തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ബിൽ ഇന്ന് വീണ്ടും നിയമസഭയിൽ വരികയാണ്. ഗവർണറുമായുള്ള ഉടക്കു തുടരുന്ന ഘട്ടത്തിലാണ് ലോകായുക്ത ബിൽ ഇന്ന് നിയമസഭയിൽ വരുന്നത്. പുതിയ ഭേദഗതിയിൽ വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസിനു പകരം, വിരമിച്ച ഹൈക്കോടതി ജഡ്ജിക്കും ലോകായുക്തയാകാം എന്നതാണ് പ്രധാന നിർദ്ദേശം.

നിലവിലെ നിയമമനുസരിച്ച്, വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസോ വിരമിച്ച സുപ്രീം കോടതി ജഡ്ജിയോ ആകണം ലോകായുക്ത. വിരമിച്ച ഹൈക്കോടതി ജഡ്ജി ഉപലോകായുക്തയും. എന്നാൽ, ഭേദഗതിയിലെ മൂന്നാം വകുപ്പു പ്രകാരം, വിരമിച്ച ഹൈക്കോടതി ജഡ്ജിക്കും ലോകായുക്ത ആകാം. സുപ്രീം കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് സിറിയക് ജോസഫാണ് നിലവിൽ ലോകായുക്ത. ഉപലോകായുക്തയായി ഹൈക്കോടതി ജഡ്ജിമാരായിരുന്ന ബാബു മാത്യു പി.ജോസഫും ഹാറൂൺ അൽ റഷീദും.

ഇതിൽ സിറിയക് ജോസഫിനും ബാബു മാത്യു പി.ജോസഫിനും ഒന്നര വർഷം കൂടി കാലാവധിയുണ്ട്. ഹാറൂൺ അൽ റഷീദിനു മൂന്നര വർഷവും. അതിനാൽ ഒന്നര വർഷം കഴിഞ്ഞ് വിരമിച്ച ഹൈക്കോടതി ജഡ്ജിയെ ലോകായുക്തയായി നിയമിക്കാം. വിരമിച്ച സുപ്രീം കോടതി ജഡ്ജിമാരായും വിവിധ സംസ്ഥാനങ്ങളിലായി വിരമിച്ച ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരായും പത്തിലധികം പേർ ഇപ്പോൾ കേരളത്തിലുണ്ട്. ഹൈക്കോടതി ജഡ്ജിമാരായി വിരമിച്ച ഏറെപ്പേരുണ്ട്. സർക്കാരിനു താൽപര്യമുള്ളവരെ ലോകായുക്തയായി നിയമിക്കാൻ കഴിയും എന്നതാണ് ഇതുകൊണ്ടുള്ള നേട്ടം. സർവീസിലിരിക്കെ അവസാനം ലഭിച്ച ശമ്പളവും ആനുകൂല്യവുമാണ് ലോകായുക്തയിൽ ഇവർക്കു ലഭിക്കുന്നത്.

അഴിമതി കേസിൽ ലോകായുക്ത വിധിയോടെ പൊതു പ്രവർത്തകർ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് ലോകായുക്ത എടുത്തു കളയുന്നത്. ഇതോടെ ലോകായുക്തയുടെ വിധികൾ അപ്രസക്തമാകും. മുഖ്യമന്ത്രിക്ക് എതിരായ വിധിയിൽ പുനഃപരിശോധനാ അധികാരം നിയമസഭയ്ക്ക് നൽകുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്. മന്ത്രിമാർക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എംഎൽഎമാർക്ക് എതിരായ വിധി സ്പീക്കർക്കും പരിശോധിക്കാം.

ലോകായുക്ത ബില്ലിന് പുറമെ സർവ്വകലാശാല ഭേദഗതി ബില്ലും നിയമസഭ ഇന്ന് പരിഗണിക്കുന്നുണ്ട്. രണ്ട് ബില്ലുകളും സബ്ജക്ട് കമ്മിറ്റിയുടെ പരിണനയ്ക്ക് ശേഷമാണ് വീണ്ടും സഭയിൽ എത്തിക്കുന്നത്. അതേസമയം ഗവർണറുടെ നിലപാടുകൾ നിർണായകമാകും. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടാനും സാധ്യതയുണ്ട്. സർവ്വകലാശാല ഭേദഗതി ബിൽ സബ്ജക്ട് കമ്മിറ്റി പരിഗണിച്ചപ്പോൾ ഇത് നടപ്പാക്കുന്ന തിയതി ഓഗസ്റ്റ് ഒന്ന് മുതലായിരിക്കുമെന്നും ബില്ലിൽ കൂട്ടിച്ചേർത്തിട്ടുണ്ട്.