടം എന്നിവർ പങ്കെടുക്കും.

ശാസ്ത്ര പ്രചാരണം, നാസ്തികത, സ്വതന്ത്രചിന്ത, മാനവികത തുടങ്ങിയവ, പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രഭാഷകർ, എഴുത്തുകാർ, ചിന്തകർ, അഭ്യുദയകാംക്ഷികൾ എന്നിവരെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സൈബർ കൂട്ടായ്മ ആണ് esSENSE Global (https://essenseglobal.com/about-us/) എന്ന നിലയിലേക്ക് മാറിയത്. ശാസ്ത്ര പ്രചാരണത്തിനുള്ള പൊതുജന വിദ്യാഭ്യാസ പരിപാടിയാണ് ലക്ഷ്യമിടുന്നത്.
കേരളത്തിനു പുറത്തും വിദേശത്തുമുള്ള യൂണിറ്റുകളുമായി സഹകരിച്ചാണ് എസ്സെൻസ് മൂവ്‌മെന്റ് പ്രവർത്തിക്കുന്നത്. കേരളത്തിലെ എല്ലാ ജില്ലകളിലും പ്രവർത്തകരുണ്ട്. എല്ലാ യൂണിറ്റുകളും സെമിനാറുകൾ സംഘടിപ്പിച്ച് ശാസ്ത്ര പ്രചാരണത്തിന് ശക്തമായി ഇടപെടുന്നു.

ലിറ്റ്മസ് 22നായുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരികയാണ്. പങ്കെടുക്കുന്നതിന് https://essenseglobal.com/programs/litmus എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യാം. കൊച്ചി പ്രസ്‌ക്ലബിൽ നടന്ന വാർത്ത സമ്മേളനത്തിൽ എസ്സെൻസ് ഗ്ലോബൽ പ്രസിഡന്റ് ശ്രീലേഖ ചന്ദ്രശേഖർ, എക്സിക്യൂട്ടീവ് അംഗങ്ങളായ മനൂജാ മൈത്ര, ബെന്നി വർഗീസ്, മീഡിയ കൺവീനർ എം റിജു എന്നിവർ പങ്കെടുത്തു.