- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെട്ട മുന്നംഗ ഫുൾ ബെഞ്ച്; ഭിന്നാഭിപ്രായം ഉണ്ടായത് ജസ്റ്റിസ് സിറിയക് ജോസഫിനും ഹാറൂൺ അൽ റഷീദിനും ഇടയിൽ; ഇനി ജസ്റ്റിസ് ബാബു മാത്യു പി.ജോസഫിന്റെ തീരുമാനം അന്തിമ വിധിയാകും; സർക്കാറിന് ലഭിക്കുന്നത് കൂടുതൽ സമയം; നിയമസഭ പാസാക്കിയ ലോകായുക്ത ബില്ലിൽ ഗവർണർ ഒപ്പിട്ടാൽ അത് 'പിണറായി വിജയം'!
തിരുവനന്തപുരം: ദുരിതാശ്വാസനിധി ദുർവിനിയോഗം ചെയ്തെന്ന കേസിൽ ഇനി നിർണായകം ആകുക വിശദമായ വാദം കേൾക്കലും ഫുൾ ബെഞ്ചിലേക്ക് പുതുതായി എത്തുന്ന ജഡ്ജിയുടെ തീരുമാനവും. നിലവിൽ മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത കേസ് പരിഗണിച്ചത് രണ്ടംഗ ബെഞ്ചാണ്. ഈ ബെഞ്ചിൽ ഭിന്ന വിധിയാണ് ഉണ്ടായതും. ഈ സാഹചര്യത്തിൽ മൂന്നാമതെത്തുന്ന ജഡ്ജിയുടെ നിലപാടാകും ഇനി നിർണായകമാകുക. ലോകായുക്തയും രണ്ട് ഉപലോകായുക്തയും ഉൾപ്പെട്ടതാണ് മുന്നംഗ ഫുൾ ബെഞ്ച്. ജസ്റ്റിസ് ബാബു മാത്യു പി.ജോസഫാണ് ഈ ബെഞ്ചിലുള്ള കേസിൽ ഇനി വാദം കേൾക്കുന്നവരിലെ പുതുമുഖം. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ തീരുമാനം നിർണായകമാകുമെന്ന വിലയിരുത്തലുകളും നിലനിൽക്കുന്നു.
അതേസമയം കേസിൽ കൂടുതൽ സമയം കിട്ടി എന്നതാണ സർക്കാറിനെ സംബന്ധിച്ചുള്ള പുതിയകാര്യം. ലോകായുക്ത നിയമത്തിൽ മാറ്റം വരുത്താനായി ലോകായുക്ത ബില്ല് നിയമസഭ പാസാക്കിയിരുന്നു. ഇത് പ്രകാരം ഗവർണർ ഒപ്പിട്ടാൽ അത് പിണറായി വിജയനും സർക്കാറിനും വിജയമായി മാറുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇപ്പോൾ ലോകായുക്തയിൽ നിന്നുണ്ടായ ഭിന്നവിധി ഫലത്തിൽ പിണറായിക്ക് ആശ്വാസം പകരുന്നതാണ്.
ലോകായുക്ത ജസ്റ്റിസ് സിറിയക്ക് ജോസഫും ജസ്റ്റിസ് ഹാറൂൺ ഉൽ റഷീദും അടങ്ങിയ ബെഞ്ചാണ് ഇപ്പോൾ ഭിന്നവിധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ ഒരാൾ പരാതിയെ അനുകൂലിച്ചും രണ്ടാമൻ എതിർത്തും വിധിയെഴുതി. ഇതോടെയാണ് അന്തിമ വിധിക്കായി പരാതി ലോകായുക്തയുടെ ഫുൾ ബെഞ്ചിന് വിട്ടിരിക്കുന്നത്. നേരത്തെ പാറ്റൂർ ഭൂമി ഇടപാട് കേസിലും ഫുൾ ബഞ്ചിന് വിട്ടിരുന്നു.
മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം പിണറായി സർക്കാരിലെ 16 മന്ത്രിമാർക്കും അന്നത്തെ ചീഫ് സെക്രട്ടറിക്കുമെതിരെയായിരുന്നു പരാതി. ഇവരിൽ ഇപ്പോൾ അധികാരസ്ഥാനത്തുള്ളതു മുഖ്യമന്ത്രി പിണറായി വിജയൻ മാത്രമാണ്. 2022 ഫെബ്രുവരി 5ന് ലോകായുക്തയിൽ വാദം ആരംഭിച്ച ഹർജിയിൽ മാർച്ച് 18ന് വാദം പൂർത്തിയായിരുന്നു. ആറു മാസത്തിനുള്ളിൽ ഹർജിയിൽ വിധി പറയണമെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം ഉണ്ടെങ്കിലും വിധി പറയാൻ ലോകായുക്ത തയാറായിട്ടില്ലെന്നും, വിധി പ്രഖ്യാപിക്കാൻ ലോകായുക്തയ്ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തത്.
ലോകായുക്ത പരാമർശത്തെ തുടർന്നാണ് ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് കെ.ടി.ജലീലിന് മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്. ദുരിതാശ്വാസ നിധി ദുർവിനിയോഗം ചെയ്ത സാഹചര്യത്തിൽ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തവരിൽ നിന്നു തിരികെ പിടിക്കണമെന്നും അവരെ അയോഗ്യരായി പ്രഖ്യാപിക്കണം എന്നുമാണു കേരള സർവകലാശാലാ മുൻ സിൻഡിക്കറ്റ് അംഗം ആർ.എസ്.ശശികുമാർ നൽകിയ ഹർജിയിൽ ആവശ്യപ്പെട്ടത്. ലോകായുക്തയുടെ അധികാരം വെട്ടിക്കുറച്ച ബില്ലിൽ ഗവർണർ ഒപ്പു വയ്ക്കാത്ത സാഹചര്യത്തിൽ വിധി വന്നാൽ അത് ഉടനടി നടപ്പാക്കേണ്ടി വരും.
എൻസിപി നേതാവായിരുന്ന പരേതനായ ഉഴവൂർ വിജയന്റെ മക്കളുടെ വിദ്യാഭ്യാസത്തിന് 25 ലക്ഷം രൂപ നൽകി എന്നാതിയരുന്നു പരാതിക്കിടയാക്കിയ ഒരു ആക്ഷേപം. കൂടാതെ പരേതനായ ചെങ്ങന്നൂർ എംഎൽഎ രാമചന്ദ്രൻ നായരുടെ മകന് അസി.എൻജിനീയർ ആയി ജോലി നൽകിയതിനു പുറമേ ഭാര്യയുടെ സ്വർണപ്പണയം തിരിച്ചെടുക്കുന്നതിനും കാർ വായ്പയ്ക്കുമായി എട്ടര ലക്ഷം രൂപ നൽകിയതും വിവാദമായി.
കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തിൽപെട്ടു മരിച്ച സിവിൽ പൊലീസ് ഓഫിസറുടെ ഭാര്യയ്ക്കു സർക്കാർ ഉദ്യോഗത്തിനു പുറമെ 20 ലക്ഷം രൂപ നൽകിയതും ദുർവിനിയോഗമെന്ന നിലയിലാണ് കണക്കാക്കിയത്. വകമാറ്റൽ ദുരിതാശ്വാസ നിധിയുടെ ദുർവിനിയോഗമാണെന്നും ഈ തുക മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്ത മന്ത്രിമാരിൽനിന്ന് ഇടാക്കണമെന്നും ഹരജിയിൽ ആവശ്യപ്പെട്ടിരുന്നു.
2022 ഫെബ്രുവരി അഞ്ചിനാണ് വാദം ആരംഭിച്ചത്. പണം അനുവദിക്കുന്നതിൽ മന്ത്രിസഭക്ക് അധികാരമുണ്ടെന്നാണ് സർക്കാർ വാദിച്ചത്. വാദത്തിനിടെ ലോകായുക്ത സർക്കാറിനെ രൂക്ഷമായി വിമർശിച്ചിരുന്നു. 2022 മാർച്ച് 18നാണ് വാദം പൂർത്തിയായത്. വാദം പൂർത്തിയായിട്ടും വിധി പറയാത്തത് ചോദ്യംചെയ്ത് ഹരജിക്കാരനായ കേരള സർവകലാശാല മുൻ സിൻഡിക്കറ്റംഗം ആർ.എസ്. ശശികുമാർ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിധി മുന്നിൽകണ്ട് ലോകായുക്തയുടെ അധികാരം കുറക്കുന്ന ബിൽ സർക്കാർ നിയമസഭയിൽ പാസാക്കിയെടുത്തിരുന്നു. എന്നാൽ ഗവർണർ ഇതുവരെ ഒപ്പിടാത്തതിനാൽ നിയമമായിട്ടില്ല.
അഴിമതി തെളിഞ്ഞാൽ പൊതുസേവകർ സ്ഥാനം ഒഴിയണമെന്നു പ്രഖ്യാപനം നടത്താൻ കഴിയുന്നതാണ് ലോകായുക്തയുടെ 14ാം വകുപ്പ്. ലോകായുക്തയുടെ റിപ്പോർട്ട് ഉത്തരവാദിത്തപ്പെട്ട അധികാരിക്ക് സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാമെന്നായിരുന്നു ഭേദഗതി. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയിൽ കെ.ടി.ജലീലിനു മന്ത്രി സ്ഥാനം രാജി വയ്ക്കേണ്ടിവന്നതിനാലാണ് ഭേദഗതി കൊണ്ടുവന്നത്. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഗവർണർ ഒപ്പ് വയ്ക്കാൻ വിസമ്മതിച്ചതോടെ പഴയ നിയമമാണ് നിലനിൽക്കുന്നത്.
മറുനാടന് മലയാളി ബ്യൂറോ