- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഷ്ട്രീയക്കാർക്കെതിരായ പരാതി പോലും ഇനി ലോകായുക്തയ്ക്ക് വാങ്ങാനാകില്ല; എല്ലാ അർത്ഥത്തിലും അഴിമതിയിൽ നടപടി എടുക്കേണ്ടവർ കൂട്ടിലടച്ച തത്ത; ബില്ലിൽ ഒപ്പിടില്ലെന്ന നിലപാടിൽ ഗവർണ്ണർ; സബ്ജക്ട് കമ്മറ്റിയിലെ ചർച്ചകളും തീർന്നു; ഇനി മുഖ്യമന്ത്രിക്ക് സർവ്വാധികാരം നൽകുന്ന ബിൽ നിയമസഭയിലേക്ക് വീണ്ടും; ലോകായുക്ത ഇനി നോക്കുകുത്തിയോ?
തിരുവനന്തപുരം: ലോകായുക്തയെ ഇനി രാഷ്ട്രീയക്കാർ ഭയക്കേണ്ട! ലോകായുക്തയുടെ അധികാരം നിയന്ത്രിക്കുന്നതിനുപിന്നാലെ അതിന്റെ അന്വേഷണപരിധിയിൽനിന്ന് രാഷ്ട്രീയപ്പാർട്ടി ഭാരവാഹികളെയും നേതാക്കളെയും ഒഴിവാക്കുന്നു. നിയമസഭ പരിഗണിക്കുന്ന ലോകായുക്ത നിയമഭേദഗതി ബില്ലിൽ ഇതുസംബന്ധിച്ച ഭേദഗതി സബ്ജക്ട് കമ്മിറ്റി ഉൾപ്പെടുത്തി. ഇതോടെ എല്ലാ അർത്ഥത്തിലും കൂട്ടിലടച്ച തത്തയായി ലോകായുക്തമാറും. അതിനിടെ ബില്ലിൽ നിയമ പരിശോധനയ്ക്ക് ശേഷമേ ഒപ്പിടൂവെന്ന് ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരിച്ചു കഴിഞ്ഞു. ഇതോടെ ആറു മാസത്തേക്ക് ഈ ബിൽ നിയമമാകില്ലെന്ന് ഉറപ്പായി. ഇത് മുഖ്യമന്ത്രി പിണറായി വിജയന് വലിയ തിരിച്ചടിയാണ്. നിയമസഭ വീണ്ടും ബിൽ ഗവർണ്ണർക്ക് അയച്ചാൽ ഒപ്പിടേണ്ടിയും വരും.
മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും മറ്റു പൊതുസേവകരുടെയും കാര്യത്തിലെന്നപോലെ, പരാതി പരിശോധിച്ച് തെളിവുസഹിതം ബോധ്യപ്പെട്ടാൽ രാഷ്ട്രീയപ്പാർട്ടി ഭാരവാഹികളും സ്ഥാനത്ത് തുടരരുതെന്ന് 1998-ലെ നിയമപ്രകാരം ലോകായുക്തയ്ക്ക് നിർദ്ദേശിക്കാമായിരുന്നു. ഇതിലാണ് മാറ്റം വരുത്തുന്നത്. 1999-ലെ ലോകായുക്തനിയമത്തിന്റെ ഏഴാംവകുപ്പിലാണ് അന്വേഷണപരിധിയിലുള്ള പൊതുസേവകർ ആരൊക്കെയാണെന്ന് വ്യക്തമാക്കുന്നത്. ഇതിൽ ഒന്നാം ഉപവിഭാഗത്തിൽ അഞ്ചാമതായാണ് രാഷ്ട്രീയപ്പാർട്ടികളുടെ സംസ്ഥാനഭാരവാഹികളെയും ഉൾപ്പെടുത്തിയത്. ഇവരുടെ ഏതു പ്രവൃത്തികളെക്കുറിച്ചും അല്ലെങ്കിൽ ഇവരുടെ അംഗീകാരത്തോടെയുള്ള നടപടികളെക്കുറിച്ചും പരാതി കിട്ടിയാൽ ലോകായുക്തയ്ക്ക് അന്വേഷിച്ച് റിപ്പോർട്ട് നൽകാം.
ലോകായുക്തയുടെ അധികാരംനിയന്ത്രിക്കുന്ന ഓർഡിനൻസ് വന്നപ്പോഴും അതു ബില്ലായി നിയമസഭയിൽ വന്നപ്പോഴും ഈ വ്യവസ്ഥ ഒഴിവാക്കിയിരുന്നില്ല. എന്നാൽ, ഗവർണർ ആരിഫ് മുഹമ്മദ്ഖാനും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമായതോടെയാണ് ഈ വ്യവസ്ഥയും പുനപ്പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചത്. മുഖ്യമന്ത്രിയുടെ കാര്യത്തിലെന്നപോലെ രാഷ്ട്രീയപ്പാർട്ടി നേതാക്കളെ സംബന്ധിച്ച ലോകായുക്ത റിപ്പോർട്ടിലും നടപടിയെടുക്കേണ്ടത് (കംപീറ്റന്റ് അഥോറിറ്റി) ഗവർണറായിരുന്നു. ഈ സാഹചര്യത്തിലാണ് ഇടപെടൽ.
മുഖ്യമന്ത്രിയുടെ കാര്യത്തിൽ നടപടി തീരുമാനിക്കുന്നതിൽനിന്ന് ഗവർണറെ ഒഴിവാക്കി നിയമസഭയ്ക്ക് അധികാരം നൽകി ബില്ലിൽ മാറ്റംവരുത്തിയിട്ടുണ്ട്. പാർട്ടിനേതാക്കളുടെ കാര്യത്തിൽ ഗവർണർക്കുപകരം ഇതിന് ആരെ ചുമതലപ്പെടുത്തുമെന്ന ചർച്ച സർക്കാർതലത്തിൽ നടന്നു. എന്നാൽ തീരുമാനം എടുക്കാനായില്ല. അതുകൊണ്ടാണ് വ്യവസ്ഥ തന്നെ മാറ്റുന്നത്.
പാർട്ടിഭാരവാഹികൾക്കെതിരേ ലോകായുക്തയുടെ അന്വേഷണംതന്നെ വേണ്ടെന്ന് സർക്കാർ തീരുമാനിച്ചതും ഗവർണ്ണർ ഭയത്തിലാണ്. ലോകായുക്തയെ സംബന്ധിച്ച കേന്ദ്രത്തിന്റെ മാതൃകാനിയമത്തിലും പാർട്ടിഭാരവാഹികൾ ഉൾപ്പെടുന്നില്ല. സബ്ജക്ട് കമ്മിറ്റി റിപ്പോർട്ടിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും വിയോജിപ്പ് രേഖപ്പെടുത്തി. കമ്മിറ്റി നിർദ്ദേശിച്ച ഭേദഗതികളോടെയുള്ള ബിൽ 30-ന് സഭ വകുപ്പുതിരിച്ച് ചർച്ചചെയ്ത് പാസാക്കും. എന്നാൽ ഇതിൽ ഉടൻ ഗവർണ്ണർ ഒപ്പിടില്ലെന്നാണ് സൂചന.
എന്തുവില കൊടുത്തും ലോകായുക്ത ഭേദഗതി ബിൽ പാസ്സാക്കാനുള്ള സർക്കാരിന്റെ അമിതാവേശം അഴിമതിക്ക് കുടപിടിക്കാനാണെന്ന ആരോപണം ശക്തമാണ്. ജുഡീഷ്യറിയെ മറികടക്കാൻ എക്സിക്യൂട്ടീവിന് അധികാരം നൽകുന്ന ബിൽ ഭരണഘടനാ വിരുദ്ധമാണെന്ന് ഗവർണ്ണർ വിലയിരുത്തുന്നുണ്ട്. ലോകായുക്തയെ അധികാരമില്ലാത്ത കേവലം നോക്കുകുത്തിയാക്കി മാറ്റാനുള്ള ശ്രമത്തിന് അഴിമതിവിരുദ്ധരെന്ന് വായ്ത്താരി പാടുന്നവർ നടത്തുന്ന ശ്രമം അപഹാസ്യമാണെന്നാണ് ആക്ഷേപം. എന്നാൽ ഇതൊന്നും കേട്ടില്ലെന്ന് നടിക്കുകയാണ് സിപിഎം.
മറുനാടന് മലയാളി ബ്യൂറോ