- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി പറഞ്ഞിട്ടും കേൾക്കുന്നില്ല; സർക്കാരിന് എന്തൊരു നിസ്സഹകരണം! എറണാകുളത്തെ സ്ഥിരം ലോക് അദാലത്ത് ഭാഗികമായി പ്രവർത്തനം നിർത്തിയിട്ട് നാല് മാസം പിന്നിടുന്നു; കെട്ടിക്കിടക്കുന്നത് 25000 ത്തിൽ അധികം കേസുകൾ; ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയും, ഉള്ളവരെ പിൻവലിച്ചും സർക്കാരിന്റെ കളി
കൊച്ചി: മതിയായ ജീവനക്കാരില്ലാതെ എറണാകുളത്തെ സ്ഥിരം ലോക് അദാലത്തിന് ശരിയായി പ്രവർത്തിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടും കണ്ടില്ലെന്ന് നടിച്ച് സംസ്ഥാന സർക്കാർ. പൊതുജനസേവനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സ്ഥിരം ലോക് അദാലത്ത് പരിഗണിക്കുന്നത്. ഇതിൽ, പ്രളയ ദുരിതാശ്വാസ വിതരണത്തിലെ പരാതികളും, തർക്കങ്ങളും ഉൾപ്പെടുന്നു.
എന്നാ, പെർമനന്റ് ലോക അദാലത്ത് ഭാഗികമായി പ്രവർത്തനം നിർത്തിയിട്ട്് 4 മാസം പിന്നിടുകയാണ്. ഏകദേശം 25000 ത്തിൽ പരം കേസുകളാണ് ഇവിടെ കെട്ടിക്കിടക്കുന്നത്. മതിയായ ജീവനക്കാരും, അടിസ്ഥാനസൗകര്യങ്ങളും ഇല്ലാത്തത് തന്നെ കാരണം. മതിയായ ജീവനക്കാരെ നിയമിച്ച് കോടതി പ്രവർത്തനം പുനഃസ്ഥാപിക്കണം എന്ന് ആവശ്യപ്പെട്ട്, അഡ്വ രാജേഷ് വിജയേന്ദ്രൻ സമർപ്പിച്ച റിട്ട് ഹർജി കോടതിയിൽ നിലനിൽക്കുന്നുണ്ട്.
ജീവനക്കാരുടെ എണ്ണം കൂട്ടുന്നതടക്കമുള്ള വിഷയങ്ങൾ സർക്കാരിന്റെ അടിയന്തര ശ്രദ്ധയിൽ പെടുത്തി പരിഹരിക്കണമെന്ന് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയിരുന്നു. ജസ്റ്റിസ് വി.ജി.അരുണാണ് ഈ ഉത്തരവിട്ടത്. ഇപ്പോഴത്തെ അവസ്ഥയിൽ അദാലത്തിന് പ്രവർത്തിക്കാനും കേസുകൾ തീർപ്പാക്കാനും കഴിയാത്ത അവസ്ഥയാണ് എന്ന് ഹൈക്കോടതി വിലയിരുത്തി. കോടതിയുടെ ആശങ്ക സർക്കാരിനെ അറിയിക്കാൻ ഗവൺമെന്റ് പ്ലീഡറെ ചുമതലപെടുത്തിക്കൊണ്ടാണ് കഴിഞ്ഞ മാസം ഇടക്കാല ഉത്തരവ് ഇറക്കിയത്. എന്നാൽ ഇപ്പോഴും തൽസ്ഥിതി തുടരുകയാണ്. സർക്കാർ ഭാഗത്ത് നിന്ന് ജീവനക്കാരെ നിയമിക്കാൻ ഒരുനീക്കവുമില്ല.
കഴിഞ്ഞ വർഷം ഒക്ടോബർ ഒന്ന് മുതൽ, സ്ഥിരം ലോക് അദാലത്തിന്റെ പ്രവർത്തനം ഏതാണ്ട് നിലച്ചതുപോലയായിരുന്നു. 2018 ലെ പ്രളയത്തിൽ, കഷ്ടനഷ്ടങ്ങൾ സംഭവിച്ചവരുടെ നഷ്ടപരിഹാര കേസുകൾ പരിഗണിക്കുന്നതും ഇതോടെ പ്രതിസന്ധിയിലായി. ഇടുക്കി, കോട്ടയം, തൃശൂർ, എറണാകുളം എന്നീ നാലുജില്ലകളിൽ നിന്നുള്ള 50,000 ത്തിലേറെ പ്രളയ കേസുകളാണ് തീർപ്പുകാത്തുകിടക്കുന്നത്.
വന്ന ജീവനക്കാരെ തിരിച്ചുവിളിച്ചു
ഡപ്യൂട്ടേഷനിൽ വന്ന ജീവനക്കാരെ മാതൃസ്ഥാപനത്തിലേക്ക് തിരിച്ചുവിളിച്ചതാണ് പ്രശ്‌നങ്ങളിൽ ഒന്ന്. കുടുംബശ്രീ മിഷനിൽ നിന്നും താൽക്കാലികമായി എത്തിയവരെ കളക്ടർ തിരിച്ചുവിളിച്ചതും അദാലത്തിന്റെ പ്രവർത്തനങ്ങൾക്ക് തിരിച്ചടിയായി. ഇതോടെ മൂന്നുജീവനക്കാർ മാത്രം അവശേഷിച്ചു. പ്രളയക്കേസുകളിലെ വാദം കേൾക്കുന്നത് ഭാഗികമായി. ഉച്ച വരെ പേരിന് മാത്രമാണ് കേസുകൾ പരിഗണിക്കുന്നത്. പൊതുവായ മറ്റുകേസുകളും പരിഗണിക്കുന്നില്ല.
ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് പ്രളയ ദുരിതാശ്വാസ വിതരണവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കാൻ സംസ്ഥാനത്ത് മൂന്ന് സ്ഥിരം ലോക്അദാലത്തുകൾ രൂപീകരിക്കപ്പെട്ടത്. ഇതിൽ ഏറ്റവുമധികം പരാതികൾ എത്തിയത് മധ്യകേരളത്തിലെ അഞ്ചു ജില്ലകൾക്കായി എറണാകുളം ആസ്ഥാനമായി രൂപീകരിച്ച അദാലത്തിലാണ്.
സർക്കാരിന്റെ അലംഭാവമാണ് അദാലത്തിൽ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവത്തിനു കാരണമെന്ന വിമർശനമാണ് ഉയരുന്നത്. കൂടുതൽ ജീവനക്കാരെയും, പ്രവർത്തന ക്ഷമതയുള്ള കമ്പ്യൂട്ടറുകളടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി ഒരുക്കണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. ചെയർമാൻ, രണ്ടംഗങ്ങൾ എന്നിവരെ കൂടാതെ, 5 ജീവനക്കാരാണ് ലോക് അദാലത്തിലുള്ളത്. ഡപ്യൂട്ടേഷനിലാണ് നിയമനം. പ്രളയ കേസുകൾ കൂടി വന്നതോടെയാണ് കുടുബശ്രീയിൽ നിന്ന് മൂന്നുപേരെ കൂടി നിയമിച്ചത്. ഇവരിൽ ഒരാളെ ഇപ്പോൾ ഉള്ളുവെന്നും പറയുന്നു.
സ്ഥിരം ലോക് അദാലത്ത് എന്തിന് വേണ്ടി?
പൊതുജന സേവനങ്ങളുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വളരെ സുഗമമായും, യാതൊരു ചെലവില്ലാതെയും, വളരെ കാലതാമസം ഇല്ലാതെയും തന്നെ ജനങ്ങൾക്ക് പരിഹാരം നേടിയെടുക്കാവുന്ന സംവിധാനമാണ് പിഎൽഎ( പെർമന്റ് ലേക് അദാലത്ത്). കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അഥോറിറ്റിസ് ആക്ട് പ്രകാരമാണ് പിഎൽഎ രൂപീകരിച്ചിരിക്കുന്നത്. കേരളത്തിൽ, തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, എന്നിവിടങ്ങളിലാണ് പിഎൽഎ സ്ഥാപിച്ചിരിക്കുന്നത്. എറണാകുളം പിഎൽഎയുടെ അധികാരപരിധിയിൽ 5 ജില്ലകൾ ഉണ്ട്. തൃശ്ശൂർ, ആലപ്പുഴ,കോട്ടയം, ഇടുക്കി,എറണാകുളം... ഗതാഗതം, പോസ്റ്റൽ & ടെലഗ്രാം, പബ്ലിക് സാനിറ്റേഷൻ, ആശുപത്രി, ഇൻഷുറൻസ്, ജലം, വൈദ്യുതി, വിദ്യാഭ്യാസം, റിയൽ എസ്റ്റേറ്റ് എന്നീ സേവനങ്ങളെ സംബന്ധിച്ചുള്ള, 10 കോടി രൂപ വരെ ക്ലെയിം ഉള്ള തർക്കങ്ങളാണ് ഇവിടെ പരിഗണിക്കുന്നത്. പിഎൽഎയിൽ 1 ചെയർമാനെയും (വിരമിച്ച ജില്ലാ ജഡ്ജി) 2 അംഗങ്ങളെയും കൂടാതെ ഡെപ്യൂട്ടേഷനിൽ പ്രവർത്തിക്കുന്ന 5 റെഗുലർ സ്റ്റാഫ് ഉണ്ട്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ വിധിപ്രകാരം (WP 28093/2018), കേരളത്തിൽ ഓഗസ്റ്റ് 2018 നടന്ന പ്രളയത്തെ സംബന്ധിച്ചുള്ള കേസുകളിൽ കളക്ടറുടെ വിധിക്കെതിരെയുള്ള അപ്പീലുകൾ കൂടി പിഎൽഎയിൽ പരിഗണിക്കുവാൻ തുടങ്ങിയതോടെയാണ് കേസുകൾ കുമിഞ്ഞു കൂടാൻ തുടങ്ങിയത്. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ അമ്പതിനായിരത്തിൽ പരം പ്രളയ അപ്പീലുകൾ ഫയൽ ചെയ്തു. ഈ അവസ്ഥ കണക്കിലെടുത്തുകൊണ്ട് തന്നെ, ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം സംസ്ഥാന സർക്കാർ കുടുംബശ്രീയിൽ നിന്നും 3 അഡീഷണൽ സ്റ്റാഫിനെ പിഎൽഎയിൽ നിയമിക്കുകയുണ്ടായി. എന്നാൽ 2 പേർ മാത്രമേ ജോലിക്ക് ഹാജരായുള്ളൂ. പരിമിതമായ ഈ സാഹചര്യങ്ങളിൽ പോലും പിഎൽഎ പ്രവർത്തനം തുടർന്നെങ്കിലും, 1.10.2022 ന് സർക്കാർ നൽകിയിരുന്ന രണ്ട് അഡീഷണൽ സ്റ്റാഫിനെ പിൻവലിച്ചു. ഇതിനോടകം 5 റെഗുലർ സ്റ്റാഫിൽ നിന്ന് 2 പേര് ഡെപ്യൂട്ടേഷൻ കാലാവധിക്ക് ശേഷം മടങ്ങിപ്പോവുകയും ചെയ്തു. ഇതോടെ സ്റ്റാഫുകളുടെ എണ്ണം 8-ൽ നിന്ന് 3 ആയി കുറയുകയും, തുടർന്നു പിഎൽഎ പ്രവർത്തനം ഭാഗികമായി നിർത്തിവച്ചു.
ഇത്രയും കേസുകൾ പരിഗണിക്കാനുള്ള അടിസ്ഥാന സൗകര്യം ഇവിടെ ഇല്ലാത്തതു കൊണ്ട് തന്നെ, പിഎൽഎയുടെ മുൻ ചെയർമാൻ എസ് ജഗദീഷ് രാജി വെച്ച് പോയിരുന്നു. ഹൈക്കോടതി നിർദ്ദേശം പോലും പാലിക്കാതെ, സംസ്ഥാന സർക്കാരിന്റെ ഈ അവഗണന തുടർന്നാൽ, എറണാകുളം പിഎൽഎ സ്ഥിരമായി പൂട്ടിയിടേണ്ടി വരും.
മറുനാടന് മലയാളി ബ്യൂറോ